ഫ്ലോറിഡ: അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്യുമ്പോള്‍ കൈകളുയര്‍ത്തി പൊലീസുകാരുടെ അടുത്തേക്ക് നടന്നു പോകുന്ന രണ്ട് വയസുകാരിയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി മാറി. അമേരിക്കയിലെ ടെല്ലസിയിലാണ് സംഭവം നടന്നത്. വ്യാഴാഴ്ച്ച ഒരു മോഷണക്കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാണ് പൊലീസ് നടപടി സ്വീകരിച്ചത്.

ഇയാളാണ് പ്രതിയെന്ന നിഗമനത്തിലാണ് പൊലീസ് വാഹനം തടഞ്ഞത്. തുടര്‍ന്ന് അദ്ദേഹത്തെ കാറില്‍ നിന്നും പുറത്തിറക്കി. അതേസമയം 2 വയസുളള പെണ്‍കുട്ടിയും ഒരു വയസുളള ആണ്‍കുട്ടിയും കാറിലുണ്ടായിരുന്നു. തന്റെ കുട്ടികള്‍ കാറിലുണ്ടെന്ന് പ്രതി പൊലീസിനോട് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാന്‍ കഴിയും. റോഡിന്റെ എതിര്‍വശത്തുണ്ടായിരുന്ന വാഹനത്തിലെ യാത്രക്കാരാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്.

അച്ഛനെ പൊലീസ് വിലങ്ങ് വെക്കുമ്പോഴാണ് രണ്ടു വയസുകാരി കാറില്‍ നിന്ന് പുറത്തിറങ്ങുന്നത്. ഇറങ്ങിയ ഉടനെ കുട്ടി കൈകള്‍ ഉയര്‍ത്തി പൊലീസുകാരുടെ നേരെ നടന്നു. വീഡിയോ പകര്‍ത്തിയവര്‍ കുട്ടിയുടെ പ്രവൃത്തി കണ്ട് പരസ്പരം ഞെട്ടല്‍ രേഖപ്പെടുത്തുന്നതും വീഡിയോയില്‍ കേള്‍ക്കാം. ഒരു മോഷണക്കേസുമായി ബന്ധപ്പെട്ടാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് ടെല്ലസി പൊലീസ് ഫെയ്സ്ബുക്കിലൂടെ അറിയിച്ചിട്ടുണ്ട്. കാറില്‍ നിന്നും തോക്ക് കണ്ടെടുത്തതായും പൊലീസ് വ്യക്തമാക്കി. ഇദ്ദേഹത്തെ കൂടാതെ മറ്റൊരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

വീഡിയോ വൈറലായതോടെ പലരും സങ്കടം അറിയിച്ച് പോസ്റ്റുകള്‍ ഇട്ടു. ആ കുട്ടിക്കും പിതാവിനും എന്ത് സംഭവിച്ചു എന്നായിരുന്നു പലര്‍ക്കും അറിയേണ്ടിയിരുന്നത്. പലരും പൊലീസിനെതിരെ രംഗത്തെത്തി. കുട്ടികളെ സാക്ഷിയാക്കി പ്രതിയെ പരസ്യമായി കൈവിലങ്ങ് വെച്ചത് മനുഷ്യത്വവിരുദ്ധമാണെന്ന വാദം ഉയര്‍ന്നു. 2012ല്‍ ഏറെ പ്രചരിക്കപ്പെട്ട സിറിയന്‍ കുട്ടിയുടെ ചിത്രത്തോട് സമാനമാണ് ഈ വീഡിയോ എന്ന് പലരും അഭിപ്രായപ്പെട്ടു. ക്യാമറ കണ്ട് തോക്കാണെന്ന് കരുതി കൈ ഉയര്‍ത്തുന്ന ആണ്‍കുട്ടിയുടെ ചിത്രം തുര്‍ക്കിഷ് ഫോട്ടോഗ്രാഫറായ ഒസ്മാന്‍ സാഗിരി ആയിരുന്നു അന്ന് പകര്‍ത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook