പാട്ടുകൾ പലപ്പോഴും ഓർമകളുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒന്നാണ്. ചില പാട്ടുകൾ കേൾക്കുമ്പോൾ പ്രിയപ്പെട്ടവരുമായുള്ള നിമിഷങ്ങളോ ഓർമകളോ ആയിരിക്കും മനസ്സിലേക്ക് ഓടിയെത്തുക. താൻ തന്നെ എഴുതിയ ഒരു പാട്ടിലെ വരികൾ ഉള്ളുപൊളിച്ച അനുഭവം പങ്കുവയ്ക്കുകയാണ് എഡിജിപി ടോമിന്‍ തച്ചങ്കരി. ഭാര്യ അനിതയുടെ വിലാപയാത്രയ്ക്കിടെ തന്റെ പാട്ട് കേൾക്കേണ്ടി വന്ന ആ നിമിഷം കണ്ണീരോടെയാണ് തച്ചങ്കരി ഓർത്തെടുത്തത്.

‘പോവുന്നെൻ ഞാനും എൻ ഗൃഹം തേടി’ എന്നു തുടങ്ങുന്ന ഗാനമാണ് എന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ച പാട്ടെന്ന് തച്ചങ്കരി പറയുന്നു. തച്ചങ്കരി തന്നെ എഴുതിയ ഈ ഭക്തിഗാനത്തിലെ ‘ദേഹമെന്ന വസ്ത്രമൂരി ഞാൻ, ആറടിമണ്ണിൻ താഴ്ത്തവേ…’ എന്നു തുടങ്ങുന്ന വരികൾ കേട്ടപ്പോൾ ആ വരികളിലൂടെ ഭാര്യ തന്നോട് സംസാരിക്കുന്നതുപോലെ തോന്നിയെന്ന് തച്ചങ്കരി ഓർക്കുന്നു.

2019 ആഗസ്തിലാണ് തച്ചങ്കരിയുടെ ഭാര്യ അനിത മരിക്കുന്നത്. ക്യാൻസറിനെ തുടർന്നായിരുന്നു അനിതയുടെ അന്ത്യം. സംഘർഷഭരിതമായ തന്റെ കരിയറും മാധ്യമങ്ങളിൽ വരുന്ന വാർത്തകളും അനിതയെ ഏറെ ഭയപ്പെടുത്തിയിരുന്നെന്നും തച്ചങ്കരി പറയുന്നു. അനാരോഗ്യകരമായ ജീവിതശൈലി കൊണ്ട് താനാദ്യം മരിക്കുമെന്നാണ് താനും അനിതയും കരുതിയിരുന്നതെന്നും എന്നാൽ 53-ാം വയസ്സിൽ അപ്രതീക്ഷിതമായി വിടപറയേണ്ടി വന്നത് അനിതയ്ക്ക് ആയിരുന്നുവെന്നും നിറകണ്ണുകളോടെ ടോമിൻ തച്ചങ്കരി പറയുന്നു.

ഭാര്യയുടെ മരണം തന്നെ മാറ്റിമറിച്ചെന്നും ജീവിതത്തില്‍ ഇപ്പോൾ മറ്റ് ലക്ഷ്യങ്ങൾ ഒന്നുമില്ലാതെയായെന്നും തച്ചങ്കരി പറഞ്ഞു. മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു തച്ചങ്കരി. 2006ല്‍ തച്ചങ്കരിയുടെ ഭാര്യ അനിത തമ്പിയുടെ പേരിലുളള വൈറ്റില, തമ്മനം റോഡിലെ റിയാന്‍ ഡിജിറ്റല്‍ സ്റ്റുഡിയോയില്‍ നിന്ന് വ്യാജ സിഡികളുടെ വന്‍ശേഖരം പിടികൂടിയതോടെയാണ് വിവാദവാർത്തകളിൽ തച്ചങ്കരി നിറഞ്ഞത്. ആന്റി പൈറസി നോഡല്‍ ഓഫിസറായിരുന്ന ഋഷിരാജ് സിംഗായിരുന്നു ഇതിന് നേതൃത്വം നല്‍കിയത്.

Read more: എഡിജിപി ടോമിന്‍ തച്ചങ്കരിയുടെ ഭാര്യ നിര്യാതയായി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook