അങ്ങനെ ചുമ്മാ അങ്ങ് ചിരിച്ചു തള്ളാന്‍ വരട്ടെ, മലയാള ഭാഷയ്ക്ക് ട്രോളന്മാര്‍ നല്‍കിയ സംഭാവനകളുടെ കൂടി കണക്കെടുത്തില്ലെങ്കില്‍ ഈ വര്‍ഷം പൂര്‍ണമാകില്ല. ട്രോള്‍ഗ്രൂപ്പുകളില്‍ മാത്രം കണ്ടുവന്നിരുന്ന ചില പ്രത്യേക വാക്കുകള്‍ ഇന്ന് മലയാളിയുടെ നിത്യ ജീവിതത്തിന്റെ ഭാഗമാണ്. വാക്കുകള്‍ ഒരുപാടുണ്ടെങ്കിലും ‘കുമ്മനടി’ പോലെ ഹിറ്റായ മറ്റൊന്നില്ല. ട്രോള്‍ നിഘണ്ടുവിലൂടെ ഒന്നു കണ്ണോടിച്ചാല്‍ ഇങ്ങനെയിരിക്കും.

1. കുമ്മനടി:
കൊച്ചി മെട്രോയ്‌ക്കൊപ്പം വന്‍ സ്വീകാര്യതയോടെ ഉദ്ഘാടനം ചെയ്യപ്പെട്ട ഒരു വാക്കാണ് കുമ്മനടി. മെട്രോയുടെ ആദ്യയാത്രയില്‍ പ്രധാനമന്ത്രിയ്ക്കും മുഖ്യമന്ത്രിയ്ക്കും മറ്റു പ്രമുഖര്‍ക്കുമൊപ്പം ക്ഷണിക്കപ്പെടാത്ത അതിഥിയായി എത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ട്രോളന്മാര്‍ കൊടുത്ത പണി. ചുരുക്കിപ്പറഞ്ഞാല്‍ വിളിക്കാതെ വലിഞ്ഞുവരുന്ന ഒരു പ്രത്യേക പ്രതിഭാസത്തെയാണ് നമ്മള്‍ കുമ്മനടി എന്നു വിളിക്കുന്നത്.

2. അമിട്ടടി
നമ്മളിലൊക്കെ കാണും ഒരു അമിട്ടടിക്കാരന്‍ അല്ലെങ്കില്‍ അമിട്ടടിക്കാരി. പറഞ്ഞ് പറ്റിച്ച് മുങ്ങുന്നയാള്‍ എന്നതാണ് ട്രോളന്മാര്‍ ഇതിനു നല്‍കിയ അര്‍ത്ഥം. ബിജെപി ജനരക്ഷാ യാത്ര ആരംഭിക്കുകയും എന്നാല്‍ യാത്രയ്ക്ക് പ്രതീക്ഷിച്ച പിന്തുണയില്ലാതായതോടെ അമിത് ഷാ പരിപാടി അവസാനിപ്പിച്ച് തിരിച്ചു പോയി. അങ്ങനെ ‘അമിട്ടടി’ ഉണ്ടായി.

3. റിലാക്‌സേഷന്‍
അടുത്തകാലത്തായി എല്ലാവരും ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിക്കുന്ന വാക്കാണ് റിലാക്‌സേഷന്‍. ഈ വാക്കിന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ ഭാര്യ ഷീല അല്‍ഫോന്‍സ് കണ്ണന്താനത്തോട് നമ്മള്‍ കടപ്പെട്ടിരിക്കുന്നു. മാനസിക പിരിമുറുക്കത്തിന് അയവുവരുന്ന അവസ്ഥയെയാണ് സാധാരണ നമ്മള്‍ റിലാക്‌സേഷന്‍ എന്നു വിളിക്കുന്നത്. ഇവിടേയും അതു തന്നെ അര്‍ത്ഥം. വേണേല്‍ ‘തള്ളാ’നും ഉപയോഗിക്കാം.

4. തള്ളന്താനം
തള്ളുന്ന കാര്യം പറയുമ്പോള്‍ തള്ളന്താനം എന്ന വാക്ക് മറക്കരുത്. ഇതിനും കടപ്പാട് അല്‍ഫോന്‍സ് കണ്ണന്താനത്തോടു തന്നെ. തള്ളിത്തള്ളി ഒരുവശത്താക്കുന്ന അവസ്ഥയാണിത്. പച്ചമലയാളത്തില്‍ പൊങ്ങച്ചം എന്നും പറയാം.

5. ഓഎംകെവി

ഓഎംകെവിയുടെ അര്‍ത്ഥം പിന്നെ പറഞ്ഞു തരേണ്ട ആവശ്യമില്ല. ട്രോള്‍ ഗ്രൂപ്പുകള്‍ വഴി പ്രശസ്തി നേടിയ ഈ വാക്കിന് കൂടുതല്‍ മൈലേജ് കിട്ടിയത് ഒരാഴ്ച മുമ്പാണ്. കസബ വിവാദത്തെ തുടര്‍ന്ന് നടി പാര്‍വതിയെ കളിയാക്കിയ സംവിധായകന്‍ ജൂഡ് ആന്റണിയോട് കണ്ടം വഴി ഓടാന്‍ പാര്‍വതി പറഞ്ഞതോടെ സോഷ്യല്‍ മീഡിയ ഈ വാക്കിനെ അങ്ങ് ദത്തെടുത്തു എന്നു തന്നെ പറയാം. ഇത്ര ഭംഗിയായി ഓഎംകെവിയെ തുന്നിച്ചേർത്തത് ആയിശ മെഹ്മൂദാണ്.

6. കിടുവേ
കിടിലം, കലക്കി എന്നൊക്കെയാണ് മുമ്പ് ഉപയോഗിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ കിടുവേ എന്നാണ് നമ്മള്‍ പറയാറ്. വേണമെങ്കില്‍ പൊളിച്ചു എന്നും പറയാം.

ഇനി മുന്‍കാലങ്ങളില്‍ ഉപയോഗിച്ചിരുന്നതും, ഇപ്പോഴും പുതുമ നഷ്ടപ്പെടാതെ കട്ടക്ക് പിടിച്ചു നില്‍ക്കുന്നതുമായ വാക്കുകള്‍

തേപ്പ്: സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഉപയോഗിക്കുന്ന ഒരു പദമാണ് തേപ്പ്. പറ്റിക്കുക എന്നതിന്റെ ട്രോള്‍ ഭാഷയാണിത്

ചളി: നല്ല അറുബോറന്‍ തമാശ. പറയുന്ന ആള്‍ പോലും ചിരിക്കില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. ചളിയുടെ പേരില്‍ ഒരു ഗ്രൂപ്പ് തന്നെയുണ്ട്. ഇന്റര്‍നാഷണല്‍ ചളു യൂണിയന്‍.

സംഘി: സംഘപരിവാറുകാരെ ചുരുക്കി ട്രോളന്മാര്‍ സംഘിയെന്നാണ് വിളിക്കുന്നത്.

കമ്മി: കമ്മ്യൂണിസ്റ്റുകാരെ കമ്മിയെന്നാണ് സോഷ്യല്‍ മീഡിയ വിളിക്കുന്നത്.

സുഡാപ്പി: എസ്ഡിപിഐ പാർട്ടിക്കാരെയാണ് സുഡാപ്പികള്‍ എന്നു വിളിക്കുന്നത്

കൊങ്ങി: സംശയം വേണ്ട, കോണ്‍ഗ്രസ്സുകാര്‍ തന്നെ.

ലെ, മീനവിയല്‍, ഇസ്തം, കുഞ്ഞാവ ഇങ്ങനെ വാക്കുകള്‍ ഇനിയുമുണ്ട്. ട്രോളി ട്രോളി ട്രോളന്മാര്‍ ഒടുക്കം ഒരു നിഘണ്ടു തന്നെ ഉണ്ടാക്കിയയെന്നു പറഞ്ഞാല്‍ അതൊരു ‘തള്ളാ’കില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook