ഇസ്ലാമാബാദ്: വളരെ ചുരുക്കം ചിലര്‍ മാത്രമാണ് തങ്ങളുടെ വിവാഹം ലളിതമായ രീതിയില്‍ നടത്താന്‍ ആഗ്രഹിക്കാറുളളത്. പലപ്പോഴും വിവാഹങ്ങള്‍ ലാവിഷ് ആഘോഷങ്ങളായാണ് നടത്താറുളളത്. ആഘോഷം അത്യാഡംഭരമാകുമ്പോള്‍ വിമര്‍ശിക്കപ്പെടാറുമുണ്ട്. ഹൈദരാബാദില്‍ നിന്നുളള ഒരു കുടുംബം വിരുന്ന് വന്നവര്‍ക്കായി ‘സ്വര്‍ണച്ചോറ്’ വിളമ്പിയത് ഓര്‍ക്കുന്നുണ്ടോ? കഴിഞ്ഞ ഒക്ടോബറില്‍ നടന്ന വിവാഹത്തിനിടെയായിരുന്നു. സ്വര്‍ണച്ചോറ് എന്ന് പറഞ്ഞാല്‍ സ്വര്‍ണം കൊണ്ട് ഉണ്ടാക്കിയ അരികൊണ്ടുളള ചോറല്ല. ചൂട് ചോറിന് മുകളില്‍ 24 കാരറ്റ് സ്വര്‍ണത്തിന്റെ നേര്‍ത്ത ഇല വെച്ചാണ് അന്ന് ചോറ് വിളമ്പിയത്. എന്നാല്‍ പാക്കിസ്ഥാനില്‍ നിന്നും മറ്റൊരു സ്വര്‍ണവിവാഹമാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം.

വിവാഹത്തിന് സ്വര്‍ണമണിയുന്ന കാര്യത്തില്‍ മണവാട്ടിയെ വെല്ലാന്‍ ആരുമില്ലെന്ന് കരുതിയപ്പോഴാണ് ഇദ്ദേഹത്തിന്റെ മാസ് എന്‍ട്രി. പാക്കിസ്ഥാനില്‍ നിന്നുളള മണവാളനാണ് 25 ലക്ഷം രൂപയുടെ സ്വര്‍മണിഞ്ഞ് പതിവുരീതി തിരുത്തിയെഴുതിയത്. ലാഹോറില്‍ നിന്നുളള വരന്‍ വിവാഹ സത്കാരത്തിനായി 63,000 രൂപയുടെ സുവര്‍ണ സ്യൂട്ടാണ് അണിഞ്ഞത്.

ഇതിനൊപ്പം 16,000 രൂപയുടെ സ്ഫടികവും ചേര്‍ത്തിട്ടുണ്ട്. കൂടാതെ ഇതിനൊപ്പം തിളങ്ങുന്ന ഒരു സ്വര്‍ ടൈ കൂടി കിടക്കട്ടേയെന്ന് മണവാളന്‍ തീരുമാനിക്കുകയും ചെയ്തു. അതിനായി പാക് കറന്‍സി 5 ലക്ഷത്തോളം രൂപയാണ് ചെലവായതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതുകൊണ്ടൊന്നും തീര്‍ന്നില്ല മണവാളന്റെ സ്വര്‍ണപ്രേമം. തന്റെ വസ്ത്രത്തിന് ചേര്‍ന്ന പാദുകം തന്നെയാണ് അദ്ദേഹം ധരിച്ചതും.

17 ലക്ഷം രൂപയുടെ സ്വര്‍ണ ഷൂവാണ് അദ്ദേഹം കാലില്‍ ധരിച്ചത്. വലന്‍സിയ നഗരത്തില്‍ നിന്നുളള ബിസിനസുകാരനായ ഹാഫിസ് സല്‍മാന്‍ ഷാഹിദാണ് വരനെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ഹൈദരാബാദില്‍ സ്വര്‍ണച്ചോറ് വിളമ്പിയതിന്റെ വീഡിയോ അന്ന് വൈറലായി മാറിയിരുന്നു. ഹൈദരാബാദില്‍ നിന്നുളള കാറ്റററായ വി സായി രാധാകൃഷ്ണയായിരുന്നു അന്ന് ഭക്ഷണം ഒരുക്കിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ