പലരും തങ്ങളുടെ പങ്കാളികൾക്കൊപ്പം വിവാഹത്തിനു മുൻപ് രസകരമായ ചിത്രങ്ങളും വീഡിയോയുമൊക്കെ പകർത്താറുണ്ട്. പ്രിയപ്പെട്ടവരെ വിവാഹ തീയതി ഓർമിപ്പിക്കുവാനായി പങ്കാളികൾ തിരഞ്ഞെടുക്കുന്ന ഒരു എളുപ്പവഴി കൂടിയാണ് സേവ് ദി ഡേറ്റ് എന്ന ആശയം. തങ്ങളുടെ സേവ് ദി ഡേറ്റ് മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി എങ്ങനെയൊരുക്കാം എന്നാണ് പലരും ചിന്തിക്കുന്നത്. ചിലർ വൈറലാകുന്നതിനു വേണ്ടി സാഹസികമായ കാര്യങ്ങൾ പരീക്ഷിക്കുമ്പോൾ മറ്റു ചിലരുടെ വീഡിയോകൾ മനപൂർവ്വമല്ലാതെ വൈറലാകാറുണ്ട്. ഇത്തരത്തിൽ വ്യത്യസ്തമായി സേവ് ദി ഡേറ്റ് പകർത്താനായി സാഹസികമായ കാര്യങ്ങൾ ചെയ്ത് അപകടത്തിൽ പെട്ടവരുമുണ്ട്.
അനവധി സേവ് ദി ഡേറ്റ് വീഡിയോകൾ നമ്മുടെ സോഷ്യൽ മീഡിയ റീലുകളിൽ ഒരു ദിവസം നിറയാറുണ്ട്. അതിൽ തന്നെ അത്ര ആകർഷകമായവയിൽ മാത്രമാണ് നമ്മുടെ കണ്ണുടക്കാറുള്ളത്. അത്തരത്തിൽ വളരെ വ്യത്യസ്തമായ ആശയം കൊണ്ടും ദൃശ്യ ഭംഗി കൊണ്ടും സോഷ്യൽ മീഡിയയിൽ ഒരു സേവ് ദി ഡേറ്റ് വീഡിയോ വൈറലാവുകയാണ്.
മാധ്യമപ്രവർത്തകരായ അഞ്ജലിയുടെ അവനീതിന്റെയും സേവ് ദി ഡേറ്റ് വീഡിയോയാണ് ശ്രദ്ധ നേടുന്നത്. ഗോത്ര വംശത്തിലുള്ള ഇവരുടെ ആഗ്രഹമായിരുന്നു ഇത്തരത്തിൽ വ്യത്യസ്തമായൊരു വീഡിയോ പകർത്തുകയെന്നത്. മെയ് 29 നാണ് ഇരുവരുടെ വിവാഹം. ‘ഏങ്കളാ കല്യാണാഞ്ചു’ എന്നാണ് വീഡിയോയിൽ ഇവർ കുറിച്ചിരിക്കുന്നത്. പണിയ ഭാഷയിലുള്ള ഈ വാക്കിന്റെ അർത്ഥം ഞങ്ങളുടെ കല്യാണമാണെന്നാണ്.
പാട്ടും, വാദ്യോപകരണങ്ങളുമെല്ലാം വീഡിയോയിൽ നിറയുന്നുണ്ട്. വളരെ മനോഹരമായാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. വയനാട് വന്യജീവി സങ്കേതത്തിൽ വച്ചാണ് ദൃശ്യങ്ങൾ പകർത്തിയത്. സോഷ്യൽ മീഡിയയിലൂടെ ഈ വ്യത്യസ്തമായ സേവ് ദി ഡേറ്റ് വീഡിയോ ശ്രദ്ധ നേടുകയാണ്.