scorecardresearch

പാര്‍ട്ടി തോറ്റ് തൊപ്പിയിട്ടു, ഫെയ്സ്ബുക്ക് ലൈവില്‍ പകുതി മൊട്ടയടിച്ച് അണി

താനൊരു കമ്മ്യൂണിസ്റ്റ്കാരനായത് കൊണ്ടാണ് വാക്ക് പാലിക്കുന്നതെന്നും പരവൂര്‍ സ്വദേശി പറയുന്നു

പാര്‍ട്ടി തോറ്റ് തൊപ്പിയിട്ടു, ഫെയ്സ്ബുക്ക് ലൈവില്‍ പകുതി മൊട്ടയടിച്ച് അണി

കൊല്ലം: ത്രിപുരയില്‍ സിപിഎം തോറ്റാല്‍ പകുതി മൊട്ടയടിക്കുമെന്ന് വാക്ക് പറഞ്ഞ സിപിഎം പ്രവര്‍ത്തകന്‍ ഫെയ്സ്ബുക്ക് ലൈവില്‍ മൊട്ടയടിച്ചു. മാണിക് സര്‍ക്കാര്‍ സര്‍ക്കാര്‍ താഴെ വീണാല്‍ പകുതി മൊട്ട അടിച്ച് പരവൂരിലെ ഓട്ടോ സ്റ്റാന്റുകളില്‍ ഓട്ടോ ഓടിച്ച് പോകുമെന്ന് മണികണ്ഠൻ പിളള എന്നയാള്‍ പോസ്റ്റ് ഇട്ടിരുന്നു. ഫെബ്രുവരി 28നായിരുന്നു ഫെയ്സ്ബുക്ക് പോസ്റ്റ്.

തുടര്‍ന്ന് ത്രപുരയിലെ ജനവിധി പുറത്തുവന്നതോടെ അദ്ദേഹം ബാര്‍ബര്‍ ഷോപ്പിലെത്തി പകുതി മൊട്ടയടിച്ച് ഫെയ്സ്ബുക്ക് ലൈവില്‍ വരികയായിരുന്നു. ബാര്‍ബര്‍ ഷോപ്പുകാര്‍ ബുദ്ധിമുട്ട് അറിയിച്ചത് കൊണ്ട് ഓട്ടോ ഓടിച്ച് പോകുന്നില്ലെന്നും അദ്ദേഹം പറയുന്നുണ്ട്. താനൊരു കമ്മ്യൂണിസ്റ്റ്കാരനായത് കൊണ്ടാണ് വാക്ക് പാലിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിജെപി അധികാരത്തിലേക്ക് എത്തുമ്പോള്‍ സിപിഎമ്മിന്റേയും കോണ്‍ഗ്രസിന്റേയും തോല്‍വിയെ സോഷ്യല്‍ മീഡിയയില്‍ കളിയാക്കപ്പെടുന്നുണ്ട്. 25 വര്‍ഷത്തെ സിപിഎം ഭരണത്തിന് അവസാനമിട്ട ത്രിപുരയാണ് ട്രോളുകളുടെ മുഖ്യ വിഷയം. നാഗാലാന്റിലേയും മേഘാലയിലേയും ബിജെപിയുടെ വിജയവും സോഷ്യല്‍ മീഡിയയില്‍ ട്രോളുകളായി മാറുന്നുണ്ട്.

സിപിഎമ്മിന് പുറമെ കോണ്‍ഗ്രസിന്റെ പ്രകടനത്തേയും സോഷ്യല്‍ മീഡിയ പൊങ്കാലയിടുന്നുണ്ട്. പരാജയത്തെ കുറിച്ചുള്ള സിപിഎം പ്രവര്‍ത്തകരുടെ പ്രതികരണങ്ങളും ട്രോളുകള്‍ക്ക് വിഷയമാകുന്നുണ്ട്.
‘ചുവന്ന കൊടി ഇനി ഇന്ത്യന്‍ റെയില്‍വേയ്ക്ക് സ്വന്തം’, എന്നായിരുന്നു ഹിറ്റായി മാറിയ ഒരു ട്രോള്‍. സന്ദേശം സിനിമയിലെ രംഗങ്ങളും ട്രോളുകള്‍ക്ക് വിഷയമായിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലം അവലോകം ചെയ്യുന്നതിനിടെ പ്രകാശ് കാരാട്ടിനോട് ബിജെപിയെന്നൊരു പാര്‍ട്ടിയെ മുമ്പിവിടെ കണ്ടിട്ടില്ലെന്ന് പറഞ്ഞ് ന്യായീകരിക്കുന്ന മണിക് സര്‍ക്കാരിന്റെ ട്രോളും ഹിറ്റായി മാറിയിട്ടുണ്ട്.

അതേസമയം, സിപിഎമ്മും ബിജെപിയും തമ്മില്‍ കിട്ടിയ വോട്ടുകളെ കുറിച്ച് പറയുമ്പോല്‍ ബിജുക്കുട്ടനെ പോലെ ‘ഒന്നും പറയാനില്ലെന്ന്’ പറയുന്ന കോണ്‍ഗ്രസും ട്രോളുകളിലെ സാന്നിധ്യമാണ്.
ചെങ്കോട്ടയായിരുന്ന ത്രിപുരയിലെ പരാജയത്തോടെ സിപിഎം ഭരിക്കുന്ന ഏക സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്. ഇതിനേയും ചിലര്‍ ട്രോളുന്നുണ്ട്. മൂന്നില്‍ രണ്ട് ഭൂരിപക്ഷവുമായാണ് ത്രിപുരയിലെ ബിജെപി മുന്നേറ്റം. 59 സീറ്റില്‍ 40 ലധികവും ബിജെപി-ഐപിഎഫ്ടി സഖ്യം നേടുകയായിരുന്നു. 17 സീറ്റുകളാണ് സിപിഎം നേടിയത്.

അതേസമയം, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 36 ശതമാനം വോട്ട് നേടിയ കോണ്‍ഗ്രസ് ഇത്തവണ രണ്ട് ശതമാനത്തിലേക്ക് ഒതുങ്ങി.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Tripura election result cpm supporter shaves his head in fb live