സിനിമയ്ക്ക് മുൻപുള്ള ആരോഗ്യമന്ത്രാലയത്തിന്റെ പരസ്യം ഓർക്കുന്നില്ലേ? “ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്.. പക്ഷേ വലിയ വില കൊടുക്കേണ്ടി വന്നാലോ.. പുകവലിക്ക് വലിയ കൊടുക്കേണ്ടി വരും..” അതേ, ഇത് തന്നെ. ആ പരസ്യത്തിൽ പുകവലിക്കുന്ന അച്ഛന്റെ മുഖത്തേക്ക് നിഷ്കളങ്കമായി നോക്കുന്ന പെൺകുട്ടിയെ ആരും അങ്ങനെ മറക്കാൻ ഇടയില്ല. ആ കൊച്ചു സുന്ദരി വളർന്ന് ഇന്ന് വലിയ നായികയായിരിക്കുകയാണ്.
സിമ്രാൻ നട്ടേക്കർ എന്നാണ് ഈ ഇരുപത്തിമൂന്നുകാരിയുടെ പേര്. ഏഴ് വയസുള്ളപ്പോഴാണ് സിമ്രാൻ കേന്ദ്ര പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പുകവലി വിരുദ്ധ പരസ്യത്തിൽ അഭിനയിച്ചത്. ഇതിനോടകം 150ൽ അധികം പരസ്യ ചിത്രങ്ങളിൽ അഭിനയിച്ച സിമ്രാന്റെ പുതിയ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

പരസ്യങ്ങൾക്ക് പുറമെ ബോളിവുഡിൽ ചില ചിത്രങ്ങളിലും പത്തിലധികം സീരിയലുകളിലും താരം ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് സിമ്രാൻ. പുതിയ ചിത്രങ്ങൾ എപ്പോഴും ആരാധരുമായി പങ്കുവെക്കാറുള്ള സിമ്രാന് ഇന്ന് ഇൻസ്റ്റാഗ്രാമിൽ മാത്രം രണ്ട് ലക്ഷത്തിൽ അധികം ഫോളോവെഴ്സ് ഉണ്ട്.