സോഷ്യൽ മീഡിയയിൽ ഇപ്പോൾ ട്രെൻഡ് 30 മുതൽ 60 സെക്കൻഡ് വരെയുള്ള വീഡിയോകളാണ്. റീലുകളിലൂടെ പ്രശസ്‌തി നേടിയ അനവധി താരങ്ങളും നമ്മുക്ക് ചുറ്റുമുണ്ട്. കോവിഡ് കാലത്ത് വെറുതെ സമയം ചെലവഴിക്കാനായി റീലുകൾ ചെയ്യാൻ ആരംഭിച്ച പലരും ഇന്ന് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരാണ്.റീലുകൾ വൈറലാവുകയെന്നത് ഇന്നത്തെ യുഗത്തിൽ വളരെ സാധരണയായൊരു കാര്യമാണ്. വ്യത്യസ്‌തമായ വീഡിയോകൾ ആരു ചെയ്യുന്നുവോ അവർക്കാവാണ് ഇവിടെ കൂടുതൽ വ്യൂസും ലൈക്കുമൊക്കെ ലഭിക്കുക. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഒരു എഡിറ്റിങ്ങ് സിംഹത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ നിറയുകയാണ്.
പേളി മാണിയുൾപ്പെടെ അനവധി താരങ്ങൾ കമന്റ് ചെയ്‌തതിനു പിന്നാലെയാണ് വീഡിയോ വൈറലായത്. 30 സെക്കൻഡുള്ള വീഡിയോയിൽ കണ്ണടച്ചു തുറക്കുമ്പോൾ വസ്ത്രം മാറി മാറിയിടുന്ന യുവാവിനെ കാണാം. 54 ചെറിയ ക്ലിപ്പുകൾ നാലു മണിക്കൂർ കൊണ്ട് എഡിറ്റ് ചെയ്‌താണ് ഈ രസകരമായ വീഡിയോ വികേഷ് മിശ്ര ഒരുക്കിയത്. പിന്നണിയിൽ വസ്ത്രങ്ങൾ കൊണ്ട് നിറഞ്ഞ വികേഷിന്റെ മുറിയും കാണാം. യുവാവിന്റെ അധ്വാനത്തെ അഭിനന്ദിച്ചു കൊണ്ടുള്ള അനവധി കമന്റുകളും വീഡിയോയ്ക്ക് താഴെ നിറയുന്നുണ്ട്.
ഗുജറാത്ത് സ്വദേശിയായ യുവാവിന്റെ വീഡിയോയ്ക്ക് 2.5 മില്യൻ വ്യൂസാണ് ലഭിച്ചത്. സോഷ്യൽ മീഡിയയിൽ സജീവമായ വികേഷ് ഇത്തരത്തിൽ വീഡിയോകൾ ഇതിനു മുൻപും ഷെയർ ചെയ്‌തിട്ടുണ്ട്.