മലപ്പുറം: രോഗത്തിന് മനുഷ്യന്റെ ശരീരത്തെ മാത്രമേ തളര്‍ത്താനാവുകയുള്ളൂ മനസിനെ സ്പര്‍ശിക്കാന്‍ പോലും സാധിക്കില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഇവര്‍. വീല്‍ച്ചെയറില്‍ ഇരുന്നു കൊണ്ട് ജീവിതത്ത നേരിടുന്ന സാദിഖും രാഹുലും ഗോവയിലേക്ക് സ്വപ്‌ന തുല്യമായൊരു യാത്ര നടത്തിയാണ് ലോകത്തിന് ആവേശമാകുന്നത്.

കുട്ടിക്കാലത്ത് പിടിപ്പെട്ട മസ്‌കുലര്‍ ഡിസ്‌ട്രോഫി അഥവാ മസിലുകള്‍ക്ക് ശേഷി നഷ്ടപ്പെടുന്ന രോഗാവസ്ഥയാണ് സാദിഖ് കുഞ്ഞാനിയെ വീല്‍ച്ചെയറിലാക്കിയത്. രാഹുലിന്റെ ശരീരമാകട്ടെ ഏഴ് വര്‍ഷം മുമ്പ് നട്ടെല്ലിന് ക്ഷതമേറ്റാണ് തളര്‍ന്നത്. ഗോവന്‍ ട്രിപ്പ് ഒരാഗ്രഹമായി കൊണ്ടു നടക്കാന്‍ തുടങ്ങിയിട്ട് നാളു കുറേ ആയെങ്കിലും ഇതുവരെ സാധിച്ചിരുന്നില്ല. ആ ആഗ്രഹം മുചക്ര സ്‌കൂട്ടറിലിരുന്ന് നിറവേറ്റിയിരിക്കുകയാണ് ഇരുവരും.

തങ്ങളുടെ യാത്രയെ കുറിച്ചുള്ള സാദിഖിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കുന്നവരെ സ്പര്‍ശിക്കുക മാത്രമല്ല, പ്രചോദനമാവുകയും ചെയ്യുന്നു.

പോസ്റ്റിലേക്ക്,

ഉടലില്‍ ചേര്‍ത്ത് ശേഷിയെ/കഴിവിനെ കുറിച്ച് ഇനിയും സംസാരിച്ചു കൊണ്ടിരിക്കുന്നവരുടെ ഇടയിലേക്കാണ് ഈ ചിത്രങ്ങള്‍ പങ്കു വെക്കുന്നത്..

ത്രീ വീല്‍ സ്‌കൂട്ടിയില്‍ ഒരു ഗോവന്‍ റൈഡിനെ കുറിച്ച് ആലോചിച്ചു തുടങ്ങിയപ്പോഴേ പരിഹസിക്കാനും നിരുത്സാഹപ്പെടുത്താനും ആളുകള്‍ ഏറെയായിരുന്നു.സ്വയം തീര്‍ത്ത തടവറകളില്‍, അവനവന്റെ സുരക്ഷിത ഇടങ്ങളില്‍ മാത്രം പാര്‍ക്കുന്നവര്‍.

ഈ ചിത്രങ്ങള്‍ ഗോവയില്‍ നിന്നുള്ളതാണ്. എല്ലാ പരിഹാസങ്ങളെയും അര്‍ഹിക്കുന്ന അവഗണനയോടെ പിന്നിലേക്ക് വലിച്ചെറിഞ്ഞ് ആ സ്‌കൂട്ടറിന്റെ ബാക്കില്‍ വീല്‌ചെയറടക്കം കെട്ടി വെച്ച് ഞങ്ങള്‍ ഗോവയില്‍ എത്തിയ ചിത്രങ്ങള്‍.

ഒരു ഗോവന്‍ റൈഡ് ഏത് ഒരാളെ പോലെയും ഞങള്‍ രണ്ടാളുടെയും മനസിലും കയറി പറ്റിയിട്ട് നാളേറെയായിരുന്നു.

അങ്ങനെ ഒരു ദിവസം യാത്ര തിരിച്ചു. ഏഴ് ദിവസത്തെ സുന്ദരമായ യാത്ര. കാഴ്ചകള്‍ അതിമനോഹരമായിരുന്നു യാത്രയിലുടനീളം. പക്ഷെ പലപ്പോഴും കാഴ്ചകള്‍ക്കപ്പുറമുള്ള അനുഭവങ്ങളായിരുന്നു ഈ യാത്രയുടെ ഹൈലൈറ്റ്. പറഞ്ഞു തീരാത്ത കഥകളുണ്ട്.

റൈഡിന്റെ കാര്യം പറഞ്ഞപ്പോള്‍ അനകെന്താ പിരാന്തു ഉണ്ടോ? എന്ന് ചോദിച്ച മഹാന്മാര്‍ ഉണ്ട് .അവരോടു ഒന്നെ പറയാനൊള്ളൂ ഒരു ബുള്ളറ്റും കെടിഎമ്മും എല്ലാം വാങ്ങി ട്രിപ്പും പ്ലാന്‍ ചെയ്തിരിക്കുന്ന ഇങ്ങള് പോകുന്നില്ലെങ്കില്‍ പോണ്ട. നിങ്ങള്‍ക്ക് നിങ്ങള്‍ തന്നെ ഒരുക്കിയ തടവറകളില്‍ സുഖമായിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

തളര്‍ന്നത് എന്റെ ശരീരമാണ്. അല്ലാതെ മനസ്സല്ല.
ഇതൊരു ബോധ്യപ്പെടുത്തലല്ല..
ഉറച്ചു പോയ ചില ബോധങ്ങളോടുള്ള എന്റെ പരിഹാസം മാത്രം..

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook