ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ കനിഷക് കഠാരിയ ഇപ്പോള്‍ സോഷ്യൽ മീഡിയയിലെ താരമാണ്. പരീക്ഷ വിജയിച്ചതിന് തന്റെ കുംടുംബത്തോടൊപ്പം കാമുകിക്കും നന്ദി പറഞ്ഞ കഠാരിയയുടെ പ്രവൃത്തിയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയില്‍ അഭിനന്ദിക്കപ്പെടുന്നത്.

‘ഒന്നാം റാങ്ക് കിട്ടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എന്നെ സഹായിക്കുകയും ധാര്‍മ്മിക പിന്തുണയും തന്ന എന്റെ രക്ഷിതാക്കള്‍ക്കും, സഹോദരിക്കും, കാമുകിക്കും ഞാന്‍ നന്ദി പറയുന്നു,’ കഠാരിയ വ്യക്തമാക്കി. പരസ്യമായി തന്റെ കാമുകിക്കും നന്ദി പറഞ്ഞ കഠാരിയയെ നിരവധി പേരാണ് അഭിനന്ദിച്ചത്. കനയ്യ കുമാറും കഠാരിയയെയും കാമുകിയേയും കാണാന്‍ താത്പര്യം പ്രകടിപ്പിച്ചു.

‘അദ്ദേഹം കാമുകിയെ കുറിച്ച് പറഞ്ഞതില്‍ ഞാന്‍ വളരെയേറെ സന്തോഷിക്കുന്നു. കാലങ്ങളായി തുടര്‍ന്നു വന്ന നന്ദി വാക്കുകള്‍ ഒരൊറ്റ പ്രസ്താവനയിലൂടെയാണ് അദ്ദേഹം തകര്‍ത്ത് കളഞ്ഞത്,’ ഒരാള്‍ ട്വീറ്റ് ചെയ്തു. ഐഐടി ബോംബെയില്‍ ബി ടെക് വിദ്യാർഥിയായ കഠാരിയ കഴിഞ്ഞ ജൂണിലാണ് പരീക്ഷ എഴുതിയത്.

കഴിഞ്ഞ സെപ്റ്റംബർ-ഒക്ടോബർ മാസത്തിലാണ് എഴുത്തുപരീക്ഷ നടന്നത്. 2019 ഫെബ്രുവരി-മാർച്ചിലാണ് ഇന്റർവ്യൂവും പേഴ്സണാലിറ്റി ടെസ്റ്റും നടന്നത്. ആകെ 759 ഉദ്യോഗാർഥികളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഇവരെ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ്, ഇന്ത്യൻ ഫോറിൻ സർവ്വീസ്, ഇന്ത്യൻ പോലീസ് സർവ്വീസ്, തുടങ്ങിയ കേന്ദ്ര സർവ്വീസുകളിലേക്കാണ് നിയമിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook