മൂന്നു മാസങ്ങൾക്കു മുൻപ് സോഷ്യൽ മീഡിയയിൽ ഒരു പ്രണയകഥയുടെ വീഡിയോ വൈറലായിരുന്നു. ‘ഇന്റർകാസ്റ്റ് പ്രണയം’ എന്ന രീതിയിൽ പ്രചരിച്ച വീഡിയോയ്ക്ക് ലക്ഷകണക്കിന് വ്യൂസും ലൈക്കുമാണ് ലഭിച്ചത്. വീട്ടിൽ വളർത്തുന്ന പേർഷ്യൻ പൂച്ചയെ പ്രണയിക്കുന്ന നാടൻ പൂച്ചയുടെ പ്രണയകഥ പകർത്തിയത് അർഷിത് ബിൻ ബഷീറാണ്. ചിന്നു എന്നാണ് പേർഷ്യൻ പൂച്ചയുടെ പേര്. ചിന്നുവിനെ പ്രണയം നിറഞ്ഞ കണ്ണുകളോടെ നോക്കി നിൽക്കുന്ന നാടൻ പൂച്ചയുടെ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയായിരുന്നു.രസകരമായ കമന്റുകളാണ് അന്ന് വീഡിയോയ്ക്ക് താഴെ നിറഞ്ഞത്.
ഈ പ്രണയകഥയുടെ രണ്ടാം ഭാഗം ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. തന്റെ പ്രണയിനിയെ മൂന്നു മാസത്തിനു ശേഷം കാണുമ്പോൾ അവൾക്കു വേറെ കുട്ടികളുണ്ടെന്നറിഞ്ഞ് കരയുന്ന നാടൻ പൂച്ചയുടെ വീഡിയോ വീണ്ടും വൈറലാവുകയാണ്. അനവധി ആളുകളാണ് രസകരമായ കമന്റുകൾ വീഡിയോയ്ക്കു താഴെ കുറിച്ചിരിക്കുന്നത്. ‘പോയെടാ വെണ്ണിലാ ചന്ദനകിണ്ണം പോയി’ തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങളിലെ ഡയലോഗ് വരെ അതിൽ ഉൾപ്പെടുന്നുണ്ട്.
സോഷ്യൽ മീഡിയയിലൂടെ നിരവധി പേർ വൈറലാകാറുണ്ട്. മനുഷ്യർ മാത്രമല്ല മൃഗങ്ങളും ഒരു പോലെ ശ്രദ്ധിക്കപ്പെടുന്നൊരു മാധ്യമമായി സോഷ്യൽ മീഡിയ മാറി കഴിഞ്ഞു. നിമിഷങ്ങൾക്കകമാണ് രസകരമായ വീഡിയോകൾ ട്രെൻഡി ലിസ്റ്റിലിടം നേടുന്നത്. ചിന്നുവും അവളെ ജീവിനുതുല്യം സ്നേഹിച്ചിരുന്ന നാടൻ പൂച്ചയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയ റീൽസിൽ നിറയുന്നത്.