സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോനും നടൻ ബിനീഷ് ബാസ്റ്റിനും തമ്മിലുണ്ടായ പ്രശ്നമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച. ഇതിനിടയിൽ കേരളപ്പിറവി ദിനമായ ഇന്ന് ഒരൽപം വെറൈറ്റി ആശംസയുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ ടൊവിനോ തോമസ്. ബിനീഷ് ബാസ്റ്റിന്റെ ഫോട്ടോ ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കിയാണ് ടൊവിനോ ആശംസകൾ നേർന്നിരിക്കുന്നത്.
പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ കോളേജ് ഡേയ്ക്ക് അതിഥിയായിട്ട് എത്തിയ ബിനീഷിന് നേരിടേണ്ടി വന്ന ക്രൂരമായ അവഗണനയിൽ പ്രതിഷേധമറിയിക്കുകയാണ് സോഷ്യൽ മീഡിയ. കോളേജിലെ പരിപാടിയില്‍ സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോനും ഉണ്ടായിരുന്നു. എന്നാൽ, പരിപാടി തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് യൂണിയൻ ചെയർമാൻ ബിനീഷ് താമസിച്ച ഹോട്ടലിൽ എത്തുകയുണ്ടായി. ഉദ്ഘാടനം കഴിഞ്ഞ് ഒരു മണിക്കൂർ കഴിഞ്ഞ് ബിനീഷ് പരിപാടിയിൽ പങ്കെടുക്കാൻ എത്തിയാൽ മതിയെന്ന് ആവശ്യപ്പെട്ടു.
മാഗസിൻ പ്രകാശനം ചെയ്യാമെന്നേറ്റ സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോൻ ബിനീഷ് വേദിയിൽ എത്തിയാൽ ഇറങ്ങിപ്പോകുമെന്ന് പറഞ്ഞതായാണ് കോളേജ് അധികൃതർ കാരണം പറഞ്ഞത്. ‘തന്റെ സിനിമയിൽ ചാൻസ് ചോദിച്ച് നടക്കുന്ന ഒരു മൂന്നാംകിട നടനോടൊപ്പം വേദി പങ്കിടാൻ എനിക്ക് കഴിയില്ലെന്ന്’ അനിൽ പറഞ്ഞതായും അവർ ബിനീഷിനെ അറിയിച്ചു. ഇതാണ് പിന്നീട് വലിയ വിവാദത്തിനു കാരണമായത്.
Read More: ബിനീഷ് തൊണ്ടയിടറി പറഞ്ഞത് രാവണപ്രഭുക്കൾക്ക് വഴങ്ങില്ല; പിന്തുണയുമായി സജിത മഠത്തിൽ
എന്നാൽ, ഇതുംകേട്ട് മിണ്ടാതിരിക്കാൻ ബിനീഷിനു സാധിച്ചില്ല. തനിക്കു നേരിട്ട അവഗണനയ്‌ക്ക് പൊതുവേദിയിൽ വച്ചുതന്നെ മറുപടി നൽകാൻ ബിനീഷ് തീരുമാനിച്ചു. പരിപാടി നടന്നുകൊണ്ടിരിക്കുമ്പോൾ ബിനീഷ് വേദിയിലെത്തി. പ്രിൻസിപ്പൽ അടക്കമുള്ള സംഘാടകർ തടയാൻ ശ്രമിച്ചെങ്കിലും ബിനീഷ് വേദിയിലേക്ക് കയറി. പൊലീസിനെ കൊണ്ട് പിടിപ്പിക്കുമെന്ന് പ്രിൻസിപ്പൽ പറഞ്ഞെങ്കിലും ബിനീഷ് അതൊന്നും വകവയ്ക്കാതെ സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോൻ പ്രസംഗിക്കുന്നതിനിടെ വേദിയിലേക്ക് കയറി. പിന്നീട് വേദിയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
അതേസമയം, സംഭവം വിവാദമായതോടെ പ്രതികരണവുമായി അനിൽ രാധാകൃഷ്ണ മേനോൻ രംഗത്തെത്തി. ബിനീഷിനെ കരുതിക്കൂട്ടി അപമാനിച്ചിട്ടില്ലെന്നും ജാതീയമായി അധിക്ഷേപിച്ചിട്ടില്ലെന്നും അനിൽ രാധാകൃഷ്ണ മേനോൻ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.
അറിഞ്ഞുകൊണ്ട് ബിനീഷിനെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ല. ബിനീഷിനു വേദനയുണ്ടായിട്ടുണ്ടെങ്കിൽ ഹൃദയത്തിന്റെ അടിത്തട്ടിൽനിന്നു മാപ്പ് ചോദിക്കുന്നതായും അനിൽ രാധാകൃഷ്ണ മേനോൻ പറഞ്ഞു. ബിനീഷിനെ നേരിട്ടുവിളിച്ച് ഖേദം പ്രകടിപ്പിക്കുമോയെന്ന ചോദ്യത്തിനു അതിന്റെ ആവശ്യമില്ലെന്നും താൻ അറിഞ്ഞുകൊണ്ട് ഒരു പ്രശ്‌നവും ഉണ്ടാക്കിയിട്ടില്ലെന്നും അനിൽ വ്യക്തമാക്കി.