കോഴിക്കോട്: കയ്യിലുള്ള കുഞ്ഞുജീവന് പ്രാണനുവേണ്ടി കാലിട്ടടിച്ചപ്പോള്‍ മാതാപിതാക്കള്‍ പകച്ചുനിന്നു. എന്ത് ചെയ്യണമെന്ന് അറിയാതെ കുഞ്ഞിന്റെ അച്ഛനും അമ്മയും ആശങ്കപ്പെട്ടപ്പോള്‍ രക്ഷകനായി അവതരിച്ചത് മനസില്‍ കുന്നോളം നന്മയുള്ള ആനവണ്ടി ഡ്രൈവര്‍. അടിവാരത്ത് നിന്നും കോഴിക്കോടേക്കുള്ള കെ.എസ്.ആര്.ടി.സി ബസില്‍ സഞ്ചരിക്കുകയായിരുന്ന ദമ്പതികളുടെ രണ്ട് മാസം പ്രായമായ കുഞ്ഞിന് പെട്ടന്നാണ് ശ്വാസതടസം ഉണ്ടായത്. എന്ത് ചെയ്യണമെന്നറിയാതെ മാതാപിതാക്കള്‍ കുഞ്ഞുജീവനെ മാറോടണച്ച് നിന്നപ്പോള്‍ ബസ് ഡ്രൈവര്‍ രക്ഷകനായി വളയം തിരിച്ചു. പോകേണ്ട വഴിയില്‍ നിന്ന് വാഹനം തിരിച്ച് നേരെ ആശുപത്രിയിലേക്ക് കയറ്റുകയായിരുന്നു ബസ്. യാത്രക്കാരും ഡ്രൈവര്‍ക്ക് പിന്തുണയേകി.
Read More: ജീവനിലേക്കുള്ള ‘അതിവേഗം’; സംഭവബഹുലം ഈ യാത്ര
മാനന്തവാടിയിൽ നിന്നും കോഴിക്കോട്ടേക്ക് പോകുന്ന ആർഎസ്എം 924 (KL 15 A 461) നമ്പർ TT ബസും ഡ്രൈവറുമാണ് കുഞ്ഞുജീവൻ രക്ഷിക്കാൻ രംഗത്തുവന്നത്. അടിവാരത്ത് നിന്നും ബസിൽ കയറിയ നൂറാംതോട് സ്വദേശികളായ ബാബു, അബിദ ദമ്പതികളുടെ രണ്ട് മാസം പ്രായമായ കുഞ്ഞിന് ബസിൽ വച്ച് പെട്ടെന്ന് ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു. എന്തു ചെയ്യണമെന്ന് അറിയാതെ രക്ഷിതാക്കൾ പരിഭ്രാന്തരായി.
കുഞ്ഞ് ശ്വാസതടസത്താല്‍ ബുദ്ധിമുട്ടാന്‍ തുടങ്ങിയപ്പോള്‍ ബസ് ഡ്രൈവര്‍ മറ്റൊന്നും ചിന്തിച്ചില്ല. താമരശേരി ചുങ്കത്ത് നിന്നും മിനി ബൈപ്പാസ് വഴി ബസ് തിരിച്ച് മദര്‍ ആശുപത്രിയിലേക്ക് ഓടിച്ചുകയറ്റി. യാത്രക്കാരുടെ സഹായം കൂടി ആയപ്പോള്‍ കാര്യങ്ങള്‍ എളുപ്പമായി.
കുഞ്ഞിന് പനിയുടെ ലക്ഷണം കണ്ടതിനാൽ ഡോക്ടറെ കാണിക്കാനാണ് രക്ഷിതാക്കൾ പുറപ്പെട്ടത്. യാത്രക്കിടയിൽ കുഞ്ഞ് പാൽ കുടിക്കാതിരിക്കുകയും, ശ്വാസം നിലക്കുകയുമായിരുന്നു. കുഞ്ഞിന് ഷിഗല്ല പനിയുടെ ലക്ഷണങ്ങൾ കാണുന്നതിനാൽ പ്രാഥമിക ചികിത്സക്ക് ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൂടുതൽ പരിശോധനയ്ക്കായി റഫർ ചെയ്തിരിക്കുകയാണ്. ചൊവ്വാഴ്ച സന്ധ്യയോടെയായിരുന്നു സംഭവം.