മലയാളത്തിലെ യുവനടന്മാരിൽ ഏറെ ആരാധകരുള്ള നടനാണ് ടൊവിനോ തോമസ്. ദീർഘനാളത്തെ പരിശ്രമങ്ങൾക്കും കഷ്ടപ്പാടിനും ശേഷമാണ് ടൊവിനോ നാം ഇന്ന് കാണുന്ന താരമായി മാറിയത്. ടൊവിനോയുടെ ആ കഷ്ടപ്പാടുകളുടെയെല്ലാം ഭാരമുള്ള ഒരു പഴയ ഫെയ്‌സ്‌ബുക്ക് പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാവുകയാണ്.
“ഇന്നു നിങ്ങള്‍ എന്നെ വിഡ്ഢിയെന്നു പരിഹസിക്കുമായിരിക്കും, കഴിവില്ലാത്തവന്‍ എന്നു മുദ്രകുത്തി എഴുതിത്തള്ളുമായിരിക്കും. പക്ഷേ ഒരിക്കല്‍ ഞാന്‍ ഉയരങ്ങളില്‍ എത്തുക തന്നെ ചെയ്യും. അന്നു നിങ്ങള്‍ എന്നെയോര്‍ത്ത് അസൂയപ്പെടും. ഇതൊരു അഹങ്കാരിയുടെ ധാര്‍ഷ്ട്യമല്ല, വിഡ്ഢിയുടെ വിലാപവുമല്ല. മറിച്ച് ഒരു കഠിനാദ്ധ്വാനിയുടെ ആത്മവിശ്വാസമാണ്” എന്ന ഫെയ്‌സ്‌ബുക്ക് പോസ്റ്റാണ് വൈറലാകുന്നത്.
2011 ജൂണിലാണ് ടൊവിനോ ഇത് ഫെയ്‌സ്‌ബുക്കിൽ കുറിച്ചത്. രണ്ടു വർഷം മുൻപും ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ ‘മിന്നൽ മുരളി’യുടെ വിജയത്തിന് പിന്നാലെ വീണ്ടും വൈറലായിരിക്കുകയാണ്. ടൊവിനോയുടെ വാക്കുകൾ അതേപടി സ്വന്തം ടൈംലൈനിലേക്ക് കോപ്പി പേസ്റ്റ് ചെയ്താണ് പലരും പോസ്റ്റ് പങ്കുവയ്ക്കുന്നത്.
ടൊവിനോയുടെ പോസ്റ്റിനു നിരവധിപേർ അന്ന് പരിഹാസ മറുപടികൾ നൽകിയിരുന്നു. അതിനെല്ലാം പൂർണ ആത്മവിശ്വാസത്തോടെയായിരുന്നു ടൊവിനോയുടെ മറുപടികൾ. ‘ലൈറ്റ് ബോയ് എങ്കിലും ആകും, വിഷമിക്കേണ്ട’ എന്നതടക്കമുള്ള കമന്റുകൾ അന്ന് ടൊവിനോയ്ക്ക് ലഭിച്ചിരുന്നു.
Also Read: പറക്കാൻ പഠിക്കുന്ന മിന്നൽ മുരളി, രണ്ടാം ഭാഗം ഉടനെയെന്ന സൂചന നൽകി ടൊവിനോ; വീഡിയോ
സജീവന്‍ അന്തിക്കാട് സംവിധാനം ചെയ്ത പ്രഭുവിന്റെ മക്കള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ടൊവിനോയുടെ സിനിമാ അരങ്ങേറ്റം. പിന്നീട് മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ എബിസിഡി എന്ന ചിത്രത്തിലെ അഖിലേഷ് വര്‍മ്മ എന്ന രാഷ്ട്രീയക്കാരനായി നമ്മള്‍ ടൊവിനോയെ കണ്ടു. എന്നാല്‍ ‘എന്നു നിന്റെ മൊയ്തീന്‍’ എന്ന ചിത്രത്തിലെ പെരുമ്പറമ്പില്‍ അപ്പു അഥവാ അപ്പുവേട്ടന്‍ എന്ന കഥാപാത്രമാണ് ടൊവിനോയുടെ തലവര തന്നെ മാറ്റിയത്.
പിന്നീട് ഗപ്പി, ഒരു മെക്സിക്കന്‍ അപാരത, ചാര്‍ലി, തരംഗം, ഗോദ, മായാനദി, തീവണ്ടി തുടങ്ങിയ ചിത്രങ്ങളിലൂടെ ടൊവിനോ മലയാള സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമായി മാറുകയായിരുന്നു.