ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ ട്രോളിനു തുകയൊന്നും വകയിരുത്തിയിട്ടില്ലെങ്കിലും ട്രോളുകളിൽ നിറയെ ബജറ്റാണ്. മന്ത്രി ബജറ്റ് അവതരണം പൂർത്തിയാക്കിയതിനു പിന്നാലെ ട്വിറ്ററിൽ ട്രോളുകൾ വന്നു തുടങ്ങി. ആദായനികുതി ഇളവുകൾ, കസ്റ്റംസ്, നികുതിയിലെ ആനുകൂല്യങ്ങൾ തുടങ്ങിയവയൊക്കെ ട്രോളുകൾക്കു വിഷയമായി.
Budget2023, #middleclass, #notax, #80C, #cigarette തുടങ്ങിയ മറ്റ് ഹാഷ്‌ടാഗുകളും ട്രെൻഡിങ്ങാണ്. ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തിലെ ഏറ്റവും ശ്രദ്ധേയമായ കാര്യമായിരുന്നു പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിൽ ആദായനികുതി സ്ലാബുകൾ അഞ്ചാക്കി മാറ്റിയതും ആദായനികുതി റിബേറ്റ് പരിധി അഞ്ച് ലക്ഷത്തിൽനിന്ന് ഏഴു ലക്ഷമായി ഉയർത്തിയതും.
ബജറ്റ് വിലയിരുത്താൻ എത്തുന്ന സാമ്പത്തിക വിദഗ്ധർ, സിഗരറ്റിന്റെ വില ഉയർന്നോ എന്നറിയാൻ കാത്തിരിക്കുന്ന പുകവലിക്കാർ, കൈയിൽ പത്തുപൈസ ഇല്ലെങ്കിലും ബജറ്റ് വിലയിരുന്നവർ എന്നിങ്ങനെ പലരും ട്രോളുകളിൽ എത്തുന്നു. 7.1 ലക്ഷം വരുമാനമുള്ള ആളുകളുടെ സങ്കടവും ട്രോളുകളിൽ കാണാം.
സിഗരറ്റിന്റെ നികുതി 16 ശതമാനം കൂടി വർധിപ്പിച്ചതിനെക്കുറിച്ച് നിരവധി പേരാണ് ട്വിറ്ററിൽ പ്രതികരിച്ചത്. പലരും ഈ നീക്കത്തെ അഭിനന്ദിച്ചപ്പോൾ, മറ്റു ചിലർ മീമുകളിലൂടെ തങ്ങളുടെ നിരാശ പ്രകടിപ്പിച്ചു.
പാൻമസാല, സിഗരറ്റ്, ചവയ്ക്കാവുന്ന പുകയില ഉൽപന്നങ്ങൾ എന്നിവയ്ക്ക് ദേശീയ ദുരന്ത കണ്ടിജന്റ് ഡ്യൂട്ടി (എൻസിസിഡി) പ്രകാരമാണ് സർക്കാർ നികുതി ചുമത്തുന്നത്. പരിമിതമായ അറിവുണ്ടായിട്ടും വിദഗ്‌ധരായി പെരുമാറുന്നവരെ കളിയാക്കുകയും സാമ്പത്തികം, സാമ്പത്തിക ശാസ്ത്രം എന്നിവയെക്കുറിച്ചുള്ള സ്വന്തം അജ്ഞതയെക്കുറിച്ചും ആളുകൾ ട്വിറ്റ് ചെയ്തു.
“അമൃത് കാലിന്റെ ആദ്യ ബജറ്റ് ” എന്ന് പറഞ്ഞാണ് നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിച്ചത്. വികസനം, യുവശക്തി, കര്‍ഷക ക്ഷേമം, പിന്നാക്ക ക്ഷേമം, ഊര്‍ജ്ജ സംരക്ഷണം, ഊര്‍ജ്ജ മേഖലയിലെ തൊഴില്‍ അവസരങ്ങള്‍ തുടങ്ങി കേന്ദ്ര ബജറ്റിന് ഏഴ് മുന്‍ഗണനാ വിഷയങ്ങളുണ്ടെന്ന് ധനമന്ത്രി മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.