പല വേദികളിലും പാട്ടുപാടി സദസ്സിനെ കയ്യിലെടുത്തിട്ടുള്ള ആളാണ് തൃശ്ശൂർ ജില്ലാ കളക്ടർ ഹരിത വി കുമാർ. നവരാത്രി ആഘോഷത്തിനിടെ ശ്രീചക്ര രാജ സിംഹാസനേശ്വരി എന്നു തുടങ്ങുന്ന കീർത്തനം ആലപിക്കുന്ന കളക്ടറുടെ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ആദ്യ താളത്തിൽ അഗസ്ത്യാർ രചിച്ച ഈ കീർത്തനത്തിൽ മുഴുകിയാണ് കളക്ടറുടെ ആലാപനം.
സംഗീതത്തിൽ ഏറെ താൽപ്പര്യമുള്ള വ്യക്തിയാണ് തൃശൂർ ജില്ലാ കലക്ടറായ ഹരിത വി കുമാർ. മുൻപും ഹരിതയുടെ പാട്ട് വീഡിയോ ശ്രദ്ധ നേടിയിരുന്നു. ഗായിക സുജാത അതിഥിയായി എത്തിയ ഒരു വേദിയിൽ സുജാത തന്നെ ആലപിച്ച “ഒരു മുറൈ വന്ത് പാറായോ വാസലൈ നാടി വാരായോ ദറിസനം ഇൻറു താരായോ,” എന്ന മണിചിത്രത്താഴിലെ മനോഹരമായ ഗാനം ആലപിച്ചാണ് കലക്ടർ ഹരിത വി കുമാർ സദസ്സിനെ കയ്യിലെടുത്തത്.
ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ആദ്യ മലയാളി വനിതയാണ് ഹരിത വി കുമാർ. നെയ്യാറ്റിൻകര സ്വദേശിയായ ഹരിത സോഫ്റ്റ് വെയർ എൻജിനീയർ ജോലി ഉപേക്ഷിച്ചാണ് സിവിൽ സർവീസ് പരീക്ഷ എഴുതുന്നതും ഐഎഎസ് സ്വന്തമാക്കിയതും. സംഗീതം, നൃത്തം എന്നിവയിലൊക്കെ ഏറെ താൽപ്പര്യമുള്ള ഹരിത കർണാടക സംഗീതജ്ഞയും നല്ലൊരു ഭരതനാട്യ നർത്തകിയുമാണ്.