ഗ്രാമപ്രദേശങ്ങളിൽ ശല്യക്കാരനായ പുള്ളിപ്പുലിയെ വനത്തിലേക്ക് തുറന്നുവിടുന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ചിത്രം അടുത്തിടെ ഏറെ ശ്രദ്ധ നേടിയിരുന്നു. പ്രമുഖ ദിനപത്രങ്ങളുടെയെല്ലാം ആദ്യ പേജിൽ പ്രസിദ്ധീകരിച്ചു വന്ന ഈ ചിത്രം വായനക്കാരെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതാണ്. പുലിയുടെ മുൻഭാഗത്തു നിന്ന് ഇങ്ങനെയൊരു ചിത്രം എങ്ങനെ പകർത്തിയെന്നാണ് പലരും ആശ്ചര്യപ്പെടുന്നത്. ഒടുവിൽ ഇതാ, ആ ചിത്രം വന്ന വഴി വെളിപ്പെടുത്തുകയാണ് ഒരു മാധ്യമപ്രവർത്തകൻ.
കോയമ്പത്തൂർ മധുക്കര ഫോറസ്റ്റ് റേഞ്ചിലെ ഗ്രാമപ്രദേശങ്ങളിൽ ശല്യക്കാരനായ പുള്ളിപ്പുലിയെ സത്യമംഗലം കടുവസംരക്ഷണ കേന്ദ്രത്തിലെ തെങ്കുമറഹഡ വനത്തിലേക്കാണ് തുറന്നുവിട്ടത്. ‘ഈ പുലി ചിത്രം വന്ന വഴി’ എന്ന തലക്കെട്ടോടെ മാതൃഭൂമിയിലെ ഒരു മാധ്യമപ്രവർത്തകനാണ് ചിത്രങ്ങളും വീഡിയോയും പങ്കുവച്ചിരിക്കുന്നത്. തമിഴ്നാട് അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ എം.സെന്തിൽ കുമാറാണ് ഈ ചിത്രം പകർത്തിയത്.
വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക
കഴിഞ്ഞ 21 നു രാത്രിയിലാണു ഈ പുള്ളിപ്പുലി മധുക്കരയ്ക്ക് സമീപം പ്രത്യക്ഷപ്പെട്ടത്. പിന്നീട് ഒട്ടേറെ വളർത്തുമൃഗങ്ങളെ പുലി അകത്താക്കി. ശല്യം വർധിച്ചതോടെ നാട്ടുകാർ ഫാേറസ്റ്റ് ഉദ്യോഗസ്ഥരെ കാര്യം അറിയിച്ചു. പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥർ പുലിയെ കുരുക്കാൻ പദ്ധതിയിടുകയായിരുന്നു.