ന്യൂഡൽഹി: അര്‍ണാബ് ഗോസ്വാമിയുടെ ചാനലിനെതിരായ കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷ് വിമര്‍ശനത്തിലൂടെ ശ്രദ്ധേയമായതാണ് ശശി തരൂരിന്റെ ഇംഗ്ലീഷ്. അന്ന് ഡിക്ഷ്ണറി പരതി നടന്ന സോഷ്യല്‍മീഡിയ ഉപയോക്താക്കള്‍ പിന്നെയും തരൂരിന്റെ വാക്കുകള്‍ക്ക് കാതോര്‍ത്തു.

കഴിഞ്ഞയാഴ്ച മറ്റൊരു വാക്ക് ഉപയോഗിച്ചും അദ്ദേഹം ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കി. ‘എ​​​ന്റെ ആശയം പ്രകടിപ്പിക്കാൻ യോജിച്ച വാക്കുകളാണ്​ ഞാൻ തിരഞ്ഞെടുക്കുന്നത്​. അല്ലാതെ മേനി നടിക്കാനോ നിഗൂഢത സൃഷ്​ടിക്കാനോ അല്ല’ എന്നായിരുന്നു അന്നത്തെ ട്വീറ്റ്​. ഈ ട്വീറ്റിൽ മേനി നടിക്കാനല്ലെന്ന്​ പറയാൻ ഉപയോഗിച്ച rodomontade എന്ന വാക്കാണ്​ അന്ന് ട്വിറ്ററുകാര്‍ക്ക് പുതിയ വാക്കായത്.

എന്നാല്‍ ശശി തരൂരിന്റെ പുതിയ ട്വീറ്റില്‍ ട്വിറ്റര്‍ ഉപയോക്താക്കള്‍ നിരാശരാണ്. സംഭവം മറ്റൊന്നും അല്ല, ക്രിസ്മസ് ആശംസ നേര്‍ന്ന ട്വീറ്റില്‍ പുതിയ വാക്കുകളൊന്നും ഇല്ല എന്നതാണ് പരാതിക്ക് കാരണമായത്. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സാഹോദര്യത്തിന്റേയും സന്ദേശം പരത്താന്‍ ജന്മം കൊണ്ട ക്രിസ്തുവിനെ സ്മരിക്കാന്‍ ആഹ്വാനം ചെയ്തായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

കടുകട്ടി വാക്കുകളുടെ അഭാവം ചൂണ്ടിക്കാട്ടി നിരവധി പേരാണ് രംഗത്തെത്തിയത്. ‘എനിക്ക് ഈ ട്വീറ്റിലെ മുഴുവന്‍ വാക്കുകളും മനസ്സിലാക്കാന്‍ കഴിഞ്ഞു, ശരിക്കും ഇത് നിങ്ങള്‍ ട്വീറ്റ് ചെയ്തതാണോ, അതോ നിങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണോ?’, ഒരാള്‍ ചോദിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ