മുതലയെ പിടിക്കാന്‍ പോയ ബാല്‍ നരേന്ദ്രയെ ട്രോളി കേരളത്തിലെ ട്രോളന്‍മാര്‍. ‘മാന്‍ വേഴ്‌സസ് വൈല്‍ഡ്’ എന്ന പരിപാടിയുടെ ആദ്യ എപ്പിസോഡ് സംപ്രേഷണം ചെയ്തത് മുതലാണ് ട്രോളുകള്‍ സജീവമായത്. നേരത്തെയും ട്രോളുകള്‍ ഉണ്ടായിരുന്നെങ്കിലും നരേന്ദ്ര മോദിയുടെ മുതലക്കുഞ്ഞ് കഥ കേട്ടതു മുതല്‍ പിന്നെ ചറപറാന്ന് ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍. അവതാരകന്‍ ബെയര്‍ ഗ്രില്‍സിന്റെ ചോദ്യത്തിന് കുട്ടിക്കാലത്ത് താന്‍ തടാകത്തില്‍ നിന്ന് മുതക്കുഞ്ഞിനെ പിടിച്ച് വീട്ടിലേക്ക് കൊണ്ടുവന്നു എന്ന് മോദി പറഞ്ഞിരുന്നു. ഇതാണ് ഇപ്പോള്‍ ട്രോളുകളിലെ മുഖ്യ വിഷയം

“ചെറിയ കുട്ടിയായിരുന്നപ്പോള്‍ കുളിക്കാനായി തടാകത്തില്‍ പോകുമായിരുന്നു, ഒരു ദിവസം തടാക തീരത്ത് നിന്ന് കിട്ടിയ മുതലക്കുഞ്ഞുമായി ഞാന്‍ വീട്ടിലെത്തി. എന്നാല്‍, അമ്മ എന്റെ തെറ്റ് ചൂണ്ടിക്കാട്ടി. ഇത് ശരിയല്ലെന്നും തിരിച്ച് കൊണ്ടുവിടണമെന്നും അമ്മ പറഞ്ഞു. താന്‍ അപ്പോള്‍ തന്നെയത് അനുസരിച്ചു” – പരിപാടിക്കിടെ മോദി പറഞ്ഞു.

നരേന്ദ്ര മോദിയെ കുറിച്ച് ബെയർ ഗ്രിൽസ് പറഞ്ഞത്:

”മോദി എപ്പോഴും സൗമ്യനായിരുന്നു. വളരെ മോശം കാലാവസ്ഥയിലും നരേന്ദ്ര മോദി ചിരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മുഖത്ത് എപ്പോഴും പുഞ്ചിരിയുണ്ടായിരുന്നു. പരിപാടി ഷൂട്ട് ചെയ്ത വനം ഏറെ ഉയരമുള്ള പ്രദേശമായിരുന്നു. മുകളിലേക്ക് കയറും തോറും ഏറെ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. മുകളില്‍ നിന്ന് ചെറിയ പാറക്കല്ലുകള്‍ ദേഹത്തേക്ക് പതിക്കുന്നുണ്ടായിരുന്നു. ഇടവിട്ട് ഇടവിട്ട് മഴ പെയ്തിരുന്നു. എന്നാല്‍, ഈ സമയത്തെല്ലാം നരേന്ദ്ര മോദി സൗമ്യനായി കാണപ്പെട്ടു. വനത്തിലെ ഏറ്റവും ഉയര്‍ന്ന ഭാഗത്തേക്ക് എത്തിയപ്പോഴും അദ്ദേഹത്തെ വളരെ ശാന്തനായി തന്നെ കാണപ്പെട്ടു. അദ്ദേഹം ലോകത്തിലെ മികച്ച നേതാവാണ് എന്നതിന് തെളിവാണിത്. പ്രതിസന്ധിയിലും അദ്ദേഹം ശാന്തനാണ്,”

നരേന്ദ്ര മോദി വളരെ എളിയവനാണ്. യാത്രയില്‍ മഴ പെയ്യുന്നുണ്ടായിരുന്നു. രഹസ്യ സംഘത്തിലെ സഹായകര്‍ നരേന്ദ്ര മോദിക്ക് ഒരു കുട എത്തിക്കാനുള്ള ശ്രമത്തിലായിരുന്നു. എന്നാല്‍, മോദി കുട വേണ്ട എന്ന് പറഞ്ഞു. മാത്രമല്ല, തനിക്ക് കുഴപ്പമൊന്നുമില്ല എന്നും മോദി അവരോട് പറഞ്ഞു. കനത്ത മഴയുണ്ടായിരുന്നു. മാത്രമല്ല, ശരീരമൊക്കെ തണുത്ത് വിറക്കുന്ന തരത്തിലുള്ള തണുപ്പും. എന്നാല്‍, അപ്പോഴെല്ലാം മോദിയുടെ മുഖത്ത് ചിരിയുണ്ടായിരുന്നുവെന്നും ബെയര്‍ ഗ്രില്‍സ് പറഞ്ഞു.

ബെയര്‍ ഗ്രില്‍സ് മോദിയോട് നിങ്ങള്‍ കാട്ടിലായിരുന്നോ എന്ന് ചോദിക്കുന്നുണ്ട്. അതിന് മറുപടിയായി ചെറുപ്പത്തില്‍ താന്‍ ഹിമാലയത്തില്‍ ആയിരുന്നുവെന്ന് മോദി മറുപടി നല്‍കുന്നത് വീഡിയോയില്‍ കാണാം. പുലി വന്നാല്‍ ഇങ്ങനെ കുത്തണമെന്ന് പറഞ്ഞ് മോദിയുടെ കയ്യിലേക്ക് ബെയര്‍ ഗ്രില്‍സ് ആയുധം കൊടുക്കുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍, എതിരാളികളെ ആക്രമിക്കുന്ന സംസ്‌കാരം തനിക്കില്ലെന്ന് നരേന്ദ്ര മോദി മറുപടിയായി പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook