ധോണിയുമൊത്തുളള പരസ്യത്തിലൂടെ മലയാളികളുടെ പ്രിയതാരമായി വളർന്നതാണ് കുഞ്ഞാവ. ഇന്നിപ്പോൾ ട്രോളന്മാരുടെ ഇഷ്ടകഥാപാത്രമാണ് ആ കുഞ്ഞുപെൺകുട്ടി. കുഞ്ഞാവയുമൊത്തുളള ആനന്ദ നിമിഷങ്ങളെ അത്രയേറെ ഇഷ്ടപ്പെടുന്ന മലയാളികൾ കുഞ്ഞാവകൾ കഥാപാത്രമായി വന്ന ട്രോളുകളെല്ലാം ചിരിച്ചാസ്വദിച്ചു.

ഇന്നിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുകയാണ് മറ്റൊരു കുഞ്ഞാവ. കക്ഷിയാരാണെന്നല്ലേ? തിരുവനന്തപുരത്തുകാരൻ സ്വാതിക്. ആറ് മാസം മുൻപ് അച്ഛൻ സജിൻ ജയരാജിന്റെ റെക്കോർഡിങ് സ്റ്റുഡിയോയുടെ ഇന്റീരിയർ ജോലികൾ നടക്കുന്നതിനിടെ നടന്ന സംഭാഷണമാണ് ഇപ്പോൾ വൈറലായി മാറുന്നത്. രണ്ടര വയസ് പ്രായം മാത്രമുളളപ്പോൾ നടന്ന സംഭവത്തിന്റെ വീഡിയോ ഇപ്പോഴാണ് അച്ഛൻ ഫെയ്സ്ബുക്കിൽ പങ്കുവച്ചത്.

സ്വാതിക്കും സജിന്റെ സുഹൃത്തായ അരുണും ചേർന്നുളള സംഭാഷണ രംഗങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഇരുവരും അറിയാതെ സ്വാതിക്കിന്റെ അമ്മ നിതിക സജിനാണ് ഇതിന്റെ വീഡിയോ പകർത്തിയത്. അപ്പൂസ് എന്ന വിളിപ്പേരുളള കുഞ്ഞ് സ്വാതിക് അരുണിനെയും അച്ഛൻ സജിനെയും ഭീഷണിപ്പെടുത്തുന്ന രസകരമായ രംഗങ്ങളാണ് വീഡിയോയിലുളളത്.

സ്വതിക് അമ്മ നിതികയ്ക്കും അച്ഛൻ സജിനുമൊപ്പം

തിരുവന്തപുരം ജില്ലയിലെ ഇഞ്ചക്കൽ സ്വദേശിയാണ് സജിൻ. ഊരൂട്ടമ്പലം സ്വദേശിയായ അരുൺ, സജിനെ സ്റ്റുഡിയോ നിർമ്മാണ ജോലിയിൽ സഹായിക്കാനെത്തിയപ്പോഴാണ് സംഭാഷണം നടന്നത്.

സ്വാതിക് (അപ്പൂസ്)

“അപ്പൂസെന്നാണ് അവനെ വിളിക്കുന്നത്. അന്ന് സ്റ്റുഡിയോ നിർമ്മാണ ജോലി നടക്കുന്നതിനിടെയാണ് ഈ വീഡിയോ പകർത്തിയത്. നിതിക ഞങ്ങളറിയാതെ പകർത്തിയതാണ് വീഡിയോ. അത് സജിന്റെ കംപ്യൂട്ടറിൽ ഇരിക്കുകയായിരുന്നു. ഈയടുത്താണ് അത് വീണ്ടും തുറന്ന് നോക്കിയത്. നിതികയാണ് അത് ഫെയ്‌സ്ബുക്കിൽ അപ്‌ലോഡ് ചെയ്യാൻ പറഞ്ഞത്,” അരുൺ ഐഇ മലയാളത്തോട് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ