യുക്രൈനിലെ റഷ്യൻ അധിനിവേശം ചെറുക്കുന്നതിനായി യുക്രൈൻ സൈനികരും സാധാരണ പൗരൻമാരും മനക്കരുത്തോടെയും ധീരതയോടെയും പോരാടുകയാണ്. അതിനിടയിലാണ് റോഡിൽ സ്ഥാപിച്ച കുഴിബോംബ് കൈകൊണ്ട് എടുത്ത് മാറ്റുന്ന യുക്രൈൻ പൗരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
യുക്രൈനിലെ തുറമുഖ നഗരമായ ബെർഡിയാൻസ്കിയിലാണ് സംഭവം. ജീൻസും കറുത്ത ജാക്കറ്റും ധരിച്ച് സിഗരറ്റും വലിച്ചു കൊണ്ടൊരാൾ കുഴിബോംബുമായി റോഡ് മുറിച്ചുകടക്കുന്നതും അടുത്തുള്ള കാട്ടിൽ കൊണ്ടുപോയി വെക്കുന്നതുമാണ് 38 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ കാണുന്നത്.
ഗതാഗതത്തിരക്കുള്ളിടത്ത് നിന്ന് ആളൊഴിഞ്ഞ സ്ഥലത്തേക്ക് സ്ഫോടകവസ്തു മാറ്റി സ്ഥാപിക്കുകയും വലിയ ദുരന്തം ഒഴിവാക്കുകയും ചെയ്യുകയാണ് അയാളെന്നാണ് വീഡിയോയിൽ നിന്ന് മനസിലാകുന്നത്. കുഴിബോംബ് മാറ്റുന്നതിനിടയിൽ അയാൾ പറയുന്നത് കേട്ട് വീഡിയോ എടുക്കുന്നയാൾ ചിരിക്കുന്നതും കേൾക്കാം.
“ബെർഡിയാൻസ്കിലെ റോഡരികിൽ നിന്ന് ഒരു കുഴിബോംബ് കണ്ടെത്തി, അത് നിർവീര്യമാക്കാനുള്ള നിർവീര്യമാക്കാനുള്ള ബോംബ് സ്‌ക്വാഡിനായി കാത്തുനിന്നില്ല – തന്റെ ജീവനും കൈകാലുകൾക്കും വലിയ അപകടമായിരുന്നിട്ടും, അയാൾ അത് അവിടെ നിന്ന് നീക്കി യുക്രൈൻ സൈന്യത്തിന് വഴിയൊരുക്കി,” വോയിസ് ഓഫ് യുക്രൈൻ ട്വിറ്ററിൽ പങ്കുവച്ച വീഡിയോയിൽ കുറിച്ചു.
വീഡീയോ ഇതുവരെ 2.6 ദശലക്ഷത്തിലധികം ആളുകളാണ് കണ്ടത്. നിരവധി പേരാണ് യുക്രൈൻ പൗരന്റെ പ്രവർത്തിയെയും ധൈര്യത്തേയും അഭിനന്ദിച്ച് വീഡിയോക്ക് കമന്റ് ചെയ്യുന്നത്.
അതേസമയം, ഖാർകിവിനും കീവിനും ഇടയിലുള്ള ഒഖ്തിർക്കയിലെ സൈനിക താവളത്തിലുണ്ടായ റഷ്യൻ മിസൈൽ ആക്രമണത്തിൽ 70-ലധികം യുക്രൈൻ സൈനികർ കൊല്ലപ്പെട്ടതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. യുക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകിവിൽ തിങ്കളാഴ്ച മോസ്കോ ഷെല്ലാക്രമണം നടത്തുകയും തലസ്ഥാനമായ കീവിൽ കർഫ്യു പ്രഖ്യാപിക്കുകയും ചെയ്ത ശേഷമായിരുന്നു ഇത്.
Also Read: യുക്രൈൻ: ഓടുന്ന കാറിനെ ഞെരിച്ച് മിലിട്ടറി ടാങ്ക്; യാത്രക്കാരനെ അത്ഭുതകരമായി രക്ഷപ്പെടുത്തി-വീഡിയോ