ന്യൂഡല്‍ഹി:ശക്തമായ മഴയെ തുടര്‍ന്ന് ഇന്ത്യയുടെ സിലിക്കണ്‍ വാലി എന്നറിയപ്പെടുന്ന ബെംഗളൂരുവിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായിരിക്കുകയാണ്. ജനജീവിതത്തെ താറുമാറാക്കുന്ന വെള്ളക്കെട്ട് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യമാധ്യമങ്ങളിലും നിരവധി പേര് അഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയിരുന്നു.
ഒറ്റരാത്രികൊണ്ട് പെയ്ത മഴ ഐടി ഹബ്ബിന്റെ ശോചനീയാവസ്ഥ കാണിക്കുന്ന നിരവധി വീഡിയോകളും ചിത്രങ്ങളും കൊണ്ട് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു. ‘ബെംഗളൂരു ഇപ്പോള്‍ വെനീസാണ്’ എന്നും ‘ഐടി ഹബ്ബില്‍ ജീവിക്കാന്‍ ഒരാള്‍ക്ക് നീന്തല്‍ അറിയണം’ ഇങ്ങനെ പോകുന്നു ട്രോളുകള്‍.
വെള്ളക്കെട്ടിനിടെ ഒരു കൂട്ടം യുവാക്കള്‍ എക്സ്കവേറ്ററിന്റെ ബക്കറ്റിനുള്ളില്‍ സഞ്ചരിക്കുന്ന വീഡിയോയും വൈറലായി. വിമാനത്താവളം മുതല്‍ ഐടി കമ്പനികള്‍ വരെ, വെള്ളത്തിനടിയിലായ പ്രദേശങ്ങളുടെ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രതിഷേധങ്ങള്‍ക്കിടയാക്കി.പച്ചപ്പ് നശിക്കുന്നതാണ് പുതിയ നാഗരത്തിന് വെല്ലുവിളിയാകുന്നതെന്നും നിരവധി പേര് ചൂണ്ടിക്കാട്ടി.
കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് തിങ്കളാഴ്ച ബെംഗളൂരുവില്‍ 131.6 മില്ലിമീറ്റര്‍ മഴ പെയ്തു. വെള്ളക്കെട്ടിലായ വൈറ്റ്ഫീല്‍ഡ് മെയിന്‍ റോഡില്‍ സ്കൂട്ടറില്‍ യാത്ര ചെയ്തിരുന്ന 23കാരിക്ക് ഷോക്കേറ്റു മരിച്ചു. ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ (ഐഎംഡി) കണക്കുകള്‍ പ്രകാരം ഓഗസ്റ്റില്‍ ഇതുവരെ 364.2 മില്ലിമീറ്റര്‍ മഴയാണ് ബെംഗളൂരുവില്‍ ലഭിച്ചത്.
ഞായറാഴ്ച പെയ്ത മഴയില്‍ മാറത്തഹള്ളി, കുബീസനഹള്ളി, തനിസാന്ദ്ര തുടങ്ങിയിടങ്ങളിലെ നിരവധി ഐ.ടി, ബിസിനസ് പാര്‍ക്കുകളില്‍ വെള്ളം കയറി. ഐ.ടി. മേഖലയില്‍ ജോലി ചെയ്യുന്ന പലരും സ്വന്തം വാഹനങ്ങള്‍ റോഡിലിറക്കാന്‍ സാധിക്കാത്തതോടെ ട്രാക്ടറിലും ക്രൈയിനിലും ഓഫീസുകളിലേക്ക് യാത്ര ചെയ്യുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.