തത്സമയ റിപ്പോര്‍ട്ടിങ് മാധ്യമപ്രവര്‍ത്തകര്‍ക്കു സൃഷ്ടിക്കുന്ന വെല്ലുവിളികള്‍ അനന്തമാണ്. സംഭവിച്ചേക്കാവുന്ന ഏതു കാര്യവും നേരിടാന്‍ അവര്‍ സജ്ജമായിരിക്കണം. മാധ്യമപ്രവര്‍ത്തകര്‍ ജോലിക്കിടെ അപകടങ്ങള്‍ നേരിട്ട നിരവധി സംഭവങ്ങള്‍ സമീപകാലത്തുണ്ടായിട്ടുണ്ട്. അത്തരമൊരു വാര്‍ത്ത ഏറ്റവും ഒടുവില്‍ പുറത്തുവന്നിരിക്കുന്നത് അമേരിക്കയില്‍നിന്നാണ്.
റോഡില്‍നിന്ന് ലൈവ് റിപ്പോര്‍ട്ടിങ് നടത്തുകയായിരുന്ന ടെലിവിഷൻ മാധ്യമപ്രവര്‍ത്തകയെ പിക്കപ്പ് ട്രക്ക് ഇടിക്കുകയായിരുന്നു. വീണുപോയ മാധ്യമപ്രവര്‍ത്തക എഴുന്നേറ്റുവന്ന് എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് റിപ്പോര്‍ട്ടിങ് തുടര്‍ന്നു.
ഡബ്ല്യുഎസ്എഇസഡ്-ടിവിയിലെ റിപ്പോര്‍ട്ടര്‍ ടോറി യോര്‍ജിക്കാണ് ഈ ദുരനുഭവം. വെസ്റ്റ് വിര്‍ജീനിയയിലെ ഡന്‍ബാറില്‍ പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്നത് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു അവര്‍. സംഭവത്തെക്കുറിച്ച് സ്റ്റുഡിയോയിലെ അവതാരകനോട് ഓണ്‍ എയറില്‍ വിശദീകരിക്കുന്നതിനു മുന്‍പ്, ചാരനിറത്തിലുള്ള പിക്കപ്പ് ട്രക്ക് പിന്നില്‍നിന്ന് ഇടിക്കുകയായിരുന്നു.
പൊടുന്നനെയായതിനാല്‍ എന്താണ് സംഭവിച്ചതെന്നു സ്റ്റുഡിയോയിലെ മുതിര്‍ന്ന വാര്‍ത്താ അവതാരകന്‍ ടിം ഇറിനു മനസിലാക്കാന്‍ കഴിഞ്ഞില്ല. തനിക്കൊന്നും സംഭവിച്ചിട്ടില്ലെന്ന് അവതാരകനെയും കാഴ്ചക്കാരെയും ബോധ്യപ്പെടുത്താനായി യോര്‍ജി നിലത്തുനിന്ന് എഴുന്നേറ്റു വന്നു.
‘ഓ എന്റെ ദൈവമേ!’ എന്ന് ആശ്ച്യപ്പെട്ട യോര്‍ജി ”എന്നെ ഒരു കാര്‍ ഇടിച്ചു, പക്ഷേ കുഴപ്പമില്ല, എന്നെ ഒരു കാര്‍ ഇടിച്ചു, പക്ഷേ കുഴപ്പമില്ല, ടിം,” എന്നു പറഞ്ഞു. ”ടിവിയില്‍ നിങ്ങള്‍ക്ക് ആദ്യ സംഭവമാണിത്, ടോറി,”എന്നായിരുന്നു ഇറിന്റെ പ്രതികരണം.
ഒരുപക്ഷേ, വാഹനം ഓടിച്ചയാളെന്നു കരുതുന്ന സ്ത്രീ ‘നിങ്ങള്‍ക്കു കുഴപ്പമൊന്നുമില്ലല്ലോ?’ എന്നു ചോദിക്കുന്നതും പ്രശ്‌നമൊന്നുമില്ലെന്നു റിപ്പോര്‍ട്ടര്‍ മറുപടി പറയുന്നതും ടിവിയില്‍ കേള്‍ക്കാമായിരുന്നു.
സംഭവത്തിന്റെ വിഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ മാധ്യമപ്രവര്‍ത്തകര്‍ക്കു തത്സമയം റിപ്പോര്‍ട്ട് ചെയ്യേണ്ട സാഹചര്യങ്ങളെക്കുറിച്ച് പലരെയും ആശങ്കയിലാക്കി. റിപ്പോര്‍ട്ടര്‍ക്കു പരുക്കേല്‍ക്കാഞ്ഞതില്‍ സന്തോഷമുണ്ടെന്നായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള മിക്കവരുടെയും കമന്റ്. റിപ്പോര്‍ട്ടര്‍മാര്‍ക്കു മാര്‍ഗദര്‍ശമോ മുന്നറിയിപ്പോ നല്‍കാന്‍ ആരുമില്ലാത്ത സോളോ ലൈവ് അസൈന്‍മെന്റുകള്‍ എത്രത്തോളം അപകടകരമാണെന്നതിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കും സംഭവം തുടക്കമിട്ടു.
Also Read: പരീക്ഷണമായി മസാല ദോശ ഐസ്‌ക്രീം; ‘എന്തൊരു വിധിയിത്’ എന്ന് നെറ്റിസണ്‍സ്