തൃശൂർ: വീട്ടിലെത്തിയ അപ്രതീക്ഷിത അതിഥിയെ കണ്ട് ഞെട്ടിയിരിക്കുകയാണ് സാബുവും കുടുംബവും. അതിരാവിലെ എഴുന്നേറ്റ് വാതിൽ തുറന്നപ്പോൾ വരാന്തയിൽ ഒരു ചീങ്കണ്ണി. തൃശൂർ അതിരപ്പള്ളി തച്ചേത്ത് കുടുംബത്തിൽ സാബുവിന്റെ വീട്ടിലാണ് ഒരു ഭീമൻ ചീങ്കണ്ണിയെത്തിയത്.
പുലർച്ചെ രണ്ടു മണി മുതൽ വീടിന്റെ വരാന്തയിൽ തട്ടലുംമുട്ടലും കേട്ടാണ് അഞ്ചരയോടെ സാബുവിന്റെ ഭാര്യ വാതിൽ തുറന്നു നോക്കിയത്. വാതിൽ തുറന്നതും വരാന്തയിൽ കിടക്കുന്ന ചീങ്കണ്ണിയെയാണ് സാബുവും കുടുംബവും കണ്ടത്. അതിരപ്പള്ളി പുഴയുടെ സമീപമാണ് സാബുവിന്റെ വീട്. രാത്രി പുഴയിൽ നിന്ന് കയറിവന്നതാകാനാണ് സാധ്യത.
ചീങ്കണ്ണിയെ കണ്ട് ഭയന്ന് ഭർത്താവിനെയും മറ്റും വിളിച്ചുണർത്തി അതിനെ ഓടിച്ചുവിടാൻ സാബുവിന്റെ ഭാര്യയടക്കം ശ്രമിച്ചു. ചീങ്കണ്ണിയെ കണ്ടതും വീട്ടുകാർ ഭയപ്പെട്ട് വാതിൽ അടയ്ക്കുകയായിരുന്നു. പലതവണ വീട്ടുകാർ ചേർന്ന് ചീങ്കണ്ണിയെ പുറത്തേക്ക് ആക്കാൻ ശ്രമിച്ചു. എന്നാൽ, പരിശ്രമം ഫലം കണ്ടില്ല. ഇതിനിടയിൽ വരാന്തയിൽ കിടക്കുന്ന സെറ്റിയുടെ അടിയിലേക്ക് ചീങ്കണ്ണി പതുങ്ങി. ഇതിനിടയിൽ നാട്ടുകാരെല്ലാം ഓടിക്കൂടി. വനംവകുപ്പിനെയും കാര്യം അറിയിച്ചു.
Read Also: അവസാനചിത്രത്തിലും നിറഞ്ഞ ചിരി; ചിത്രയുടെ മരണം വിശ്വസിക്കാനാവാതെ ആരാധകര്
വീട്ടിലുണ്ടായിരുന്ന പൈപ്പുകൾ ഉപയോഗിച്ച് ചീങ്കണ്ണിയെ കുത്തി പുറത്തു ചാടിക്കാൻ നാട്ടുകാരും ശ്രമിച്ചു. നടക്കാതെ വന്നതോടെ തീപ്പന്തമുണ്ടാക്കി പേടിപ്പിച്ചാണ് വീടിനു പുറത്തെത്തിച്ചത്. കുറച്ചു ദൂരം ഓടി തളർന്നു കിടന്ന ചീങ്കണ്ണിയെ നാട്ടുകാരുടെ സഹായത്തോടെ വനംവകുപ്പ് ഉദ്യോഗസ്ഥർ കയറുപയോഗിച്ച് കെട്ടിയശേഷം എടുത്ത് അതിരപ്പള്ളി വെള്ളച്ചാട്ടത്തിനു താഴെ തുറന്നു വിട്ടു. രാവിലെ ആറുമണി മുതൽ മുതൽ എട്ടരവരെ നീണ്ട രക്ഷാ പ്രവർത്തനത്തിനു ശേഷമാണ് ചീങ്കണ്ണിയെ തുറന്നുവിടാനായത്.
അപകട സാധ്യതയുള്ളതിനാൽ ആളുകൾ പുഴയിൽ കുളിക്കാൻ ഇറങ്ങരുതെന്ന് നിർദേശമുണ്ട്. വിനോദ സഞ്ചാരികളായി എത്തുന്നവർ വെള്ളച്ചാട്ടത്തിനു താഴെയുള്ള പ്രദേശത്ത് കുളിക്കാനിറങ്ങുന്നത് പതിവാണ്. ചീങ്കണ്ണി ശല്യം ഉള്ളതിനാൽ ഈ പ്രദേശങ്ങളിൽ കുളിക്കാനിറങ്ങുന്നത് അപകടകരമാണെന്ന് പ്രദേശവാസികൾ മുന്നറിയിപ്പ് നൽകുന്നുണ്ട്. വെള്ളച്ചാട്ടത്തിനു താഴെയുള്ള പ്രദേശം ചീങ്കണ്ണികളുടെ ആവാസമേഖലയാണ്.