തൃശൂര്‍ കലക്ടര്‍ ടി.വി അനുപമ ഐഎഎസ് ആണെന്നു കരുതി ഒരുകൂട്ടം ആളുകള്‍, നടി അനുപമയുടെ ഫെയ്സ്ബുക്ക് പേജിലെ പോസ്റ്റുകളില്‍ ചീത്തവിളി നടത്തുന്നു. രാക്ഷസന് എന്ന ചിത്രത്തിന്റെ തെലുങ്ക് പതിപ്പിന്റെ ഫസ്റ്റ്ലുക്ക് അനുപമ പരമേശ്വരന് തന്റെ ഫെയ്സ്ബുക്ക് പേജില്‍ പങ്കുവച്ചിരുന്നു. ഇതിനു താഴെയാണ് പലരും ചീത്തവിളി നടത്തിയിരിക്കുന്നത്.
തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി ചട്ടലംഘനം നടത്തിയെന്ന് റിപ്പോര്‍ട്ട് നല്‍കിയതാണ് ടി.വി അനുപമയ്ക്കെതിരെയുള്ള രോഷ പ്രകടനത്തിന്റെ കാരണം.
ശബരിമലയുടെയും അയ്യപ്പന്റെയും പേരില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതിനെതിരെയാണ് കലക്ടര്‍ സുരേഷ് ഗോപിക്കെതിരെ നോട്ടീസ് അയച്ചത്. 48 മണിക്കൂറിനകം ഈ വിഷയത്തില്‍ വിശദീകരണം നല്കാന് ജില്ലാ കലക്ടര്‍ സുരേഷ് ഗോപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Read More: സുരേഷ് ഗോപിക്കെതിരെ നോട്ടീസ് അയച്ച കലക്ടറുടെ നടപടി ദാസ്യപ്പണിയെന്ന് ബിജെപി
സുരേഷ് ഗോപിക്ക് നോട്ടീസ് നല്കിയ തൃശൂര്‍ ജില്ല കലക്ടറുടെ നടപടിയെ വിമര്‍ശിച്ച് ബിജെപി രംഗത്തെത്തിയിരുന്നു. കലക്ടറുടെ നടപടി വിവരക്കേടാണെന്ന് ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണന് പറഞ്ഞു. ടി.വി.അനുപമയുടെ നടപടി സര്‍ക്കാരിന്റെ ദാസ്യപ്പണിയോ പ്രശസ്തി നേടാനുള്ള വെമ്പലോ ആണെന്നും ഗോപാലകൃഷ്ണന് ആരോപിച്ചു.
Read More: കലക്ടറെ പെരുമാറ്റ ചട്ടം പഠിപ്പിക്കേണ്ട, സുരേഷ് ഗോപി ചെയ്തത് കുറ്റകരം: ടിക്കാറാം മീണ
എന്നാല്‍ കലക്ടര്‍ ചെയ്തത് ശരിയാണെന്നും കലക്ടറെ ബിജെപി ചട്ടം പഠിപ്പിക്കേണ്ടെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു. ഇതേതുടര്‍ന്നാണ് കലക്ടര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ അധിക്ഷേപം ഉയര്‍ന്നത്.