ടിക് ടോക്കില്‍ വീഡിയോ അപ്‌ലോഡ് ചെയ്തതിന് പരിഹാസത്തിന് ഇരയായ നീതു എന്ന പെണ്‍കുട്ടി പ്രതികരണവുമായി രംഗത്ത്. തന്റെ ജീവിതത്തില്‍ ഏറ്റവും സന്തോഷകരമായ ദിവസമാണ് ഇതെന്ന് നീതു പറഞ്ഞു. പരിഹാസത്തിന് പിന്നാലെ ടിക് ടോക്കില്‍ അവസാനത്തെ വീഡിയോ ചെയ്തപ്പോള്‍ തനിക്ക് മികച്ച പിന്തുണയാണ് ലഭിച്ചതെന്ന് നീതു പറഞ്ഞു. പിന്തുണച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ നീതു ഇനിയും വീഡിയോ തയ്യാറാക്കുമെന്നും വ്യക്തമാക്കി.

ഹ്രസ്വചിത്ര സംവിധായകനും ചാനല്‍ ഷോകളുടെ കോര്‍ഡിനേറ്ററും കൂടിയായ ആര്യന്‍ നിഷാദിനും നീതു പ്രത്യേകം നന്ദി പറഞ്ഞു. നിഷാദ് കഴിഞ്ഞ ദിവസം നീതുവിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

‘രണ്ടു ദിവസമായി ഒരു പെണ്‍കുട്ടി പങ്കുവച്ച ടിക് ടോക് വീഡിയോയെ രൂക്ഷമായി പരിഹസിച്ച് ഒട്ടേറെ പേരാണ് സമൂഹ മാധ്യമത്തില്‍ കമന്റ് ചെയ്തത്. ഒരു തമിഴ് ഗാനത്തിനൊത്ത് കരയുന്ന വീഡിയോയാണ് കുട്ടി പങ്കുവച്ചത്. കണ്ണീരൊഴുകുമ്പോഴും ആ കുട്ടിയെ പരിഹസിക്കുകയായിരുന്നു ചിലര്‍ ചെയ്തത്. ഇവര്‍ ആ കുട്ടിയുടെ പ്രകടനം ആണ് വിലയിരുത്തുന്നതെങ്കില്‍ വെറും 13 സെക്കന്റ് മാത്രമുള്ള വീഡിയോട് ആ കുട്ടി നൂറ് ശതമാനം നീതി കാണിച്ചിട്ടുണ്ട്. പിന്നെ സൗന്ദര്യമാണ് നിങ്ങളുടെ പ്രശ്‌നമെങ്കില്‍ അത് ഒരു അസുഖം വന്നാല്‍ തീരാവുന്നതേയുള്ളൂവെന്നും ആര്യന്‍ പറയുന്നു.

ഹ്രസ്വചിത്ര സംവിധായകനും ചാനല്‍ ഷോകളുടെ കോര്‍ഡിനേറ്ററും കൂടിയായ ആര്യന്‍ നിഷാദ് തന്നെ കൊണ്ട് കഴിയുന്ന അവസരങ്ങള്‍ പ്രാദേശിക ചാനലില്‍ ആ കുട്ടിക്ക് നല്‍കുമെന്ന് ഉറപ്പ് പറയുന്നു. ‘ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് കണ്ടിട്ട് ആ കുട്ടി ഇന്ന് എന്നെ വിളിച്ചിരുന്നു. സത്യത്തില്‍ ഫോണിലൂടെ കരയുകയായിരുന്നു അവള്‍. നീതു എന്നാണ് ആ കുട്ടിയുടെ പേര്. ഇന്ന് ആശുപത്രിയില്‍ പോകാന്‍ തയ്യാറായി ഇരുന്നതാണ്. ആളുകളുടെ കളിയാക്കലും നോക്കിയുള്ള ചിരിയും സഹിക്കാന്‍ പറ്റുന്നില്ല സാറെ. അതുകൊണ്ട് പുറത്തിറങ്ങിയില്ലെന്നും നീതു പറഞ്ഞതായും ആര്യന്‍ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook