തലമുറകൾക്ക് കഴിയാനുള്ള സന്പത്തും സമൂഹത്തിൽ മികച്ച സ്ഥാനവും നേടിയെടുത്തിട്ടും സാധാരണക്കാരനെ പോലെ ജീവിക്കുകയും പെരുമാറുകയും ചെയ്യുന്ന ഒരാളെ നിങ്ങൾക്കറിയാമോ? മുംബൈ നിവാസിയായ സുമീത് നഗ്ദേവിന് ഇന്ന് അങ്ങനെ ഒരാളെ അറിയാം. മറ്റാരുമല്ല, വ്യവസായ പ്രമുഖനും മനുഷ്യസ്നേഹിയുമായ രത്തൻ ടാറ്റയാണത്. രത്തൻ ടാറ്റയുമായുള്ള തന്റെ കൂടിക്കാഴ്ച വിവാരിച്ചു കൊണ്ടുള്ള സുമീതിന്റെ പോസ്റ്റാണിപ്പോൾ വൈറലായിരിക്കുന്നത്.

നേതൃപാടവത്തെ കുറിച്ചുള്ള 50 സെക്കന്റുള്ള ഒരു പുസ്തകം ഞാൻ വായിച്ചു എന്ന് പറഞ്ഞുകൊണ്ടാണ് സുമീതിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. 50 സെക്കന്റ് സമയം താൻ രത്തൻ ടാറ്റയെ നിരീക്ഷിച്ചതും അത് എങ്ങനെയാണ് തന്നെ ആകർഷിച്ചതെന്നും പോസ്റ്റിൽ വിവരിക്കുന്നു. മുംബൈയിലെ കൊളാബയിലെ ടാജ് മഹൽ ഹോട്ടലിന്റെ റിസപ്ഷനിൽ വെച്ചാണ് ഇയാൾ ടാറ്റയെ കാണുന്നത്. രത്തൻ ടാറ്റയ്ക്ക് വിഐപി സംസ്കാരത്തിനോടുള്ള അവജ്ഞയും അദ്ദേഹത്തിന്റെ സാധാരണ ജീവിതവുമാണ് പോസ്റ്റിൽ വിവരിക്കുന്നത്.

സുമീത് നഗ്ദേവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം:

”കഴിഞ്ഞ ദിവസം നേതൃപപാടവത്തെ സംബന്ധിച്ച 50 സെക്കന്റ് ദൈർഘ്യമുള്ള ഒരു പുസ്തകം ഞാൻ വായിച്ചു! എന്റെ കന്പനിയുടെ ഒരു ആവശ്യം നിറവേറ്റിയതിന് ശേഷം ഞാൻ കൊളാബയിലെ ടാജ് മഹൽ ഹോട്ടലിന്റെ റിസപ്ഷനിൽ എന്റെ കാർ കാത്ത് നിൽക്കുകയായിരുന്നു. ഈ സമയത്ത് രണ്ട് മാനേജർമാർക്കൊപ്പം വന്ന മാന്യനായ ഒരു മനുഷ്യനെ നിരീക്ഷിക്കേണ്ട ആവശ്യകത എനിക്ക് ആദ്യം മനസിലായിരുന്നില്ല. അദ്ദേഹത്തെ മനസിലായപ്പോൾ ഫോണിൽ സംസാരിക്കുകയായിരുന്ന ഞാൻ പെട്ടെന്ന് എന്റെ ഹെഡ് ഫോൺ ചെവിയിൽ നിന്ന് ഊരി എന്റെ സുഹൃത്ത് നീരജിനോട് ആ മാന്യനോടൊപ്പം എന്റെ ഒരു ഫോട്ടോ എടുത്തു തരാൻ ആവശ്യപ്പെട്ടു. അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന കറുത്ത ജാക്കറ്റ് അണിഞ്ഞ സെക്യൂരിറ്റിക്കാരനോട് ഞാൻ ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ആവശ്യപ്പെട്ടു. എന്നാൽ ഞാൻ വൈകിപ്പോയിരിക്കുന്നു എന്നായിരുന്നു അവരുടെ മറുപടി. അപ്പോഴാണ് എനിക്ക് മനസിലാകുന്നത് അത് സെക്യൂരിറ്റി ജീവനക്കാരനല്ലെന്നും താജ് ഹോട്ടലിന്റെ ജനറൽ മാനേജർമാരായിരുന്നു എന്നും. അദ്ദേഹം ആവശ്യപ്പെടാതെയാണ് ഇവർ അദ്ദേഹത്തെ അനുഗമിക്കുന്നത്. രാത്രി 11 മണിയായിരുന്നു. അദ്ദേഹം ക്ഷീണത്തിലുമായിരുന്നു. അദ്ദേഹം മുൻവാതിൽ കാവൽക്കാരനോട് വളരെ മാന്യമായി സംസാരിക്കുകയും തന്റെ പാർക്കിങ്ങ് ടിക്കറ്റ് കൈമാറുകയും ചെയ്തു. അപ്പോഴാണ് ഞാൻ ചിന്തിച്ചത്, ഇദ്ദേഹത്തിന്റെ കാറും ഡ്രൈവറും എല്ലാം എവിടെ? അപ്പോൾ ഡ്രൈവർ ഒരു പഴയ ഹോണ്ട സിവിക് കാർ അവിടെ കൊണ്ട് വരുന്നത്. ഇദ്ദേഹം പതുക്കെ നടന്ന് ആ കാറിന്റെ ഡ്രൈവർ സീറ്റിൽ കയറി ഇരുന്നു. തന്റെ പോക്കറ്റിൽ നിന്ന് പെഴ്സ് എടുത്ത് അതിൽ നിന്നും വാലെ പാർക്കിങ്ങ് ഡ്രൈവർക്ക് നന്ദി പറഞ്ഞു കൊണ്ട് ടിപ് നൽകി. ഡ്രൈവർ അദ്ദേഹത്തിന് ഒരു പുഞ്ചിരി സമ്മാനിക്കുന്നു. താജ് ഹോട്ടലിലെ അന്തരീക്ഷം പഴയ രീതിയിലേക്ക് മടക്കി കൊണ്ട് അദ്ദേഹം വണ്ടിയോടിച്ച് പോയി. അടുത്തതായി വന്നത് എന്റെ കാറാണ്. ഞാൻ ഒരു യധാർത്ഥ നേതാവിനെ കണ്ടു എന്ന് എന്റെ മനസ് മന്ത്രിക്കുന്നുണ്ടായിരുന്നു. ഞാൻ എന്റെ വാലെ ഡ്രൈവറോട് ചോദിച്ചു, അദ്ദേഹം എപ്പോഴും ഇങ്ങനാണോ?

‘അദ്ദേഹം ഒരു അത്ഭുതമാണ് സാർ, എല്ലാവരുടേയും പോലെ വരിയിൽ നിന്നാണ് അദ്ദേഹത്തിന്റെയും കാർ പോവുക. പൊലീസ് അദ്ദേഹത്തെ കടത്തി വിടാൻശ്രമിച്ചാലും അദ്ദേഹം അത് നിരസിക്കും. എല്ലാവരുടേയും വാഹനം പരിശോധിക്കുന്നുണ്ടെങ്കിൽ തന്റെ വഹനവും പരിശോധിക്കണമെന്നതാണ് അദ്ദേഹത്തിന്റെ നിലപാട്.’ ഡ്രൈവർ പറഞ്ഞു.

ശരിയായ നേതൃത്വം അസാധാരണമായ കാര്യങ്ങൾ ചെയ്യുന്നതല്ല, സാധാരണ കാര്യങ്ങൾ അസാധാരണമായ രീതിയിൽ ചെയ്യുന്നതാണ്. അതായിരുന്നു ടാറ്റ ഗ്രൂപ്പിന്റെ മുൻ ചെയർമാനും താജ് ഹോട്ടലിന്റെ ഉടമയും സർവോപരി മനുഷ്യ സ്നേഹിയുമായ രത്തൻ ടാറ്റ.’

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ