സോഷ്യൽ മീഡിയയിൽ ഇപ്പോൾ താരം ഒരു പൊലീസുകാരനാണ്. റോഡിന് നടുവിൽ മനോഹരമായ ചുവടുകൾ വച്ച് ഗതാഗതം നിയന്ത്രിക്കുന്ന ഒരു ട്രാഫിക് ഹോം ഗാർഡ്. റോഡിലൂടെ പോകുന്ന ഓരോ വാഹനങ്ങളെയും മനോഹരമായ ചുവടുകൾക്കും കൈ ആംഗ്യങ്ങൾക്കുമൊപ്പം കടത്തിവിടുന്ന ഇദ്ദേഹത്തെ അഭിനന്ദിച്ച് നിരവധിപേരാണ് വീഡിയോ പങ്കുവെക്കുന്നത്.
സോഷ്യൽമീഡിയ വ്ളോഗറായ ജോബി ചുമന്നമണ്ണ് എന്നയാളാണ് ഈ ട്രാഫിക് ഹോം ഗാർഡിന്റെ മനോഹരമായ വീഡിയോ ആദ്യം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. “റോഡിൻറെ നടുക്ക് നിന്ന് ഈ പൊലീസുകാരൻ ചെയ്യുന്നത് കണ്ടോ” എന്ന അടികുറിപ്പോടെ പങ്കുവച്ച വീഡിയോ ലക്ഷകണക്കിന് ആളുകളാണ് കണ്ടിരിക്കുന്നത്. മൈക്കിൾ ജാക്സൺ എന്നാണ് പലരും ഈ വൈറൽ താരത്തെ വിളിക്കുന്നത്.
നോര്‍ത്ത് പറവൂരിലെ കെഎംകെ ജംഗ്ഷനിൽ ട്രാഫിക് ഗാർഡായി ജോലി ചെയ്യുന്ന തോമസ് ആണ് വീഡിയോയിലെ താരം. തോമസിന്റെ ചടുലമായ ചുവടുകൾക്കും കൈ ആംഗ്യങ്ങൾക്കുമൊപ്പം വളരെ എളുപ്പത്തിൽ വാഹനങ്ങൾ തലങ്ങും വിലങ്ങും കടന്നുപോവുന്നത് വീഡിയോയിൽ കാണാം. അതിവേഗത്തിൽ വാഹനങ്ങൾ വരുമ്പോൾ രസകരമായ സ്റ്റെപ്പുകൾ വച്ച് റോഡിന് തലങ്ങും വിലങ്ങും നടന്നാണ് തോമസ് വാഹനങ്ങളെ നിയന്ത്രിക്കുന്നത്. പൊലീസുകാരന്റ കൗതുകകരമായ ആക്ഷനുകൾ കണ്ട് ആശ്ചര്യത്തോടെ നോക്കുന്ന ചിലർ യാത്രക്കാരുമുണ്ട്.
12 വർഷത്തോളമായി ഹോം ഗാർഡായി ജോലി ചെയ്യുന്ന തോമസ് മുഖത്ത് എപ്പോഴും ഒരു പുഞ്ചിരി സൂക്ഷിക്കുന്നുണ്ട്. റോഡിലൂടെ അതിവേഗത്തിൽ വാഹനങ്ങൾ കടന്നു പോകുമ്പോൾ തന്റെ ആംഗ്യങ്ങൾ വേഗത്തിലാകുന്നത് ആണെന്നും അല്ലാതെ ഡാൻസ് കളിക്കുന്നത് അല്ലെന്നുമാണ് തോമസ് പറയുന്നത്. ബിഎസ്എഫിൽ നിന്ന് വോളന്ററി റിട്ടയർമെന്റ് എടുത്ത ശേഷമാണ് തോമസ് ഹോം ഗാർഡായി ജോലിയിൽ പ്രവേശിച്ചത്. അതിന്റെ ട്രെയിനിങ്ങാണ് ഇന്ന് ജോലി നന്നായി ചെയ്യാൻ സഹായിക്കുന്നത് എന്ന് തോമസ് പറയുന്നു.
തോമസിനെ കുറിച്ചു നാട്ടുകാർക്കും നൂറ് നാവാണ്. തിരക്ക് ഏറെയുള്ള ജങ്ഷനിൽ തോമസ് സാർ ഉള്ളപ്പോൾ ബ്ലോക്ക് ഉണ്ടാകാറേയില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ചെയ്യുന്ന ജോലി ഏതും ആയിക്കോട്ടെ അത് എങ്ങനെ മനോഹരമാക്കാം എന്ന ഒരു ഉദാഹരണം കൂടിയാണ് തോമസ്.
Also Read: കുഞ്ഞുങ്ങളുടെ ഡയപ്പര്‍ മാറ്റാന്‍ പുരുഷന്മാര്ക്കും സൗകര്യം; മാറിച്ചിന്തിച്ച് ബെംഗളുരു വിമാനത്താവളം