അമേരിക്കയിലെ ഓസ്റ്റിന്‍ എയര്‍പോര്‍ട്ടില്‍ വന്‍ വിമാനദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. ഫെഡ്എക്സ് കാര്‍ഗൊ വിമാനവും സൗത്ത് വെസ്റ്റ് യാത്രാ വിമാനവും തമ്മിലാണ് കൂട്ടിയിടിയിലേക്ക് എത്താനൊരുങ്ങിയത്. ഫെബ്രുവരി നാലാം തീയതിയായിരുന്നു സംഭവം.
മെംഫിസില്‍ നിന്നെത്തിയ കാര്‍ഗൊ വിമാനത്തിന് റണ്‍വെ 18 എല്ലില്‍ ലാന്‍ഡ് ചെയ്യാനുള്ള അനുമതി എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ നല്‍കുകയായിരുന്നു. ഇതേസമയത്ത് തന്നെ യാത്രാ വിമാനത്തിന് പോകാനുള്ള നിര്‍ദേശവും നല്‍കി. ഇരുവിമാനങ്ങളും തമ്മില്‍ കേവലം അഞ്ച് കിലോമീറ്റര്‍ അകലം മാത്രമുള്ളപ്പോഴായിരുന്നു നിര്‍ദേശങ്ങള്‍ എത്തിയത്.
ഇതോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞു. രണ്ട് വിമാനങ്ങളും വൈകാതെ തന്നെ ലാന്‍ഡ് ചെയ്യാനും പറക്കാനുമുള്ള തയാറെടുപ്പിലേക്ക് എത്തി. ഏകദേശം 100 അടി മാത്രമായി ചുരുങ്ങി ഇരുവിമാനങ്ങളും തമ്മിലുള്ള അകലം.
ഫെഡ്എക്സ് കാര്‍ഗൊ വിമാനത്തിലെ പൈലറ്റിന്റെ സമയോചിതമായ ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. ഫെഡ്എക്സ് വിമാനം ലാന്‍ഡ് ചെയ്യുന്നത് ഒഴിവാക്കുകയായിരുന്നു. സൗത്ത്വെസ്റ്റ് എയര്‍ലൈന്‍ യാത്ര ആരംഭിക്കുകയും ചെയ്തു.
ഫെഡ്എക്സ് ക്രൂവിനെ ദേശീയ ഗതാഗത സുരക്ഷാ ബോര്‍ഡ് അഭിനന്ദിക്കുകയും ചെയ്തു. 128 പേരുടെ ജീവനാണ് അവര്‍ രക്ഷിച്ചതെന്ന് ബോര്‍ഡിന്റെ ചെയര്‍പേഴ്സണ്‍ ജെനിഫര്‍ ഹോമെന്‍ഡി സിഎന്‍എന്നിനോട് പ്രതികരിക്കവെ പറഞ്ഞു.