യുകെയിൽ വളരെ വിചിത്രമായൊരു വിവാഹം നടന്നിരിക്കുന്നു. വളർത്തുനായയെ ലൈവ് ടിവി ഷോയിലൂടെ വിവാഹം ചെയ്തിരിക്കുകയാണ് ഒരു യുവതി. ഇന്നു രാവിലെയായിരുന്നു വിവാഹം. പ്രശസ്ത ടെലിവിഷൻ ഷോയായ ‘ദിസ് മോണിങ്’ നടക്കുമ്പോഴാണ് ലൈവായി യുവതിയും നായയും തമ്മിലുളള വിവാഹം നടന്നത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

എലിസബത്ത് ഹോഡ് എന്ന യുവതിയാണ് ലോഗൻ എന്ന പേരുളള ഗോൾഡൻ റിട്രീവറെ വിവാഹം കഴിച്ചത്. ലോഗനിലാണ് താൻ യഥാർഥ സ്നേഹം കണ്ടെത്തിയതെന്ന് എലിസബത്ത് പറഞ്ഞു. നാലു പ്രണയവും 221 ഡേറ്റിങ്ങും തകർന്നതിനാലാണ് തന്റെ നായയെ വിവാഹം ചെയ്യാൻ തീരുമാനിച്ചതെന്ന് എലിസബത്ത് അവതാരകരോട് പറഞ്ഞു.

”മറ്റൊരു പുരുഷനെക്കാളും ലോഗൻ എനിക്ക് സന്തോഷം നൽകുന്നുണ്ട്. അവനെ കിട്ടുന്നതിനു മുൻപ് ഞാൻ വളരെ ദുഃഖിതയായിരുന്നു. പരസ്പരം കണ്ടുമുട്ടണമെന്ന വിധിയുണ്ടായിരുന്നപോലെയാണ് ഞങ്ങൾ പരസ്പരം കണ്ടുമുട്ടിയത്. അവൻ എന്നെ രക്ഷിച്ചു, ഞാൻ അവനെയും,” എലിബസത്ത് ഷോയിൽ അഭിപ്രായപ്പെട്ടു.

എലിസബത്തും ലോഗനും തമ്മിലുളള വിവാഹത്തിന് ടിവി ചാനലിലെ അംഗങ്ങളും സാക്ഷിയായി. വിവാഹ വസ്ത്രമണിഞ്ഞെത്തിയ എലിസബത്ത് ലോഗനെ ബ്രേസിലെറ്റ് അണിയിച്ചു. അതിനുശേഷം ഇരുവരും ചുംബിക്കുകയും ചെയ്തു.

അതേസമയം, മൃഗസ്നേഹികളായ ചിലർ വിവാഹത്തെ അനുകൂലിച്ചപ്പോൾ മറ്റു ചിലർ വിമർശിച്ചു. എലിസബത്തിനെ ഏതെങ്കിലും ഡോക്ടറെ കാണിക്കണെന്നാണ് ഒരാൾ ട്വീറ്റ് ചെയ്തത്. അതേസമയം, തങ്ങളുടെ ഷോയുടെ പ്രൊമോഷനു വേണ്ടിയാണ് ചാനൽ ഇത്തരമൊരു നാണംകെട്ട നാടകം കളിച്ചതെന്നാണ് ചിലർ വിമർശിച്ചത്.

അതേസമയം, നായയെ യുവതി വിവാഹം കഴിക്കുന്നത് അപൂർവമല്ല. കഴിഞ്ഞ വർഷം യുഎസിൽ ഒരു യുവതി തന്റെ നായയെ വിവാഹം ചെയ്തിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook