ഗൂഗിളിൽ ഏതെങ്കിലുമൊരു സ്ഥാപനത്തെ കുറിച്ച് നിങ്ങൾ സെർച്ച് ചെയ്‌താൽ താഴെ പലരും അവരുടെ അഭിപ്രായങ്ങൾ പറയുന്നതായി കാണാം. കൂടുതലും ഹോട്ടലുകൾ, ബുട്ടീക്കുകൾ, ബ്യൂട്ടി പാർലർ എന്നിവയെ പറ്റിയുള്ള റിവ്യൂസാണ് പൊതുവെ എല്ലാവരും കൊടുക്കാറുള്ളത്. എന്നാൽ തികച്ചും വ്യത്യസ്തവും കൗതുകവും നിറഞ്ഞൊരു റിവ്യൂ ആണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്.
ആലുവ പൊലീസ് സ്റ്റേഷനെ കുറിച്ച് ഒരു യുവാവ് എഴുതിയ റിവ്യൂ ആണ് വൈറലാകുന്നത്. ട്രോൾ ആലുവ എന്ന പേജിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. “ഞാൻ നാലു തവണ ആ സ്റ്റേഷനിൽ പോയിട്ടുണ്ട്. മാസ്ക്, ഹെൽമറ്റ്, ലൈസൻസ് എന്നിവയില്ലാത്തതു കൊണ്ട് എന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു. വളരെ നല്ല അന്തരീക്ഷമാണ്, ബോറഡിക്കുകയുമില്ല. എല്ലാവർക്കും ഞാനീ പൊലീസ് സ്റ്റേഷൻ റെക്കമെന്റ് ചെയ്യുന്നു” ഇങ്ങനെയാണ് റിവ്യൂവിൽ പറയുന്നത്. വായിക്കുമ്പോൾ ചിരിപ്പിക്കുന്ന ഈ റിവ്യൂ തമാശപൂർവം എഴുതിയതതാണെന്ന് കരുതുന്നു.
റിവ്യൂ കുറിച്ച വ്യക്തിയെ ടാക് ചെയ്തും ആളുകൾ വീഡിയോയ്ക്ക് താഴെ കമന്റു ചെയ്യുന്നുണ്ട്. ഞങ്ങൾ പൊലീസ് സ്റ്റേഷനിലെത്താൻ പരമാവധി ശ്രമിക്കുന്നതാകും എന്ന രസകരമായ കമന്റുകളും വീഡിയോയ്ക്ക് താഴെ നിറയുന്നു.