സോഷ്യല്‍ മീഡിയകളിലൂടെയുള്ള വ്യാജ പ്രചാരണങ്ങളുടെ പേരില്‍ ഏറ്റവുമധികം പഴികേട്ടിട്ടുള്ള രാഷ്ട്രീയ പാര്‍ട്ടിയാണ് ബിജെപി. ബിജെപിയ്ക്ക് ‘ഭാരതീയ ഫോട്ടോഷോപ്പ് പാര്‍ട്ടി’ എന്നാണ് ട്രോളന്മാര്‍ മുമ്പ് നല്‍കിയ പേര്’. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ സമയത്ത് ഫോട്ടോഷോപ്പ് ഉപയോഗിച്ച് മലയാള സിനിമാ താരങ്ങളുടെ പേരില്‍ പുറത്തിറങ്ങിയ പോസ്റ്ററുകള്‍ ബിജെപിക്ക് വലിയ തിരിച്ചടിയായിരുന്നു.
തങ്ങളുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് നടത്തിയ വ്യാജപ്രചരണത്തിനെതിരെ ഗായികയായ ഗായത്രി അശോകന്‍, നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍, നീരജ് മാധവ്, പൃഥ്വിരാജ് എന്നിവര്‍ തുറന്നടിച്ച് രംഗത്തെത്തിയും വാര്‍ത്തയായി.

കൂടാതെ മോദിയെയും മറ്റ് സംഘപരിവാര്‍ നേതാക്കളേയും നായകന്മാരായി ചിത്രീകരിച്ചും ഫോട്ടോഷോപ്പ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചു. പോരാതെ ദുബായിയേക്കാളും വലിയ നഗരമായി ഫോട്ടോഷോപ്പിലൂടെ ഗുജറാത്ത് പിറന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രേയല്‍ സന്ദര്‍ശനത്തിനോട് അനുബന്ധിച്ചുളള ചിത്രങ്ങള്‍ ഈയടുത്താണ് പ്രചരിച്ചത്.

ആ കൂട്ടത്തില്‍ പെട്ടതായിരുന്നു മോദിക്ക് ഇസ്രേയലില്‍ ധാരാളം ആരാധകരുണ്ടെന്നും അതിന് തെളിവാണ് തെരുവു ചിത്രകാരന്‍ റോഡില്‍ വരച്ചുകൊണ്ടിരിക്കുന്ന മോദി ചിത്രവും എന്ന പ്രചാരണം. എന്നാല്‍ ഇത് കള്ളമാണെന്നും ഫോട്ടോഷോപ്പ് ചെയ്ത ചിത്രമാണിതെന്നും തെളിവു സഹിതം സോഷ്യല്‍മീഡിയ പൊളിച്ചടുക്കി.

ഫോട്ടോഷോപ്പ് പ്രചരണങ്ങളെ കുറിച്ചുളള ആരോപണങ്ങളും ട്രോളുകളും നിറഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് ബിജെപി നേതാവ് കെ സുരേന്ദ്രന്റെ രംഗപ്രവേശം. മംഗലാപുരം മണ്ഡലം ന്യൂനപക്ഷാമോര്‍ച്ചാ കണ്‍വെന്‍ഷന്റെ ചിത്രങ്ങള്‍ പങ്കുവെച്ചാണ് സുരേന്ദ്രന്‍ ട്രോളന്മാര്‍ക്ക് പണി കൊടുത്തത്. “ഇത് ഫോട്ടോഷോപ്പ് അല്ല” എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രം ഫോട്ടോഷോപ്പ് അല്ലെന്ന് സുരേന്ദ്രന് പറയേണ്ടി വന്ന അവസ്ഥ ബിജെപിയുടെ നഷ്ടപ്പെട്ട വിശ്വാസ്യതയെ ആണ് കാണിക്കുന്നതെന്ന് ട്രോളന്മാര്‍ വിധിച്ചു. പിന്നാലെ സുരേന്ദ്രനെ ട്രോളി നിരവധി ട്രോളുകളും പിറന്നു. ബിജെപിയുടേത് ഫോട്ടോഷോപ്പ് പ്രചരണങ്ങളാണെന്ന ആരോപണങ്ങളെ ട്രോളാന്‍ വേണ്ടിയാണ് ‘ഇത് ഫോട്ടോഷോപ്പ് അല്ല’ എന്ന അടിക്കുറിപ്പോടെ സുരേന്ദ്രന്‍ ഫെയ്സ്ബുക്കിലെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ