ചാറ്റ്ജിപിടി പോലുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സോഫ്‌റ്റ്‌വെയറുകൾ ഉപന്യാസങ്ങൾ മുതൽ സങ്കീർണമായ കംപ്യൂട്ടർ കോഡ് എഴുതുന്നത് വരെയുള്ള കഴിവുകൾ പ്രകടിപ്പിച്ച് ഉപയോക്താക്കളെ വിസ്മയപ്പെടുത്തി കൊണ്ടിരിക്കുകയാണ്. തൊഴിലിടങ്ങളിൽനിന്നു എഐ മനുഷ്യരെ പുറന്തള്ളുമോയെന്ന ഭയം വലിയ തോതിൽ ഉയരുമ്പോൾ ജനപ്രിയ കാർട്ടൂൺ ‘ടോം ആൻഡ് ജെറി’യുടെ ഒരു പഴയ ക്ലിപ്പ് ഇന്റർനെറ്റിൽ പ്രചരിക്കുന്നു. ഇതിൽ, പൂച്ചയായ ടോമിന് പകരം റോബോട്ടിക്ക് പൂച്ച എത്തുന്നതും അത് എലിയായ ജെറിയെ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതും കാണാം.
ഐ എ എസ് ഓഫീസർ സുപ്രിയ സാഹു ട്വിറ്ററിൽ പങ്കുവെച്ച ക്ലിപ്പിൽ, ടോമിന്റെ ഉടമ റോബോട്ടിക് പൂച്ചയെ സ്വീകരിക്കുന്നു. “മെക്കാനോ – നാളത്തെ പൂച്ച- തീറ്റ വേണ്ട, ബഹളമില്ല, രോമങ്ങൾ വൃത്തിയാക്കേണ്ട, കാര്യക്ഷമമായി ആശ്രയിക്കാവുന്നത്” എന്നാണ് ക്ലിപ്പിൽ കാണിക്കുന്നത്.
വീട്ടുടമ ടോമിനെ വിളിക്കുകയും എലിപിടുത്തക്കാരനായി, അവന്റെ ജോലി മാറ്റിസ്ഥാപിക്കുന്ന റോബോട്ടിക് പൂച്ചയെ കാണിക്കുകയും ചെയ്യുന്നു. സ്ത്രീ മെക്കാനോയെ സ്വിച്ച് ഓൺ ചെയ്യുകയും റോബോട്ടിക് പൂച്ച ജെറിയെ കാര്യക്ഷമമായി പിടികൂടുകയും വീട്ടിൽ നിന്ന് പുറത്താക്കുകയും ചെയ്യുന്നു. നിരാശനായ ടോം തന്റെ ബാഗുമായി വീട് വിട്ടു.
60 വർഷം മുൻപ്, മെഷീനുകളും കൃത്രിമബുദ്ധികളും കാരണം ആദ്യം ജോലി നഷ്ടപ്പെട്ടത് ടോമിനായിരുന്നു. ട്വിറ്ററിൽ ഈ ക്ലിപ്പ് എഴുപത്തിനായിരത്തിലധികം വ്യൂസ് നേടിയിട്ടുണ്ട്. ഇന്റനെറ്റ് ഉപയോക്താക്കൾ ഈ പ്രവചനത്തെക്കുറിച്ചുള്ള അവരുടെ ചിന്തകൾ പങ്കുവെച്ചു. “കൊള്ളാം! അരനൂറ്റാണ്ട് മുമ്പ് ഫ്രെഡ് ക്വിംബി ടീം അത് ശരിക്കും പ്രവചിച്ചു,” എന്ന് ഒരു ഉപയോക്താവ് കമന്റ് ചെയ്തു. “പല എഴുത്തുകാരും കവികളും ഭാവി പ്രവചിക്കുന്നു, വളരെ നന്നായി,” മറ്റൊരു ഉപയോക്താവ് എഴുതി. “ഇപ്പോൾ…ഇത് ടോമിന്റെ ഊഴമല്ല, മനുഷ്യന്റെ ഊഴമാണ്,” എന്ന് മൂന്നാമതൊരാൾ അഭിപ്രായപ്പെട്ടു.