ജയറാം നായകനായെത്തിയ സത്യയിലെ ഐറ്റം ഗാനത്തിന് ട്രോൾ മഴ. പാട്ടിന്റെ പശ്ചാത്തലവും ഗാനരംഗങ്ങളും വരികളും സംഗീതവും തമ്മിൽ ചേരുന്നില്ലെന്നാണ് ട്രോൾ ലോകത്തെ സംസാരം. അടുത്തിടെ അന്തരിച്ച സംവിധായകൻ ദീപൻ അവസാനമായി ഒരുക്കിയ ചിത്രമാണ് സത്യ. ജയറാം, റോമ, പാർവ്വതി നമ്പ്യാർ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.

ചെറിയൊരിടവേളയ്‌ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ റോമയാണ് ഐറ്റം ഡാൻസിൽ അഭിനയിച്ചിരിക്കുന്നത്. ഭക്തി ഗാനത്തിനോട് സാമ്യമുളളതാണ് ഐറ്റം ഡാൻസിന്റെ ഗാനമെന്നാണ് ട്രോളന്മാർ പറയുന്നത്. സത്യയിലെ ചിലങ്കകൾ തോൽക്കും എന്ന ഐറ്റം ഡാൻസാണ് ട്രോളുകളിൽ നിറയുന്നത്.

റോമയുടെ ചടുലമായ നൃത്ത ചുവടുകളും പശ്ചാത്തലത്തിൽ കേൾക്കുന്ന സംഗീതവും തമ്മിൽ ഒരു ചേർച്ച കുറവുണ്ടെന്നാണ് ട്രോളുകൾ പറയുന്നത്. പാട്ട് കേട്ട് ഭക്തി മാർഗം സ്വീകരിച്ചവരെയും ട്രോളുകളിൽ കാണാം. ഇനി സംഗീത സംവിധായകന് പാട്ടിന്റെ കാസറ്റ് മാറിയതാണോയെന്നും ട്രോളന്മാർ ചേദിക്കുന്നുണ്ട്. ഐറ്റം ഡാൻസിന്റെ പല വേർഷനുകൾ കണ്ടിട്ടുണ്ടെങ്കിലും ഇത്രയും ഭയാനകമായ ഒരെണ്ണം ആദ്യമാണെന്നും ട്രോളുകൾ പറയുന്നു.

ട്രോൾ മലയാളം, ഇന്റർനാഷണൽ ചളു യൂണിയൻ തുടങ്ങി പേജുകളാണ് ട്രോളുകൾക്ക് പിന്നിൽ.

യൂട്യൂബിലുളള ചിലങ്കകൾ തോൽക്കും എന്ന ഗാനത്തിന് താഴെ വരുന്നതും ട്രോളുന്ന തരത്തിലുളള കമന്റ്സാണ്. ഗാനത്തിന്റെ സംഗീത സംവിധായകനായ ഗോപി സുന്ദറിന് നേരെയും ട്രോളുകൾ ഉയരുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ