ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലാം ഏകദിനത്തില്‍ രോഹിത് ശര്‍മ്മയുടെ ദയനീയ പ്രകടനത്തിന് ശേഷം വിരാട് കോഹ്ലിയും ശിഖര്‍ ധവാനുമാണ് ഇന്ത്യയ്ക്ക് കരുത്തായത്. ഇരുവരുടേയും കൂട്ടുകെട്ട് ഇന്ത്യയ്ക്ക് പൊരുതാവുന്ന സ്കോറാണ് സമ്മാനിച്ചത്.

ഇടിമിന്നലും വെളിച്ചക്കുറവും കാരണം മത്സരം തടസ്സപ്പെട്ട് വീണ്ടും പുനരാരംഭിച്ചപ്പോള്‍ ഇന്ത്യ തകര്‍ച്ചയോടെയാണ് തുടങ്ങിയത്. എന്നാല്‍ മഹേന്ദ്രസിംഗ് ധോണിയുടെ 42 റണ്‍സ് (43) പ്രകടനമാണ് ഇന്ത്യയ്ക്ക് 289 റണ്‍സ് നേടിക്കൊടുത്തത്. വാണ്ടറേര്‍സ് മൈതാനത്ത് മഴയ്ക്ക് ശേഷമുളള കളി ബുദ്ധിമുട്ട് ഏറിയത് ആയിരിക്കുമെന്ന് വിരാട് കോഹ്ലി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ മത്സരം ഇന്ത്യയ്ക്ക് നഷ്ടമായതിന് ശേഷം ധോണിയെ പഴി പറഞ്ഞാണ് ട്വിറ്ററില്‍ പോസ്റ്റുകള്‍ നിറഞ്ഞത്. 300 കടക്കുമായിരുന്ന ടോട്ടല്‍ ധോണിയുടെ മെല്ലെപ്പോക്ക് കാരണമാണ് 289ല്‍ എത്തിയതെന്നായിരുന്നു വിമര്‍ശനം. ഡെക്ക്വര്‍ത്ത് ലൂയീസ് നിയമപ്രകാരം ദക്ഷിണാഫ്രിക്ക വിജയിച്ചതിന് ധോണിയുടെ വേഗം കുറഞ്ഞ ബാറ്റിംഗ് പ്രകടനമാണെന്നും ഇവര്‍ കുറ്റപ്പെടുത്തി.

എന്നാല്‍ ധോണിയെ പിന്തുണച്ചും ക്രിക്കറ്റ് പ്രേമികള്‍ രംഗത്തെത്തി. കോഹ്ലിക്കും ധവാനും ശേഷം ക്രീസിലെത്തിയ അജിങ്ക്യ രഹാനെ, ഹര്‍ദിക് പാണ്ഡ്യ, ശ്രേയസ് അയ്യര്‍ എന്നിവര്‍ കൂടുതലൊന്നും ചെയ്യാതെ പവലിയനിലേക്ക് മടങ്ങിയപ്പോള്‍ ക്രീസില്‍ കഴിയുന്നത്ര തുടരുക എന്ന് മാത്രമാണ് ധോണിക്ക് ചെയ്യാനുണ്ടായിരുന്നത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചുമാണ് ആരാധകര്‍ ട്വിറ്ററിലെത്തിയത്.

ഇന്ത്യ ഉയർത്തിയ 289 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 1/43 എന്ന സ്കോറിൽ നിൽക്കെയാണ് മഴ എത്തിയത്. 2 മണിക്കൂറിന് ശേഷം മത്സരം പുനരാരംഭിച്ചപ്പോൾ ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം 28 ഓവറിൽ 202 റൺസായി പുനർനിർണ്ണയിക്കുകയായിരുന്നു. പരുക്ക്ഭേദമായി ടീമിലേക്ക് തിരിച്ചെത്തിയ ഡിവില്ലിയേഴ്സാണ് വെടിക്കെട്ടിന് തുടക്കമിട്ടത്. ഇന്ത്യൻ സ്പിന്നർ ചാഹലിന്റെ ആദ്യ ഓവറിൽ 2 കൂറ്റൻ സിക്സറുകൾ ഉൾപ്പടെ 16 റൺസ് എടുത്തു. എന്നാൽ ഡിവില്ലിയേഴ്സിനെ പുറത്താക്കി പാണ്ഡ്യ ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ച് കൊണ്ടു വന്നു.

എന്നാൽ ആറാം വിക്കറ്റിൽ ഒന്നിച്ച ഡേവിഡ് മില്ലറും വിക്കറ്റ് കീപ്പർ ക്ലാസനും ഇന്ത്യൻ ബൗളർമാരെ കടന്നാക്രമിച്ചു. ഡേവിഡ് മില്ലർ (28 പന്തിൽ 39), ഹെന്‍റിക് ക്ലാസൻ (27 പന്തിൽ 43) ദക്ഷിണാഫ്രിക്കയെ വിജയത്തോട് അടുപ്പിച്ചു. പിന്നാലെ എത്തിയ അൻഡിലെ പെഹുലുക്വായോവ് 5 പന്തിൽ 23 റൺസ് അടിച്ച് കൂട്ടിയതോടെ ദക്ഷിണാഫ്രിക്ക വിജയം ആഘോഷിച്ചു. ചാഹലിന്റെ ഓവറിൽ 1 ഫോറും 3 സിക്സറും ഉൾപ്പടെയാണ് താരം 23 റൺസ് നേടിയത്.

നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് സ്കോർ ബോർഡിൽ 20 റൺസ് എത്തിയപ്പോൾ ഓപ്പണർ രോഹിത് ശർമയുടെ വിക്കറ്റ് നഷ്ടമായി. വ്യക്തിഗത സ്കോർ അഞ്ചിൽ നിൽക്കെയാണ് രോഹിത് തന്‍റെ സ്ഥിരം വേട്ടകാരൻ റബാദയ്ക്കു മുന്നിൽ വീണ്ടും വീണത്. സ്വന്തം ബൗളിംഗിൽ മികച്ച ക്യാച്ചിലൂടെ രോഹിതിനെ പുറത്താക്കിയ റബാദ ബക്ഷിണാഫ്രിക്കയ്ക്ക് നേരിയ പ്രതീക്ഷ നൽകി.

എന്നാൽ, ധവാനൊപ്പം നായകൻ കോഹ്‌ലികൂടി ചേർന്നതോടെ ദക്ഷിണാഫ്രിക്കൻ ഫീൽഡർമാർ സ്റ്റേഡിയത്തിനു നാലുപാടും ഓടാൻ തുടങ്ങി. മികച്ച പന്തുകൾക്ക് അർഹിക്കുന്ന ബഹുമാനം നൽകിയും മോശം പന്തുകളെ കാതങ്ങൾക്കപ്പുറത്തേക്ക് അടിച്ചകറ്റിയും ഇരുവരും മുന്നേറി.കോഹ്ലി 75 റണ്‍സെടുത്തും ധവാന്‍ 109 റണ്‍സുമെടുത്ത് ഇന്ത്യയുടെ സ്കോറുയര്‍ത്തി.

രോഹിത് ശർമ (13 പന്തിൽ 5), അജിങ്ക്യ രഹാനെ (15 പന്തിൽ 8), ശ്രേയസ് അയ്യർ (21 പന്തിൽ 18), ഹാർദിക് പാണ്ഡ്യ (13 പന്തിൽ 9), ഭുവനേശ്വർ കുമാർ (7 പന്തിൽ 5) എന്നിവരാണ് പുറത്തായത്. വിക്കറ്റ് കീപ്പർ എം.എസ്.ധോണി (42 പന്തിൽ 43), റൺസൊന്നുമെടുക്കാതെ കുൽദീപ് യാദവ് തുടങ്ങിയവർ പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്കായി കഗിസോ റബാഡ,എൻഗിഡി എന്നിവർ രണ്ട് വിക്കറ്റുകളും ക്രിസ് മോറിസ്, മോർണേ മോർക്കൽ എന്നിവർ ഓരോ വിക്കറ്റുകളും വീഴ്ത്തി.

തുടർച്ചയായ നാലാം ഏകദിനവും ജയിച്ചു കയറി ദക്ഷിണാഫ്രിക്കയിലെ ആദ്യ ഏകദിന പരമ്പര നേട്ടം സ്വന്തമാക്കാമെന്ന ഇന്ത്യയുടെ മോഹമാണ് ഇന്ന് പൊലിഞ്ഞത്. അതേസമയം, നേട്ടം സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് ഇനി രണ്ടവസരം കൂടിയുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ