ഇന്നലെ റിലീസ് ചെയ്ത ‘പേട്ട’യിലെ പോസ്റ്ററിൽ സിമ്രാൻ അണിഞ്ഞ കോസ്റ്റ്യൂമിന് സൂപ്പർഹിറ്റ് ചിത്രമായ ’96’ലെ തൃഷയുടെ കോസ്റ്റ്യൂമുമായുള്ള സാദൃശ്യം കണ്ടുപിടിച്ച് സോഷ്യൽ മീഡിയ. പേട്ടയുടെ പോസ്റ്ററിൽ മഞ്ഞ കുർത്തയും ഗ്രീനിഷ് ബ്ലൂ നിറത്തിലുള്ള ഷാളും അണിഞ്ഞായിരുന്നു സിമ്രാൻ പ്രത്യക്ഷപ്പെട്ടത്. ആ കോസ്റ്റ്യൂമിന് ’96’ലെ തൃഷയുടെ കുർത്തയുമായുള്ള സാമ്യം കണ്ടുപിടിക്കുകയാണ് സോഷ്യൽ മീഡിയയിലെ ’96’ ആരാധകർ. ഇതുമായി ബന്ധപ്പെട്ട ട്രോളുകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

എന്റെ ആളുടെ കൂടെ പുറത്തുപോവാൻ നിന്റെ ചുരിദാർ തരുമോ എന്ന് സിമ്രാൻ തൃഷയോട് ചോദിക്കുന്നതും അതിനെന്താ എടുത്തോളൂ എന്ന് തൃഷ പറയുന്നതുമാണ് ട്രോളുകളിൽ നിറയുന്ന നർമ്മസംഭാഷണം.

ഇന്നലെ ‘പേട്ട’യുടെ പോസ്റ്റർ സിമ്രാൻ ട്വിറ്ററിൽ ഷെയർ ചെയ്തപ്പോൾ ‘സിം, നിങ്ങൾ വളരെ സുന്ദരിയും ചെറുപ്പവുമായി തോന്നുന്നു,’ എന്ന് തൃഷ കമന്റ് ചെയ്യുകയും ചെയ്തിരുന്നു.

സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘പേട്ട’. ചെറിയൊരു ഇടവേളയ്ക്ക് ശേഷം സിമ്രാൻ പേട്ടയിലൂടെ തിരിച്ചെത്തുകയാണ്. സിമ്രാൻ രജനീകാന്തിനൊപ്പം ആദ്യമായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും ‘പേട്ട’യ്ക്കുണ്ട്.

കാർത്തിക് സുബ്ബരാജാണ് സംവിധായകൻ. വലിയ താരനിരയുമായാണ് പേട്ട എത്തുന്നത്. രജനീകാന്തിന് പുറമെ സിമ്രാൻ, തൃഷ, വിജയ് സേതുപതി, ബോളിവുഡ് താരം നവസുദ്ദീൻ സിദ്ധിഖി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. അനിരുദ്ധ് രവിചന്ദർ ആദ്യമായി രജനീകാന്ത് ചിത്രത്തിന് സംഗീതമൊരുക്കുന്നു എന്ന പ്രത്യേകതയും പേട്ടയ്ക്കുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ