തിരഞ്ഞെടുപ്പ് കാലത്ത് പ്രചരണ പരിപാടികളില്‍ പാട്ടുകളും, പാരഡി പാട്ടുകളും ഇറങ്ങുന്ന കാഴ്ച കേരളം കാണാന്‍ തുടങ്ങിയിട്ട് കുറച്ച് കാലമായി. എന്നാല്‍ ജനപ്രതിനിധികളുടെ അനാസ്ഥയ്‌ക്കെതിരെ പാട്ടിലൂടെ പ്രതിഷേധിക്കുകയാണ് ഒരു നാട്.

ചാലിശേരി മുക്കൂട്ടയിലെ പ്രതിഷേധക്കാരാണ് തൃത്താല എംഎല്‍എ വി.ടി.ബല്‍റാമിനെതിരെ ക്രിയാത്മകമായൊരു പ്രതിഷേധരൂപവുമായി രംഗത്തെത്തിയിരിക്കുന്നത്. മുക്കൂട്ട എന്ന സ്ഥലത്ത് റോഡ് തകര്‍ന്നിട്ട് ഏറെ നാളായെങ്കിലും പ്രശ്‌നത്തിന് ഇതുവരെ പരിഹാരം കാണാന്‍ ജനപ്രതിനിധി തയ്യാറായിട്ടില്ല എന്നതാണ് പ്രതിഷേധത്തിന് കാരണം.

അതേസമയം, പ്രതിഷേധത്തെയും പ്രതിഷേധക്കാരുടെ ക്രിയാത്മകതയെയും കൈയ്യടിച്ച് സ്വാഗതം ചെയ്ത് എംഎല്‍എ വി.ടി.ബല്‍റാം തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

‘നല്ല കൗതുകകരമായ, ക്രിയാത്മകമായ പ്രതിഷേധരൂപമാണ് ഈ പാട്ട്. നല്ല സംഗീതവും. സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു. ചാലിശേരി മുക്കൂട്ടയിലെ ഈ പ്രതിഷേധക്കാരുടെ ക്രിയേറ്റിവിറ്റിയില്‍ അവരുടെ ജനപ്രതിനിധി എന്നനിലയില്‍ ഞാനും അഭിമാനിക്കുന്നു…’ എന്നു തുടങ്ങുന്നതാണ് ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

എന്നാല്‍ പ്രതിഷേധ ഗാനത്തിലെ ചില ആശയങ്ങളോടുള്ള തന്റെ വിയോജിപ്പും കുറിപ്പിലൂടെ ബല്‍റാം അറിയിച്ചു. ‘ലോകം നന്നാക്കണ്ട, രാജ്യം നന്നാക്കണ്ട, മുക്കൂട്ടയിലെ റോഡ് മാത്രം നന്നാക്കൂ എന്ന ആഹ്വാനം അരാഷ്ട്രീയതയുടേതാണ്. ലോകവും രാജ്യവുമൊക്കെ നന്നാക്കാനും നാശമാക്കാനുമൊക്കെ ഒറ്റക്ക് വിചാരിച്ചാല്‍ നടക്കുമെന്ന പ്രതീക്ഷയുണ്ടായിട്ടല്ല നമ്മളൊക്കെ ലോകകാര്യങ്ങളും രാജ്യകാര്യങ്ങളുമൊക്കെ താത്പര്യപൂര്‍വ്വം ശ്രദ്ധിക്കുന്നതും ചിലപ്പോഴെങ്കിലും അഭിപ്രായങ്ങള്‍ പറയുന്നതും. റോഡ് നന്നാവുന്നതിലുള്ള കാലതാമസമാണോ എഫ്ബിയിലെ അഭിപ്രായ പ്രകടനങ്ങളാണോ പ്രതിഷേധക്കാരിലെ ചിലരെയെങ്കിലും പ്രകോപിപ്പിക്കുന്നതെന്ന് മനസ്സിലാവുന്നില്ല.

നിയമസഭയിലെ പ്രവര്‍ത്തനമൊക്കെ വെറും ‘തൊള്ളപൊളിക്ക’ലായി ചിത്രീകരിക്കുന്നതും അത് പറയുന്നിടത്ത് ഒരു നായയുടെ കുര ശബ്ദമിശ്രണത്തിലൂടെ ചേര്‍ത്തതുമൊക്കെ ഉദ്ദേശ്യശുദ്ധിയേക്കുറിച്ച് ചില സംശയങ്ങളുയര്‍ത്തുന്നുണ്ടെന്ന് പറയാതിരിക്കാനാവില്ല. അവരോട് വിനയപൂര്‍വ്വം ഓര്‍മ്മപ്പെടുത്തട്ടെ, ഇന്ത്യയിലെ നിയമനിര്‍മ്മാണസഭകളില്‍ വച്ച് സാമാന്യം നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സഭയാണ് നമ്മുടേത്. നിയമസഭയിലെ ഇടപെടലെന്നത് അങ്ങനെ നായകളുടെ ഓരിയിടലല്ല, ഇതുപോലെ ജനകീയ പ്രശ്‌നങ്ങളുന്നയിക്കല്‍ക്കൂടിയാണ്. തൃത്താലയിലെ റോഡുകളുടെ കാര്യം അങ്ങനെ നിരവധി തവണ നിയമസഭയില്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ധൃതി കൂട്ടണ്ട, എല്ലാം അതിന്റേതായ സമയത്ത് നടക്കും എന്നാണ് ”എല്ലാം ശരിയാക്കുന്ന’ സര്‍ക്കാരിലെ മന്ത്രിയില്‍ നിന്ന് മറുപടിയായി കിട്ടിയത്.’

ബല്‍റാമിന്റെ പോസ്റ്റും പ്രതിഷേധഗാനവും സോഷ്യല്‍ മീഡിയ ഏറ്റുപിടിച്ചിരിക്കുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook