ലണ്ടന്‍: സഞ്ജയ് മഞ്ജരേക്കറെ ട്രോളി സോഷ്യല്‍ മീഡിയ. രവീന്ദ്ര ജഡേജക്കെതിരെ നടത്തിയ പരാമര്‍ശത്തിന് മറുപടിയുമായാണ് ക്രിക്കറ്റ് പ്രേമികള്‍ രംഗത്തുവന്നിരിക്കുന്നത്. ശ്രീലങ്കക്കെതിരായ മത്സരത്തില്‍ സ്ഥാനം ലഭിച്ച ജഡേജ തന്റെ ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് സ്വന്തമാക്കി. ഇതിനു പിന്നാലെയാണ് മഞ്ജരേക്കര്‍ക്കെതിരെ ട്രോളുകള്‍ ആരംഭിച്ചത്.

Read Also: ‘വായടയ്ക്കൂ, നിങ്ങള്‍ കളിച്ചതിന്റെ ഇരട്ടി മത്സരം ഞാന്‍ കളിച്ചിട്ടുണ്ട്’; ആഞ്ഞടിച്ച് ജഡേജ

ജഡേജ വിക്കറ്റ് സ്വന്തമാക്കുമ്പോള്‍ കമന്ററി ബോക്‌സിലുണ്ടായിരുന്നത് സാക്ഷാല്‍ മഞ്ജരേക്കര്‍ തന്നെ. പിന്നീടങ്ങോട്ട് ട്രോളുകളുടെ പൂരമായിരുന്നു. മഞ്ജരേക്കറുടെ പരാമര്‍ശത്തിന് വിക്കറ്റ് സ്വന്തമാക്കി ജഡേജ മറുപടി നല്‍കിയിരിക്കുകയാണെന്ന് ട്രോളന്‍മാര്‍ പറയുന്നു. ബംഗ്ലാദേശിനെതിരായ മത്സരത്തിന് മുന്‍പാണ് ജഡേജയെ കുറിച്ച് മഞ്ജരേക്കര്‍ സംസാരിച്ചത്. മഞ്ജരേക്കറുടെ പരാമര്‍ശം പിന്നീട് വിവാദമായി. ജഡേജയെ വിമര്‍ശിക്കാന്‍ മഞ്ജരേക്കര്‍ക്ക് എന്ത് യോഗ്യതയാണുള്ളതെന്ന് പലരും ചോദിച്ചു.

സഞ്ജയ് മഞ്ജരേക്കര്‍ നടത്തിയ ‘ബിറ്റ്‌സ് ആന്റ് പീസസ്’ പ്രയോഗമാണ് വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്. ‘ജഡേജയെ പോലെയുള്ള താരങ്ങളുടെ ഫാനല്ല ഞാന്‍. ഏകദിനത്തില്‍ സ്ഥാനമില്ല അയാള്‍ക്കിന്ന്. പക്ഷെ ടെസ്റ്റില്‍ നല്ല ബോളറാണ്” എന്നായിരുന്നു ജഡേജയെ കുറിച്ച് മഞ്ജരേക്കര്‍ പറഞ്ഞത്. എന്നാൽ ഇതിനെതിരെ ജഡേജ തന്നെ രംഗത്തെത്തിയിരുന്നു.

”നിങ്ങളേക്കാള്‍ ഇരട്ടി മത്സരങ്ങള്‍ കളിച്ചിട്ടുണ്ട് ഞാന്‍. ഇപ്പോഴും കളിക്കുന്നു. ആളുകളെ ബഹുമാനിക്കാന്‍ പഠിക്കൂ. നിങ്ങളുടെ വിടുവായത്തം കേട്ട് മതിയായി” എന്നായിരുന്നു ജഡേജയുടെ മറുപടി. ഇന്ത്യയ്ക്കായി 151 ഏകദിനങ്ങള്‍ കളിച്ചിട്ടുണ്ട് ജഡേജ. ഇതില്‍ നിന്നും 2035 റണ്‍സും 174 വിക്കറ്റും നേടിയിട്ടുണ്ട്. അതേസമയം, മഞ്ജരേക്കര്‍ 74 ഏകദിനങ്ങളാണ് കളിച്ചത്. അതില്‍ നിന്നും 1994 റണ്‍സാണ് നേടിയിട്ടുള്ളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook