International Women’s Day 2020: ‘ശബരിമലയില്‍ സ്ത്രീപ്രവേശന വിധിയെ സ്വാഗതം ചെയ്തപ്പോള്‍ ‘ഫെമിനിച്ചീ’ എന്ന ആക്രോശം കേട്ട് നിങ്ങള്‍ക്ക് വിഷമം തോന്നിയിട്ടുണ്ടോ? സൂപ്പര്‍താരങ്ങളുടെ സിനിമകളെ വിമര്‍ശിച്ചതിന് സോഷ്യല്‍ മീഡിയ പേജില്‍ ആരാധകരുടെ ‘പൊങ്കാല’ കിട്ടി മനസ് വേദനിച്ചിട്ടുണ്ടോ? പ്രണയബന്ധത്തിനു വിരാമമിട്ടപ്പോള്‍ ‘തേപ്പുകാരി’ എന്നും അഭിസാരികയെന്നുമുള്ള വിളികേട്ട് ആത്മാഭിമാനം വ്രണപ്പെട്ടിട്ടുണ്ടോ? ധരിക്കുന്ന വസ്ത്രത്തിന്‌റെയും ഉപയോഗിക്കുന്ന വാക്കുകളുടെയും പേരില്‍ ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ നിരാശ തോന്നിയിട്ടുണ്ടോ? എങ്കില്‍ ‘ടൂ മച്ച് ഈക്വല്‍’ എന്ന ഇന്‍സ്റ്റഗ്രാം പേജ് വരെ ഒന്നു പോയി വര.
International Women’s Day 2020: ദൈനംദിന ജീവിതത്തിലെ സ്ത്രീവിരുദ്ധതയ്ക്ക് എങ്ങനെ മറുപടി പറയാമെന്ന് ഈ പേജ് നിങ്ങളെ പഠിപ്പിക്കും. പേജിന് ചുക്കാന്‍ പിടിക്കുന്നതോ ഫെമിനിസം സ്ത്രീയുടെ മാത്രം ബാധ്യതയല്ല എന്ന് തെളിയിച്ചു കൊണ്ട് ഒരു ആണ്‍കുട്ടി അടക്കം അഞ്ച് പേര്‍. റോസ് മേരി, നിതിന്‍ മാത്യു, കീര്‍ത്തന സുരേഷ്, അസ്മിയ റിയാസ്, നീത ഷിനോയ്. തുല്യതയ്ക്ക് ഒരു പേജ് എന്ന ആശയത്തിലേയ്ക്ക് എത്തിച്ചേര്‍ന്നതെങ്ങനെയെന്ന് പേജിന്‌റെ പ്രധാന അമരക്കാരിയായ, പെരുമ്പാവൂര്‍ സ്വദേശിയും തൃശൂര്‍ കിലയിലെ ജില്ലാ കോര്‍ഡിനേറ്ററുമായ റോസ് മേരി പറയുന്നു.
“2018ല്‍ ബിരുദാനന്തര ബിരുദം കഴിഞ്ഞ് ഞാന്‍ ചെറിയൊരു ഇടവേള എടുത്തിരുന്നു. ആ സമയത്താണ് സാമൂഹ്യമാധ്യമങ്ങളിലെ സ്ത്രീവിരുദ്ധതയും ജാതീയതയും നിറഞ്ഞ ചില ട്രോളുകള്‍ ശ്രദ്ധിച്ചത്. നൂറു ശതമാനം സാക്ഷരരെന്ന് ഊറ്റം കൊള്ളുന്ന മലയാളികള്‍ ഇതിനെ ആഘോഷിക്കുന്ന കാഴ്ചയാണ് എന്നെ ഏറെ വിഷമിപ്പിച്ചത്. അത് ശരിയല്ലെന്ന് ആരും പറയുന്നില്ല. പൊതുവെ ഫെമിനിസം എന്ന വാക്കിനോട് മലയാളികള്‍ക്ക് വല്ലാത്ത വിരോധമാണ്. ആ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് പോലും ഫെമിനിസ്റ്റാണെന്ന് പറയാന്‍ മടിയാണ്.”
ഇതിന് മറുപടിയെന്നോണം ഒരു പേജ് തുടങ്ങുമ്പോള്‍ അത് ഹിറ്റാകുമെന്നോ അതിന് ഒരുപാട് ഫോളോവേഴ്‌സ് ഉണ്ടാകുമെന്നോ റോസ് മേരി കരുതിയില്ല. സ്വന്തം സന്തോഷത്തിനും സമാധാനത്തിനും വേണ്ടി തുടങ്ങിയ പേജില്‍ ഇപ്പോള്‍ മുപ്പത്തിയെട്ടായിരത്തിലേറെ ഫോളോവേര്‍സ് ഉണ്ട്. തുടക്കത്തില്‍ റോസ് മേരി തന്നെയായിരുന്നു മീം ഡിസൈന്‍ ചെയ്തിരുന്നത്. കമന്‌റ് ബോക്‌സിലും ഇന്‍ബോക്‌സിലുമായി ഏറെ വിമര്‍ശനങ്ങള്‍ അന്ന് നേരിട്ടതായും അവര്‍ പറയുന്നു.
“ചിലപ്പോള്‍ ഒരാളുടെ തന്നെ പല വ്യാജ പ്രൊഫൈലുകളില്‍ നിന്നാണ് കമന്റുകള്‍ വന്നിരുന്നത്. അന്ന് ഒറ്റയ്ക്കായിരുന്നു. പറയാന്‍ ഉദ്ദേശിച്ചത് മറ്റുള്ളവരിലേക്ക് എത്തിക്കാന്‍ സാധിക്കുന്നില്ലെന്ന് തോന്നുമ്പോള്‍ വിഷമം തോന്നിയിട്ടുണ്ട്. ഇപ്പോള്‍ ഞങ്ങള്‍ അഞ്ചു പേര്‍ ചേര്‍ന്നാണ് പേജ് കൈകാര്യം ചെയ്യുന്നത്.”

International Women’s Day 2020: ഫൺ അല്ല, ഫാക്ടാണ്
മുപ്പത്തിയെട്ടായിരത്തില്‍ ഒട്ടേറെ സെലിബ്രിറ്റികളുമുണ്ട് – സിനിമാപ്രവര്‍ത്തകരായ പാര്‍വ്വതി തിരുവോത്ത്, ചിന്മയി ശ്രീപാദ, റിമ കല്ലിങ്കല്‍, സൗബിന്‍ ഷാഹിര്‍, ഉണ്ണിമായ, ശ്യാം പുഷ്ക്കരന്‍, ആഷിക്ക് അബു, എന്നിങ്ങനെ.
“സാധാരണ ട്രോളുകള്‍ വായിക്കുമ്പോള്‍ ചിരിക്കാറാണ് പതിവ്. പക്ഷേ ‘ടൂ മച്ച് ഈക്വലി’ല്‍ എത്തുമ്പോള്‍ ഫൺ അല്ല, ഫാക്ടാണ് അതില്‍ തിളങ്ങുന്നത്. മാത്രമല്ല, അത് നമ്മളെ വളരെയധികം കംഫര്‍ട്ടബിള്‍ ആക്കുന്നുമുണ്ട്. ഇതു വരെ കണ്ട, അറിയാതെ പോയ ചില കാര്യങ്ങളാണ് അവരുടെ ട്രോളുകളുടെ വിഷയം. ‘ടൂ മച്ച് ഈക്വല്‍’ എന്നത് ‘ടൂ മച്ച് സാറ്റിസ്‌ഫൈയിങ്’ കൂടിയാണ്,” അഭിനേത്രി ദിവ്യ പ്രഭ അഭിപ്രായപ്പെടുന്നു.
ഫെമിനിസം സ്ത്രീകളെ മാത്രം സംബന്ധിക്കുന്ന ഒന്നാണെന്ന് ധരിച്ചു വച്ചിരിക്കുന്ന ഒരു സമൂഹത്തിൽ ‘അതെന്റെ കൂടിയാണ്, അതെനിക്ക് ചുറ്റുമുള്ളവരുടേതു കൂടിയാണ്’ എന്ന ബോധ്യമാണ് തന്നെ ഈ പേജിന്റെ ഭാഗമാക്കിത്തീര്‍ത്തത് എന്ന് നിതിൻ മാത്യു.
“ഫെമിനിസം എന്നത് അവനവനെ സംബന്ധിക്കുന്ന ഒന്നല്ല, തനിക്ക് ചുറ്റുമുള്ള എല്ലാവരും തന്നെപ്പോലെയുള്ളവരാണെന്നും എല്ലാവരും തുല്യനീതിയും പരിഗണനയും അർഹിക്കുന്നു വെന്ന തിരിച്ചറിവാണ് ഫെമിനിസം. എല്ലാവരുമെന്ന് പറയുമ്പോൾ അത് സ്ത്രീയും പുരുഷനും മാത്രമല്ല, ഹോമോസെക്ഷ്വല്‍സും അസെക്ഷ്വല്‍സും ബൈസെക്ഷ്വല്‍സും തുടങ്ങി കറുത്തവരും വെളുത്തവരും വിവിധ ജാതി, മത, വർണ വർഗത്തിൽപ്പെട്ടവരും തടിച്ചവരും മെലിഞ്ഞവരും അംഗപരിമിതരും തുടങ്ങി എല്ലാ മനുഷ്യരുടെയും അവകാശങ്ങളെപ്പറ്റിയാണ് ഫെമിനിസം ചർച്ച ചെയ്യുന്നത്. അതിൽ എല്ലാവർക്കും പങ്കെടുക്കാമെന്ന തിരിച്ചറിവിൽ സമൂഹം എനിക്ക് പതിച്ചു നൽകിയ പ്രിവിലേജുകളെപ്പറ്റി തികഞ്ഞ ബോധ്യത്തോടെയാണ് ഞാൻ ഈ പേജിന്റെ ഭാഗമായിരിക്കുന്നത്.”
International Women’s Day 2020: ട്രോളുകള്‍ക്കും മീമുകള്‍ക്കും അപ്പുറം ചില ഗൗരവമായ ചര്‍ച്ചകള്‍ക്ക് ഇടമൊരുക്കുക കൂടിയാണ് റോസ് ‘ടൂ മച്ച് ഈക്വല്‍’. ചിലര്‍ക്ക് അവരുടെ കഥകള്‍ പറയാനും ആശങ്കകള്‍ പങ്കു വയ്ക്കാനുമുള്ള വേദി കൂടിയായി മാറുന്നതില്‍ സന്തോഷമുണ്ട് എന്ന് റോസ് മേരി.
“കഴിഞ്ഞ മാസം ഒരു ദിവസം. രാത്രി പത്തര ആയിക്കാണും. ഒരു പെണ്‍കുട്ടിയുടെ പ്രൊഫൈലില്‍നിന്ന് പേജിലേക്ക് തുടരെ തുടരെ മെസേജ് വന്നു കൊണ്ടിരിക്കുന്നു. വളരെ സങ്കടത്തോടെയായിരുന്നു ആ കുട്ടി മെസേജ് അയച്ചത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും അധ്യാപകരുമടങ്ങുന്ന ഒരു സംഘത്തോടൊപ്പം ക്യാംപിനോ സ്റ്റഡി ടൂറിനോ മറ്റോ പോയതാണ് കുട്ടി.
രാത്രി ഏഴു കഴിഞ്ഞപ്പോള്‍ അധ്യാപിക വന്ന് പെണ്‍കുട്ടികളുടെ മുറി പുറത്തു നിന്ന് പൂട്ടിയിട്ടു. ആ ദിവസം പിന്നെ അവര്‍ക്ക് പുറത്തിറങ്ങാന്‍ സാധിച്ചില്ല. അന്ന് രാത്രി മുഴുവന്‍ കരഞ്ഞു കരഞ്ഞാണ് പെണ്‍കുട്ടി പേജിലേക്ക് മെസേജ് അയച്ചത്. ആ കുട്ടിയുടെ പ്രശ്‌നത്തിനൊരു പരിഹാരം കാണാന്‍ ‘ടൂ മച്ച് ഈക്വലിന്’ സാധിക്കുമായിരുന്നില്ല. പക്ഷേ ആ അവസ്ഥയെ കുറിച്ച് അപ്പോള്‍ ചര്‍ച്ച ചെയ്യാനെങ്കിലും സാധിക്കുന്നത് പ്രധാനമാണ്.
അതിനടുത്ത ദിവസം അധ്യാപിക വന്ന് വാതില്‍ തുറന്നതിന് ശേഷം കുട്ടി എനിക്ക് മെസേജ് അയച്ചു. അവള്‍ ചോദിച്ചത് ഈ തലമുറയിലോ അടുത്ത തലമുറയിലോ അല്ല, എന്നെങ്കിലും ഇതിനൊരു പരിഹാരമുണ്ടോ എന്നാണ്. ആ ചോദ്യത്തിന് കൃത്യമായൊരു മറുപടി എന്‌റെ കൈയില്‍ ഉണ്ടായിരുന്നില്ല. പക്ഷേ അവള്‍ക്ക് കരയാനും മനസ് തുറക്കാനും ഒരിടമൊരുക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. അതിലെനിക്ക് സന്തോഷമുണ്ട്.
ആ കുട്ടി പറഞ്ഞ കാര്യങ്ങള്‍ മറ്റുള്ളവരിലേക്ക് എത്തിക്കാനും അത് ചര്‍ച്ചയാക്കാനുമുള്ള ശ്രമം ഞങ്ങള്‍ നടത്തി. അവള്‍ എഴുതി അയച്ചത് ഞങ്ങളുടെ പേജില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. നല്ല രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ട ഒരു പോസ്റ്റായിരുന്നു അത്. അവിടെയും രണ്ട് തരം അഭിപ്രായങ്ങളും രണ്ടു തരം ചോദ്യങ്ങളും ഉയര്‍ന്നു വന്നിരുന്നു. അതിനോട് സംവദിക്കാന്‍ സാധിക്കുക എന്നതാണ് പ്രധാനം.”
‘ടൂ മച്ച് ഈക്വല്‍’ എന്ന പേരിന് ഒരു കാരണമുണ്ട്. എല്ലാം വേണ്ട രീതിയില്‍ നടക്കുന്നു എന്ന ഭാവിക്കുന്ന ഒരു സമൂഹത്തിലാണ് ഇത്രയധികം അനീതികള്‍ നടക്കുന്നത്. അത് തകിടം മറിയ്ക്കാനും അങ്ങനെയല്ല എന്ന് തെളിയിക്കാനുമാണ് ‘ടൂ മച്ച് ഈക്വല്‍’ എന്ന പേര് ഈ കൂട്ടം തെരഞ്ഞെടുത്തത്.
“അനീതി ചെയ്യുന്നവര്‍ ഇങ്ങനെയൊരു അനീതിയുണ്ടെന്ന് അംഗീകരിക്കുകയുമില്ല. പൊരിച്ച മീന്‍ നിഷേധിക്കപ്പെട്ട കഥ പറഞ്ഞ റിമ കല്ലിങ്കലിനെ പരിഹസിച്ച സമൂഹത്തിന്‌റെ മനഃശാസ്ത്രം അതാണ്. ഇപ്പോള്‍ കിട്ടുന്നതില്‍ കൂടുതല്‍ ഒന്നും വേണ്ട എന്ന ഒരു മനോഭാവമാണ് നാം വച്ചു പുലര്‍ത്തുന്നത്. സ്ത്രീവിരുദ്ധ തമാശകള്‍ക്ക് കൈയടിക്കുന്നതിന്‌റെ കാരണവും അതുതന്നെയാണ്. ചില ചോദ്യങ്ങള്‍ക്ക് മറുപടി കൊടുക്കുമ്പോള്‍ അല്‍പ്പം നര്‍മവും പരിഹാസവുമൊക്കെ ആവശ്യമാണ്. അപ്പോള്‍ അതിനൊരു കലാപരമായ സൗന്ദര്യം വരും,” റോസ് മേരി വിശദമാക്കി.
International Women’s Day 2020: സോഷ്യല്‍ മീഡിയയിലൂടെ മാത്രമല്ല, നിത്യ ജീവിതത്തിലും ഇത്തരം പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ റോസ്‌മേരി ശ്രമിക്കാറുണ്ട്. വളരെ യാഥാസ്ഥിതികമായ കുടുംബ പശ്ചാത്തലങ്ങളില്‍ നിന്നാണ് ലിംഗനീതിയെക്കുറിച്ചുള്ള ഈ ധാരണകളിലേക്ക് റോസ് മേരിയും സുഹൃത്തുക്കളും എത്തിയിരിക്കുന്നതെന്നതാണ് ശ്രദ്ധേയം. പക്ഷേ ഈ മാറ്റം ഒരു ദിവസം കൊണ്ട് സാധ്യമല്ല എന്നും അവര്‍ തിരിച്ചരിയുനുണ്ട്.
“ഒറ്റ രാത്രികൊണ്ട് എല്ലാം മാറിയില്ലെങ്കിലും ചിലരെങ്കിലും പ്രതികരിക്കാന്‍ തയ്യാറായാല്‍ മതി. നമുക്ക് മറുപടികളുണ്ടെന്ന് അവര്‍ അറിയണം. എന്റെ വീട്ടിലോ ഞാന്‍ ഇടപെടുന്ന മേഖലകളിലോ അനീതി കണ്ടാല്‍ പ്രതികരിക്കാറുണ്ട്. ചിലപ്പോള്‍ നിയന്ത്രണം പോകാറുണ്ട്. ഞാന്‍ പഠിച്ചത് എറണാകുളത്തെ സെന്റ് തെരേസാസ് കോളേജിലാണ്. പ്ലസ്ടു വരെ മിക്‌സഡ് സ്‌കൂളില്‍ പഠിച്ച് പെട്ടന്നൊരു ദിവസം വിമന്‍സ് കോളേജിലേക്ക് പറിച്ചു നട്ടപ്പോള്‍ ആശങ്കയുണ്ടായിരുന്നു. പക്ഷെ അത് മറ്റൊരു ലോകമായിരുന്നു. ചുവരെഴുത്തു മുതല്‍ കൊടിമരം കെട്ടുന്നതു വരെ ഞങ്ങള്‍ പെണ്‍കുട്ടികള്‍. അവിടുന്നാണ് തിരിച്ചറിവുണ്ടായി തുടങ്ങിയത്. ഇപ്പോഴും മാറിക്കൊണ്ടിരിക്കുകയാണ്.
‘കെട്ട്യോളാണ് എന്റെ മാലാഖ’, ‘വരത്തന്‍’ എന്നീ സിനിമകളൊക്കെ കണ്ടപ്പോള്‍ കൈയടിച്ചെങ്കിലും എന്തൊക്കെയോ പ്രശ്‌നങ്ങളുണ്ടെന്ന് തോന്നിയിരുന്നു. പക്ഷേ എന്താണ് എത്രത്തോളമാണ് എന്ന് മറ്റുള്ളവര്‍ പറഞ്ഞുതന്നപ്പോഴാണ് മനസിലായത്. ഞാനൊരു കടുത്ത മോഹന്‍ലാല്‍ ഫാനാണ്. പക്ഷേ പുള്ളിയുടെ സിനിമകളിലൊക്കെ എത്ര സ്ത്രീവിരുദ്ധതയുണ്ടെന്ന് ഇപ്പോഴാണ് തിരിച്ചറിയുന്നത്. ഓരോ ദിവസവും ഓരോ തിരിച്ചറിവിന്റേതാണ്,” റോസ് മേരി കൂട്ടിച്ചേര്‍ത്തു.
International Women’s Day 2020: ‘ടൂ മച്ച് ഈക്വലി’ന്‌റെ ഫോളോവര്‍ ആയ സിനിമാ പ്രവര്‍ത്തക ഇന്ദു വി.എസ് പേജിനെ കുറിച്ച് പറയുന്നതിങ്ങനെ.
“33 ശതമാനം സംവരണത്തിന്‍റെ ചര്‍ച്ച മൂത്ത് മുത്തശ്ശിയാകുന്ന കാലത്താണ്, ‘അതിഭീകര തുല്യതാപേജെന്നു’ ഞാന്‍ വിളിക്കണ നമ്മുടെ ‘ടൂ മച്ച് ഈക്വല്‍,’ പറഞ്ഞാല്‍ കേള്‍ക്കാത്ത ആളുകളോട് കേള്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ഒരു കൂട്ടം കാര്യങ്ങള്‍, ദിവസേനെ പറയുന്നത്! ആദ്യം ചിരി. പിന്നെ ചിന്ത. റൂട്ട് അടിപൊളിയാണ്. ലൈക്ക് കണ്ടാ തെരിയും! കരണത്ത് എത്ര വേണേലും അടിക്കാമെന്നേ, ഈ നാശം കൊതുകിന്‍റെ ഒരു കാര്യമെന്നൊരു ഡയലോഗ് കൂടി ഉണ്ടേല്‍ കലക്കി. കരണത്തിനും അടിക്കുന്ന കൈക്കും ഇല്ലാത്ത കൊതുകിനും വരെ കാര്യം വഴിയേ കിട്ടും. കരണത്തടി അടക്കം പോയി ചോദിച്ചു മേടിക്കാവുന്നതും കയ്യടിക്കാവുന്നതുമായി പലതുമുണ്ട് അതിഭീകര തുല്യതാപേജില്‍! കിടുവാണ്! ഹാറ്റ്‌സ് ഓഫ്!”