പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങിന് അതിഥികളെ സ്വീകരിക്കാൻ ഭാര്യ വേണമെന്ന് ഭർത്താവ് നിർബന്ധം പിടിച്ചു. ഒടുവിൽ മൂന്ന് വർഷം മുൻപ് മരിച്ചു പോയ ഭാര്യ തിരിച്ചെത്തി. പിങ്കും സ്വർണ്ണനിറവും ഇടകലർന്ന സാരിയും സ്വർണ്ണാഭരണങ്ങളും ധരിച്ച് സ്വീകരണ മുറിയിലെ സോഫയിലിരുന്ന് കർണാടക കൊപ്പൽ സ്വദേശിയായ വ്യവസായി ശ്രീനിവാസ മൂർത്തിയുടെ ഭാര്യ മാധവി അതിഥികളെ സ്വീകരിച്ചു.

മൂന്നു വർഷം മുമ്പ് ഒരു വാഹനാപകടത്തിലാണ് കർണാടക കൊപ്പൽ സ്വദേശിയായ വ്യവസായി ശ്രീനിവാസ മൂർത്തിക്ക് തന്റെ ഭാര്യയെ നഷ്ടമായത്. അവർ ഏറെ മോഹിച്ച ഗൃഹപ്രവേശന ചടങ്ങില്‍ ഇരുത്താൻ ഭർത്താവ് കണ്ടെത്തിയ വഴിയായിരുന്ന ഭാര്യയുടെ രൂപത്തിലുള്ള സിലിക്കോൺ പ്രതിമ.

Read More: ആ സല്യൂട്ട് ഔദ്യോഗികമല്ല; പൊലീസുകാരനെതിരെ നടപടിക്കു സാധ്യത

തിരുപ്പതിയിലേക്കുള്ള യാത്രയ്ക്കിടെ ഉണ്ടായ അപകടത്തിൽ ഇദ്ദേഹത്തിന്റെ രണ്ട് മക്കൾക്കും പരുക്കേറ്റിരുന്നു. എന്നാൽ മാധവിയുടെ മരണം കുടുംബത്തെ ആകെ തകർത്തു കളഞ്ഞു. തുടർന്നാണ് ഭാര്യയുടെ ഏറ്റവും വലിയ ആഗ്രഹമായ പുതിയ വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ശ്രീനിവാസ മൂർത്തി ഇറങ്ങിത്തിരിച്ചത്.

കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇരുപത്തിയഞ്ചോളം ആർക്കിടെക്ടുമാരെ കണ്ടു. ഭാര്യയുടെ ഓർമ്മയ്ക്കായി നിർമ്മിക്കുന്ന ഈ ബംഗ്ലാവിൽ അവര്‍ക്കായി എന്തെങ്കിലും പ്രത്യേകമായി ചെയ്യണമെന്ന ആഗ്രഹം എങ്ങനെ നിറവേറ്റണം എന്നറിയാതെ കുഴങ്ങിയിരിക്കുമ്പോളാണ് ഒരു സുഹൃത്തിന്‍റെ നിർദേശപ്രകാരം മഹേഷ് രങ്കണ്ണദവരു എന്ന ആർക്കിടെക്റ്റിന്‍റെ അരികിലെത്തിയത്. മാധവിയുടെ അതേ രൂപത്തിലും വലിപ്പത്തിലും ഉള്ള പ്രതിമ വീട്ടിൽ സ്ഥാപിക്കാമെന്ന നിർദേശം മുന്നോട്ട് വച്ചത് മഹേഷാണ്.

Read More: ഈ കാരുണ്യത്തിനും മനുഷ്യത്വത്തിനും മുന്നിൽ ഞങ്ങൾ എഴുന്നേറ്റ് നിൽക്കുന്നു: നന്ദി പറഞ്ഞ് എയർ ഇന്ത്യ എക്സ്പ്രസ്സ്

ജൂലൈയിൽ വീടിന്റെ നിർമാണം പൂർത്തിയായി. ഓഗസ്റ്റ് 8 ന്, ശ്രീനിവാസ് സുഹൃത്തുക്കളെയും ബന്ധുക്കളെയും ഗൃഹപ്രവേശനത്തിന് ക്ഷണിച്ചു. എന്നാൽ വീട്ടിലെത്തിയ അതിഥികൾ ഒരുനിമിഷം ആശ്ചര്യപ്പെട്ടു. മാധവി ജീവനോടെ തിരിച്ചുവന്നതാണോ എന്ന് പലരും സംശയിച്ചു.

“എല്ലാവരും അത്ഭുതപ്പെട്ടു. അവരെല്ലാം എന്റെ ഭാര്യയാകാമെന്ന് കുറച്ച് നിമിഷങ്ങൾ വിശ്വസിച്ചു. ഒരു ബംഗ്ലാവ് പണിയുക എന്നത് എന്റെ ഭാര്യയുടെ സ്വപ്നമായിരുന്നു. ഇപ്പോൾ അതിൽ താമസിക്കാൻ അവൾ ഇല്ല. അവൾ ഇപ്പോഴും ഇവിടെ ഉണ്ടെന്ന വിശ്വാസം ഊട്ടിയുറപ്പിക്കുന്നതിനുള്ള ഒരു മാർഗമാണ് പ്രതിമ,” ഭർത്താവ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook