ലക്നൗ: ഡ്രൈവര്‍ മുസ്ലിം ആയത് കൊണ്ട് ഓല ടാക്സി യാത്ര റദ്ദാക്കിയെന്ന് പറഞ്ഞ് ട്വിറ്ററിലെത്തിയയാളെ പരിഹസിച്ച് ട്വിറ്റര്‍ ഉപയോക്താക്കള്‍. ‘ഓല ടാക്സി യാത്ര കാന്‍സല്‍ ചെയ്തു’ എന്ന വാക്ക് മെമെകളായി മാറി ഇയാള്‍ക്കെതിരെ പരിഹാസം ഉയര്‍ന്നു.

‘ഡ്രൈവറുടെ പേര് നീരവ് മോദി എന്നായത് കൊണ്ട് ഞാന്‍ എന്റെ ഓല ടാക്സി കാന്‍സല്‍ ചെയ്തു, കാരണം ഇയാള്‍ എന്റെ പൈസയും കൊണ്ട് ഓടിപ്പോകുമോ എന്ന് ഞാന്‍ ഭയക്കുന്നു’ ഇതായിരുന്നു ഒരു പരിഹാസം. കൂടാതെ മറ്റ് മെമെകളും പ്രചരിച്ചു. ‘ഡ്രൈവറുടെ പേര് വികാസ് (വികസനം) എന്നായത് കൊണ്ട് ഓല ടാക്സി ഞാന്‍ കാന്‍സല്‍ ചെയ്തു. കാരണം വികാസ് വരുമെന്ന് എനിക്ക് ഒരു പ്രതീക്ഷയുമില്ല’.

‘ഡ്രൈവറുടെ പേര് അച്ഛേ ദിന്‍ എന്നായത് കൊണ്ട് ഞാന്‍ ഓല ടാക്സി കാന്‍സല്‍ ചെയ്തു. കാരണം നാല് വര്‍ഷം കാത്തിരുന്നിട്ടും ഇതുവരെയും വന്നിട്ടില്ല’, ഇത്തരത്തില്‍ നിരവധി മെമെകളാണ് അഭിഷേക് മിശ്രയെന്ന വിദ്വേഷം പ്രചരിപ്പിച്ചയാളെ പരിഹസിച്ച് പ്രചരിച്ചത്.

വിശ്വഹിന്ദു പരിഷത്തുമായി ബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന അഭിഷേക് മിശ്രയാണ് താന്‍ ടാക്സി യാത്ര റദ്ദാക്കിയെന്ന് കാണിച്ച് കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പോസ്റ്റിട്ടത്. ‘ടാക്സി ഡ്രൈവര്‍ മുസ്ലിം ആയിരുന്നെന്നും ജിഹാദികള്‍ക്ക് തന്റെ പണം നല്‍കാന്‍ താത്പര്യമില്ലാത്തത് കൊണ്ടാണ് യാത്ര റദ്ദാക്കിയതെന്നും ഇയാള്‍ ട്വീറ്റ് ചെയ്തു. ഇയാള്‍ ട്വിറ്ററില്‍ പിന്തുടരുന്ന 14,000 പേരില്‍ പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍, പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രഥാന്‍, സാസ്കാരിക മന്ത്രി മഹേഷ് ശര്‍മ്മ എന്നിവരുമുണ്ട്.

ഏപ്രില്‍ 20നാണ് ഇയാള്‍ ട്വിറ്ററില്‍ ഓല ടാക്സി യാത്ര റദ്ദാക്കിയതിന്റെ സ്ക്രീന്‍ഷോട്ട് സഹിതം ട്വീറ്റ് ചെയ്തത്. ‘ഡ്രൈവര്‍ മുസ്ലിം ആയത് കൊണ്ട് ഞാന്‍ ഓല കാബ് കാന്‍സല്‍ ചെയ്തു. ജിഹാദികള്‍ക്ക് എന്റെ പണം കൊടുക്കാന്‍ താത്പര്യമില്ല’, ഡ്രൈവറായ മസൂദ് ആലം എന്നയാളുടെ പേരും ട്വീറ്റില്‍ കാണാം.

ട്വീറ്റ് ചെയ്ത അഭിഷേക് മിശ്ര എന്നയാള്‍ക്ക് ഓല കമ്പനി നിരോധനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തെത്തിയത്. ഉത്തര്‍പ്രദേശ് സര്‍ക്കാരുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന​ റിപ്പോര്‍ട്ടും പുറത്തുവന്നതോടെ യോഗി സര്‍ക്കാരിനോട് നടപടി ആവശ്യപ്പെട്ടും നിരവധി പേര്‍ രംഗത്തെത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ