യുദ്ധങ്ങള്‍ വിതയ്ക്കുന്നത് പലായനങ്ങളും മരണങ്ങളും ഒറ്റപ്പെടലുമാണ്. യുക്രൈനിലെ സാഹചര്യത്തില്‍ അയല്‍രാജ്യങ്ങളിലേക്ക് അഭയം തേടിയവര്‍ 15 ലക്ഷത്തിലധികമായിരിക്കുന്നു. എന്നാല്‍ അഭയാര്‍ത്ഥി ക്യാമ്പിലെ ചില നിമിഷങ്ങള്‍ യുദ്ധഭൂമിയിലെ ഭീകരതയ്ക്ക് നടുവിലും സന്തോഷം നല്കുന്നവയാണ്. റൊമാനിയയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ യുക്രൈനില്‍ നിന്നുള്ള ഏഴ് വയസുകാരിയുടെ ജന്മദിനാഘോഷത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
‘ഗുഡ്ന്യൂസ് മൂവ്മെന്റ്’ എന്ന ഇന്‍സ്റ്റഗ്രാം പ്രൊഫൈലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ കുട്ടിയുടെ ചുറ്റും കൂടി സമ്മാനം നല്‍കുന്നതും പാട്ടു പാടുന്നതുമെല്ലാം വീഡിയോയില്‍ കാണാം. എല്ലാവരും ആശംസകള്‍ പറയുമ്പോള്‍ ചെറു പുഞ്ചിരിയും കുട്ടിയുടെ മുഖത്ത് വിരിയുന്നുണ്ട്. വീഡിയോ പങ്കുവച്ചതിന് ഒരു ദിവസത്തിനുള്ളില്‍ തന്നെ പത്ത് ലക്ഷത്തിലധികം ലൈക്കുകളാണ് ഇന്‍സ്റ്റഗ്രാമില്‍ ലഭിച്ചത്.
അരിന എന്നാണ് കുട്ടിയുടെ പേരെന്നാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ നിന്ന് മനസിലാകുന്നത്. പോസ്റ്റിന് താഴെ കമന്റ് സെക്ഷനില്‍ അരിനക്ക് ആശംസാപ്രവാഹമാണ്. സ്കൈന്യൂസിന്റെ റിപ്പോര്‍ട്ടനുസരിച്ച് അരിനയുടെ കുടുംബം സിരത് അതിര്‍ത്തിയിലാണ്. റൊമാനിയ-യുക്രൈന് അതിര്‍ത്തി പ്രദേശമാണിത്. യുദ്ധം നടക്കുന്ന ചേര്‍ണീവില്‍ നിന്ന് 20 മൈല്‍ ദൂരം മാത്രമാണ് സിരത്തിലേക്കുള്ളത്.
Also Read: മൂന്കാലില് മര്‍ദ്ദിച്ചു; പാപ്പാന്മാരെ ചവിട്ടിത്തെറിപ്പിച്ച് ആന; വീഡിയോ