മൂന്ന് തലമുറകള്‍ ഒന്നിച്ചണിചേര്‍ന്ന മെറ്റേർണിറ്റി ഫൊട്ടോഷൂട്ട്, കേള്‍ക്കുമ്പോള്‍ കൗതുകവും കാണുമ്പോള്‍ മനസും നിറയ്ക്കുന്ന ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. ഫൊട്ടോഗ്രാഫറായ ജിബിന്‍ ജോയിയും പങ്കാളി ചിഞ്ചു പി.എസുമാണ് തങ്ങളുടെ മാതാപിതാക്കളേയും മുത്തച്ഛനേയും മുത്തശിയേയുമെല്ലാം ഒപ്പം കൂട്ടി മെറ്റേർണിറ്റി ഫൊട്ടോഷൂട്ട് ചിത്രീകരിച്ചിരിക്കുന്നത്. ഇടുക്കി വാഗമണ്ണില്‍ വച്ചാണ് ഫൊട്ടോഷൂട്ട് നടന്നത്.
87-കാരനായ മുത്തച്ഛന്‍ 80-കാരിയായ ചിന്നമ്മയുടെ നെറ്റിയില്‍ വാത്സല്യത്തോടെ ചുംബിച്ചപ്പോള്‍ മറ്റ് മൂന്ന് ദമ്പതികളേയും പിന്നണിയില്‍ കാണാം. ചട്ടയും മുണ്ടും ധരിച്ച് ഒരു ഗര്‍ഭിണിയെ പോലെ തന്റെ വയറിനെ ചിന്നമ്മ തലോടുന്നുമുണ്ട്. ജിബിന്റേയും ചിഞ്ചുവിന്റേയും മാതാപിതാക്കളായ ജോയ് ജോര്‍ജ്, ത്രേസ്യാമ്മ ജോയ്, സാബു പിടി സുജാത സാബു എന്നിവരും ചിന്നമ്മയുടേയും ഭര്‍ത്താവിന്റേയും സ്നേഹ നിമിഷങ്ങള്‍ ആവര്‍ത്തിക്കുന്നതായാണ് കാണാന്‍ കഴിയുന്നത്.
മെറ്റേർണിറ്റി ഫൊട്ടോഷൂട്ടിനായി നിരവധി ആശയങ്ങള്‍ ആലോചിച്ചിരുന്നതായും രോമാഞ്ചം എന്ന സിനിമയിലെ പാട്ട് കേട്ട് ചിഞ്ചുവിനോടൊപ്പം യാത്ര ചെയ്യുമ്പോഴാണ് ഇത്തരമൊരു ആശയത്തിലേക്ക് എത്തിയതെന്ന് ജിബിന്‍ പറയുന്നു. വസ്ത്രങ്ങളില്‍ പോലും തലമുറമാറ്റം എത്തിക്കാന്‍ ജിതിനായി എന്നതാണ് വീഡിയോയിലേക്ക് ആകര്‍ഷിക്കുന്ന മറ്റൊരു ഘടകം.
വീഡിയോയ്ക്ക് ലഭിച്ച സ്വീകാര്യതയില്‍ സന്തോഷവതിയാണ് ഒന്‍പത് മാസം ഗര്‍ഭിണിയായ ചിഞ്ചു. ജിബിന്‍ താനുമായി നിരവധി ആശയങ്ങള്‍ പങ്കുവച്ചെന്നും ഒടുവില്‍ ഈ ആശയത്തില്‍ ഉറച്ച് ചിത്രീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നെന്നും ചിഞ്ചു കൂട്ടിച്ചേര്‍ത്തു.