സംഗീത മേഖലയ്ക്ക് നല്കിയ സംഭാവന മാനിച്ച് ഇന്ത്യ ഭാരതരത്ന പുരസ്കാരം നല്കി ആദരിച്ച ലതാ മങ്കേഷ്കര്‍ ഇന്ന് 88ാം ജന്മദിനം ആഘോഷിക്കുകയാണ്. 1929 സെപ്റ്റംബര്‍ 28ന് ജനിച്ച ലത നാല്പതിനായിരത്തോളം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ലതയുടെ ജന്മദിനത്തില് നിരവധി പേരാണ് ഗായികയെ അഭിനന്ദിച്ചും ആശംസ ചേര്‍ന്നും സോഷ്യല്‍മീഡിയയില്‍ എത്തിയത്.
ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കര്‍ മുതല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വരെ ലതയ്ക്ക് ആശംസകളും ദീര്‍ഘായുസും നേര്‍ന്നു. എന്നാല്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആശംസയാണ് ട്വിറ്ററില്‍ പാളിപ്പോയത്. ‘ഇന്ത്യയുടെ വാനമ്പാടിക്ക് ജന്മദിനാശംസകള്’ എന്നായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്. എന്നാല്‍ സ്വാതന്ത്ര്യസമര സേനാനിയും ഭരണാധികാരിയുമായിരുന്ന സരോജിനി നായിഡുവാണ് ഇന്ത്യയുടെ വാനമ്പാടിയെന്ന് ട്വിറ്ററില്‍ തിരുത്ത് വന്നു. പിന്നാലെ രാഷ്ട്രപതിക്ക് നേരെ ട്രോളുകളുടെ പ്രവാഹമായിരുന്നു.
ബോളിവുഡ് സംഗീതത്തിന്റെ വാനമ്പാടിയായാണ് ലത മങ്കേഷ്കര്‍ അറിയപ്പെടുന്നത്. മികവുറ്റ കവയത്രി കൂടിയായിരുന്ന സരോജിനി നായിഡുവിനെ ഭാരത കോകിലം(ഇന്ത്യയുടെ വാനമ്പാടി) എന്നെല്ലാം വിളിച്ചിരുന്നത് അനുപമമായ കവിത്വസിദ്ധിയുടെ പേരിലായിരുന്നു. ഇത് മനസ്സിലാക്കാതെ ട്വീറ്റ് ചെയ്തതിന് പുതിയ രാഷ്ട്രപതിയെ ട്വിറ്ററില്‍ വലിച്ചുകീറി വിമര്‍ശനം തുടരുകയാണ്.