സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തൃശൂര്‍ പൂരം വേണ്ടെന്ന് പലയിടങ്ങളിൽ നിന്നും വ്യാപകമായ പ്രതിഷേധങ്ങൾ ഉയരുകയാണ്. ഇത്തവണ തൃശൂർ പൂരം വേണ്ടെന്ന് വയ്ക്കണമെന്ന അഭിപ്രായവുമായി നടി പാർവതി തിരുവോത്തും രംഗത്തെത്തിയിരുന്നു. ‘പൂരം വേണ്ട’ എന്ന ഹാഷ് ടാഗോടെ ട്വിറ്ററിലും ആളുകൾ തങ്ങളുടെ പ്രതിഷേധം അറിയിക്കുന്നുണ്ട്. കോവിഡ് കാലത്ത് തൃശൂർ പൂരം നടത്തരുത് എന്നാവശ്യപ്പെട്ട് ട്രോളുകളും സോഷ്യൽ മീഡിയ ക്യാമ്പെയ്നുകളും സജീവമാകുകയാണ്.
ദുൽഖറും പാർവതിയും ഒന്നിച്ച് അഭിനയിച്ച ‘ചാർലി’ എന്ന ചിത്രത്തിൽ നായകനായ ചാർലി ടെസ്സയെ തൃശൂർ പൂരം കാണാൻ ക്ഷണിക്കുന്ന ഒരു രംഗമുണ്ട്. കോവിഡ് കാലത്ത് തൃശൂർ പൂരം നടത്തുന്നതിനെതിരെ പാർവതിയുടെ പ്രതികരണം കൂടി വന്നതോടെ ‘ചാർലി’യുമായി ബന്ധപ്പെട്ട ട്രോളുകൾ നിറയുകയാണ്.
ചാർലിയുടെ ടെസ ഈ പ്രാവശ്യം പൂരത്തിന് വരുന്നില്ലെന്ന് പറയാൻ പറഞ്ഞു എന്നാണ് ട്രോളന്മാർ പറയുന്നത്. ഇക്കൊല്ലം തൃശൂർ പൂരത്തിന് പോയാൽ അധികം വൈകാതെ ചാർലി ചരമകോളത്തിലെ വാർത്തയാകുമെന്നാണ് മറ്റൊരു ട്രോളിന്റെ സാരാംശം.



സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം വർധിക്കുന്നതിനിടെ തൃശൂർ പൂരം നടത്താനുള്ള നീക്കം പിൻവലിക്കണമെന്നാവശ്യപ്പെട്ട് നിരവധി സാംസ്കാരിക പ്രവർത്തകർ രംഗത്തെത്തിയിരുന്നു.
തൃശൂർ ജില്ലയിൽ മാത്രം പ്രതിദിന കോവിഡ് ബാധിച്ചവർ ആയിരം കടക്കുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിലെത്തി നിൽക്കുകയും ചെയ്യുന്ന സമയത്തുള്ള തൃശൂർ പൂരാഘോഷം അവിവേകമായിരിക്കുമെന്ന് പറയാതിരിക്കാനാവില്ലെന്ന് സാസ്കാരിക പ്രവർത്തകരുടെ സംയുക്ത പ്രസ്താവനയിൽ പറയുന്നു. കെ.ജി.ശങ്കരപ്പിള്ള, വൈശാഖൻ, കല്പറ്റ നാരായണൻ, കെ.വേണു എന്നിവരടക്കമുള്ളവർ പ്രസ്താവനയെ പിന്തുണച്ചിട്ടുണ്ട്.
Read more: ആവശ്യം മാനുഷിക പരിഗണന; തൃശൂർ പൂരം വേണ്ടെന്ന് വയ്ക്കണമെന്ന് പാർവതി