മാതൃദിനത്തിൽ അമ്മമാർക്ക് അനവധി സമ്മാനങ്ങൾ മക്കൾ നൽകാറുണ്ട്. വില കൂടിയ സമ്മാനകൾ നൽകുന്നതിനു പകരം ഒരു വേറിട്ട പ്ലാൻ മക്കൾക്കു പറഞ്ഞു കൊടുത്തിരിക്കുകയാണ് പഞ്ചാബ് സ്വദേശിയായ ഈ അമ്മ. വീട്ടിലെ ജോലികളെല്ലാം തന്നോടൊപ്പം ചെയ്ത്, സോഷ്യൽ മീഡിയ ഉപയോഗിക്കാതെയുമിരുന്ന് തന്നെ സന്തോഷവതിയാക്കുക എന്നായിരുന്നു അമ്മയുടെ നിർദ്ദേശം. ഈ അമ്മയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
സോണിയ കത്രി എന്ന പ്രൊഫൈലിൽ നിന്നാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ‘മറ്റുള്ളവരെ പൊട്ടിച്ചിരിപ്പിക്കാനും അണിയിച്ചൊരുക്കാനും ഇഷ്ടപ്പെടുന്ന ഒരു പഞ്ചാബി അമ്മ’ എന്നാണ് ഇവരുടെ ഇൻസ്റ്റഗ്രാം ബയോയിലെ കുറിപ്പ്. ക്യാമറയ്ക്ക് മുൻപിൽ നിന്ന് സംസാരിക്കുന്ന വനിതയെ വീഡിയോയിൽ കാണാം. എനിക്ക് ഗൂച്ചിയോ പ്രാടയോയൊന്നും വേണ്ടെന്നാണ് അവർ പറയുന്നത്.
ഉച്ചയ്ക്ക് എഴുന്നേറ്റു വരുന്നതിനു പകരം ആറു മണിക്ക് ഉറക്കമുണർന്ന് എന്നെ സന്തോഷിപ്പിക്കൂ എന്നാണവർ വീഡിയോയിൽ പറയുന്നത്. കുളി കഴിഞ്ഞ് പ്രാർത്ഥിച്ച ശേഷം വീട്ടുജോലികളിൽ മുഴുകണമെന്നും അമ്മ കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയയിൽ സമയം ചെലവഴിക്കാതിരിക്കുന്നതിനൊപ്പം ഒരാഴ്ച്ച ഭക്ഷണം പുറത്തു നിന്ന് ഓർഡർ ചെയ്യരുതെന്നും അവർ പറയുന്നുണ്ട്.
“നിങ്ങളുടെ മക്കളെ വീഡിയോയ്ക്ക് താഴെ ടാഗ് ചെയ്യൂ. ചിലപ്പോൾ അവർ ബഹളമുണ്ടാക്കുമായിരിക്കും പക്ഷെ നമ്മൾ അമ്മമാർക്ക് ഇതു തന്നെയല്ലേ വേണ്ടത്. ഞാൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടോ?” എന്നാണ് വീഡിയോയ്ക്ക് താഴെയുള്ള അടികുറിപ്പ്.
അനവധി പേർ അമ്മയുടെ ഡിമാന്റുകൾ അംഗീകരിക്കുന്നുണ്ട്. ശരിയാണ് സഹോദരി, നിങ്ങളുടെ കുട്ടികൾക്ക് കൂടുതൽ പാഠങ്ങൾ പറഞ്ഞു കൊടുക്കൂ, കുട്ടികൾക്കൊപ്പമുള്ള നിങ്ങളുടെ സംസാരം ഇഷ്ടപ്പെട്ടു, ഇതാണ് എറ്റവും മികച്ച സമ്മാനം തുടങ്ങിയ കമന്റുകളും വീഡിയോയ്ക്ക് താഴെ നിറയുന്നുണ്ട്.