‘പ്രതീക്ഷയുടെ വെളിച്ചം’ എന്ന പേരിൽ വിശേഷിപ്പിക്കപ്പെടുകയാണ് ഒരു നവജാത ശിശുവിന്റെ ചിത്രം. യുക്രൈനിയൻ തലസ്ഥാനമായ കീവിൽ ബോംബുകളും മിസൈലുകളും പതിച്ചുകൊണ്ടിരിക്കെ, ഒരു ഭൂഗർഭ അഭയകേന്ദ്രത്തിൽ പ്രസവിച്ച യുവതിയുടെ നവജാത ശിശുവിന്റെ ചിത്രമാണ് ‘പ്രതീക്ഷയുടെ വെളിച്ചം’ എന്ന് വിശേഷിപ്പിക്കപ്പെടുന്നത്.
റഷ്യ യുക്രൈനെ ആക്രമിക്കുന്നത് തുടരവെ പൗരന്മാർ മെട്രോ സ്റ്റേഷനുകൾ താൽക്കാലിക ബോംബ് ഷെൽട്ടറുകളായി ഉപയോഗിക്കുന്നു. അവരിൽ ഒരാൾക്ക്, 23 വയസ്സുള്ള ഒരു യുവതിക്ക്, പെട്ടെന്ന് പ്രസവവേദന അനുഭവിക്കാൻ തുടങ്ങി. അസാധാരണമായ സാഹചര്യങ്ങൾക്കിടയിൽ ഒരു കുഞ്ഞിനെ പ്രസവിച്ചു.
സെന്റർ ഫോർ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റിയാണ് ഈ വാർത്ത ടെലിഗ്രാമും ഫെയ്സ്ബുക്കും വഴി പ്രഖ്യാപിച്ചത്. “രണ്ട് മണിക്കൂർ മുമ്പ് കീവ് സബ്വേയിൽ ഒരു കുഞ്ഞ് ജനിച്ചു. പ്രതീക്ഷ നൽകുന്ന തരത്തിലുള്ള വാർത്തയാണിത്!” അവർ കുറിച്ചു.
നവജാതശിശുവിനെ അമ്മ പുതപ്പിൽ പൊതിഞ്ഞ് പിടിച്ച നിലയിലുള്ള ഈ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. മെട്രോ സ്റ്റേഷനിലെ കസേരകളിൽ ഇരിക്കുന്നവരെയും ചിത്രങ്ങളിൽ കാണാം.
വെള്ളിയാഴ്ച രാത്രി 8.30 ഓടെയാണ് കുട്ടി ജനിച്ചതെന്ന് ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്തു. “പുറത്ത് വെടിയൊച്ചകൾ മുഴങ്ങുമ്പോൾ രക്ഷപ്പെട്ട് നഗരത്തിലെ ഒരു അഭയകേന്ദ്രത്തിൽ യുവതി എത്തിച്ചേരുകയായിരുന്നു,” എന്നും റിപ്പോർട്ടിൽ പറയുന്നു. അമ്മയുടെ നിലവിളി കേട്ട് യുക്രൈനിയൻ പോലീസ് ഓടിയെത്തി സഹായിക്കാൻ എത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. “പെൺകുട്ടിയെ പ്രസവിക്കാൻ അവർ സഹായിച്ചതായും ആംബുലൻസിനെ വിളിച്ച് ഇരുവരെയും ആശുപത്രിയിലെത്തിച്ചതായും ഒരു ഓഫീസർ മൈക്കോള ശ്ലാപക് പറഞ്ഞു,”ഡെയ്ലി മെയ്ൽ റിപ്പോർട്ട് ചെയ്തു.
നവജാത ശിശുവിന്റെ ചിത്രം പിന്നീട് ട്വിറ്ററിൽ ആക്ഷൻ കോൺഫറൻസ് ചെയർവുമൺ ഇൻ ഡെമോക്രസിയുടെ ഹന്ന ഹോപ്കോ പങ്കുവച്ചു. കുഞ്ഞിന് “മിയ” എന്ന് പേരിട്ടതായി അവർ വെളിപ്പെടുത്തി. “പുടിൻ യുക്രൈനിയക്കാരെ കൊല്ലുമ്പോൾ, റഷ്യയിലെയും ബെലാറസിലെയും അമ്മമാരോട് ഉക്രെയ്നിലെ റഷ്യൻ യുദ്ധത്തിനെതിരെ പ്രതിഷേധിക്കാൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു,” എന്നും അവർ കുറിച്ചു.