ട്വിറ്ററില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയുടെ ഫിറ്റ്നസ് വെല്ലുവിളി ഏറ്റെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് ട്വിറ്റര്‍ ലോകം. ഇന്ധന വില, തൂത്തുക്കുടിയിലെ വെടിവയ്‌പ്, കള്ളപ്പണം വീണ്ടെടുക്കല്‍ മുതല്‍ പ്രധാനമന്ത്രിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ വരെ വെല്ലുവിളികള്‍ വന്നു.

രാഷ്ട്രീയ ജനതാദള്‍ നേതാവ് തേജസ്വി നേതാവാണ്‌ മോദിക്കെതിരായ വെല്ലുവിളി ആരംഭിച്ചത്. യുവജനങ്ങള്‍ക്ക്‌ തൊഴില്‍ നല്‍കുക, കര്‍ഷകര്‍ക്ക് കടാശ്വാസം, ദലിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരായ അക്രമങ്ങള്‍ തടയുക എന്നിവയായിരുന്നു തേജസ്വി യാദവ് നടത്തിയ വെല്ലുവിളി.

തൊട്ടുപിന്നാലെ കോണ്‍ഗ്രസ് വക്താവ് രന്ദീപ് സിങ് സുര്‍ജേവാലയും കോൺഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും തങ്ങളുടെ വെല്ലുവിളികളുമായി മുന്നോട്ട് വന്നു.

ഇന്ധന വില കുറയ്ക്കാനായിരുന്നു രാഹുല്‍ ഗാന്ധിയുടെ വെല്ലുവിളി.

ഇന്ധന വില കുറയ്ക്കുക, രണ്ട് കോടി തൊഴില്‍ നല്‍കികൊണ്ട് വാഗ്‌ദാനം പാലിക്കുക, ലാഭത്തിന്റെ അമ്പത് ശതമാനം താങ്ങുവിലയായ് നല്‍കികൊണ്ട് കര്‍ഷകരെ രക്ഷിക്കും എന്ന വാക്ക് പാലിക്കുക, വിദേശത്ത് നിന്നും എണ്‍പത് ലക്ഷത്തിന്റെ കള്ളപ്പണം തിരികെ എത്തിക്കുക, പാക്കിസ്ഥാനില്‍ നിന്നുമുള്ള ഭീകരവാദവും ഡോക്‌ലാമിലെ ചൈനീസ് കൈയ്യേറ്റം പരിഹരിക്കുക എന്നീ ആവശ്യങ്ങളാണ് കോണ്‍ഗ്രസ് വക്താവ് മുന്നോട്ടുവച്ചത്.

ജനതാദള്‍ യുണൈറ്റഡ് നേതാവ് ശരദ് യാദവിന്റേതാണ് മറ്റൊരു വെല്ലുവിളി. വിദേശത്ത് നിന്നും കള്ളപ്പണം കൊണ്ടുവരാനും, ഓരോരുത്തരുടെയും അക്കൗണ്ടില്‍ നിക്ഷേപിക്കും എന്ന് പറഞ്ഞ പതിനഞ്ച് മുതല്‍ ഇരുപത് ലക്ഷം രൂപ വരെയും നല്‍കാനുമാണ് ശരദ് യാദവ് ആവശ്യപ്പെട്ടത്.

മോദിക്ക് ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ന്നത് തൂത്തുക്കുടി സംഭവത്തിലാണ്. തൂത്തുക്കുടിയിലെ പൊലീസ് വെടിവയ്‌പില്‍ നിശബ്ദത വെടിയണം എന്ന ആവശ്യമാണ് പ്രധാനമായും ഉയര്‍ന്നത്. അമേരിക്കയിലെയും പോര്‍ച്ചുഗലിലേയും ദുരന്തങ്ങളില്‍ അനുശോചനം അറിയിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ ട്വീറ്റുകള്‍ സഹിതമായിരുന്നു വെല്ലുവിളികള്‍.

അതേസമയം, പതിമൂന്ന് പേര്‍ മരിക്കുകയും നൂറോളംപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത തൂത്തുക്കുടി വെടിവയ്‌പില്‍ ഇതുവരെയും പ്രധാനമന്ത്രി പ്രതികരിച്ചിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ