കോഴിക്കോട്: മാവോയിസ്റ്റ് ബന്ധമാരോപിക്കപ്പെട്ടതിനെത്തുടർന്ന് ജയിലിൽ കഴിയുന്ന അലനേയും താഹയേയും സിപിഎം തള്ളിപ്പറഞ്ഞിട്ടും പാർട്ടിക്കൂറ് ഉപേക്ഷിക്കാതെ ഇരുവരുടേയും രക്ഷിതാക്കൾ. പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക, ഭരണഘടന സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഇടതുമുന്നണി സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖലയിൽ ഇരുകൂട്ടരും കണ്ണികളായി. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.
Read More: കല്യാണപ്പന്തലിൽ നിന്ന് മനുഷ്യ മഹാശൃംഖലയിലേക്ക്
നേരത്തേ കോഴിക്കോട് കടപ്പുറത്ത് നടന്ന ഭരണഘടനാ സംരക്ഷണ മഹാറാലിയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗം കേൾക്കാൻ അലന്റെ പിതാവ് ഷുഹൈബ് എത്തിയതും വാർത്തയായിരുന്നു. അതിനു പിന്നാലെയാണ് അലന്റേയും താഹയുടേയും രക്ഷിതാക്കൾ മനുഷ്യ മഹാശൃംഖലയിൽ അണിചേർന്നത്.
620 കിലോമീറ്ററോളം നീളത്തിൽ നടന്ന മനുഷ്യ മഹാശൃംഖല ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു. 3.30-ന് കാസർഗോഡ് നിന്ന് റോഡിന്റെ വലതുവശം ചേർന്ന് വരിയായിനിന്ന് മൂന്നരയ്ക്ക് റിഹേഴ്‌സൽ നടന്നു. നാലിന് പ്രതിജ്ഞയ്ക്കുമുമ്പ് ഭരണഘടനയുടെ ആമുഖം വായിച്ചു. തുടർന്ന് പ്രതിജ്ഞയും ശേഷം പൊതുയോഗവും നടന്നു. പല സ്ഥലങ്ങളിലും ഒരുവരി എന്നത് പലനിരകളായി മാറി. മതമേലധ്യക്ഷന്മാരും വിവിധ രാഷ്ട്രീയ നേതാക്കളും ശൃംഖലയിൽ കണ്ണികളായി.
Read More: ആ നിൽക്കുന്നത് അലന്റെ പിതാവാണ്, പിണറായിയെ കേൾക്കുകയാണ്
ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കുന്ന പൗരത്വ ഭേദഗതി നിയമം റദ്ദാക്കുംവരെ വിശ്രമമില്ലെന്നും ശക്തമായ പോരാട്ടം തുടരുമെന്നും മനുഷ്യ മഹാ ശൃംഖലയിൽ പങ്കെടുത്ത ശേഷം പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പഞ്ഞു. കുടുംബസമേതമാണ് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം പാളയത്ത് മനുഷ്യ മഹാ ശൃംഖലയുടെ ഭാഗമായത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പാളയത്താണ് ശൃംഖലയുടെ ഭാഗമായത്.
പൗരത്വ ഭേദഗതി മതാടിസ്ഥാനത്തിൽ മനുഷ്യരെ വിഭജിക്കുന്നതാണെന്നും നിയമം റദ്ദാക്കുന്നതു വരെ വിശ്രമമില്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി. പൗരത്വ നിയമ ഭേദഗതിയോ പൗരത്വ രജിസ്റ്ററോ സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് കേരളം പ്രഖ്യാപിച്ചിട്ടുണ്ടെന്നു ഇതൊന്നും നടപ്പാക്കുന്ന നാടല്ല കേരളമെന്നും പിണറായി വിജയൻ വ്യക്തമാക്കി. എന്നാൽ അതുകൊണ്ടു മാത്രമായില്ലെന്നും നിയമം റദ്ദാക്കും വരെ വിശ്രമിക്കാൻ സമയമില്ലെന്നും മുഖ്യമന്ത്രി.
ചിത്രങ്ങൾക്ക് കടപ്പാട്: ഫെയ്സ്ബുക്ക്