പട്ടത്തിന്റെ നൂല് പലപ്പോഴും മരങ്ങളിലും വൈദ്യുതി കമ്പികളിലും മറ്റ് വയറുകളിലുമൊക്കെ കുടുങ്ങാറുണ്ട്. അത്തരം കുരുക്കുകളില്‍ ചെന്ന് അകപ്പെടുന്നത് പക്ഷികളുമായിരിക്കും. എന്നാല്‍ അത്തരം പക്ഷികളുടെ ജീവന് വില കല്‍പ്പിക്കുന്നവരും നമുക്കിടയില്‍ ഉണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് ജയ്പൂരിലെ ട്രാഫിക് ഉദ്യോഗസ്ഥനായ പ്രേം സിങ്.
തിരക്കുള്ള റോഡിന് മുകളിലുള്ള വയറിനിടയിലായിരുന്നു പ്രാവ് കുടുങ്ങിയത്. ഇത് കണ്ട പ്രേം സിങ് അത് വഴി വന്ന ബസ് നിര്‍ത്തിക്കുകയും ബസിന് മുകളില്‍ കയറി പ്രാവിനെ കുടുക്കില്‍ നിന്ന് രക്ഷപ്പെടുത്തുകയും ചെയ്തു. മറ്റൊരാളുടെ സഹായത്തോടെയാണ് പ്രേം സിങ് പട്ടത്തിന്റെ വള്ളികള്‍ പ്രാവിന്റെ ശരീരത്തില്‍ നിന്ന് മാറ്റിയത്.
സംഭവത്തിന്റെ വീഡിയോ ഉദ്യ്പൂരിലെ ഐജിയായ അജയ് പാല്‍ ലമ്പ ഫെയ്സ്ബുക്കിലൂടെ ജനുവരി 18-ന് പങ്കുവയ്ക്കുകയും ചെയ്തു. ഒരു കോടിയോളം പേരാണ് വീഡിയോ ഇതിനോടകം കണ്ടത്.
കഴിഞ്ഞ ദിവസം ഐഎഎസ് ഉദ്യോഗസ്ഥയായ സുപ്രിയ സാഹുവും ട്വിറ്ററില്‍ ഷെയര്‍ ചെയ്തു. “എല്ലാ ജീവനും വിലപ്പെട്ടതാണ്. ട്രാഫിക് കോണ്‍സ്റ്റബിള്‍ പ്രേം സിങ്ങിന് സല്യൂട്ട്,” സാഹു കുറിച്ചു.